30 November 2024, Saturday
KSFE Galaxy Chits Banner 2

ആ കുട്ടി മനുഷ്യവര്‍ഗത്തിന്റെ നാണക്കേട്

പി എ വാസുദേവൻ
കാഴ്ച
November 30, 2024 4:30 am

ഓമനത്തമുള്ള ഒരു ആണ്‍കുട്ടി തന്റെ ഉറ്റവരുടെ മൃതദേഹങ്ങള്‍ക്കടുത്തിരുന്നു. എങ്ങോട്ടോ നോക്കി കരയുന്നു. അതിസുന്ദരന്‍ കുട്ടി. ആരെനോക്കി കരയണമെന്ന് അവനറിയില്ല. കരഞ്ഞാല്‍ കരളലിയുന്ന ആരും ചുറ്റുമില്ല. എല്ലാവരും പോയി. അവന്‍ മാത്രമായി. ആ ദുരന്ത കലാപഭൂമിയില്‍ ആ കുട്ടി തനിച്ചായി. ഇനി ആര് പറഞ്ഞാലും കരഞ്ഞാലും കേള്‍ക്കുന്ന ലോകമല്ല. ഗാസയില്‍ ഇസ്രയേല്‍ ആക്രമണശേഷം ഒരു പത്രത്തില്‍ വന്ന ചിത്രമായിരുന്നു അത്. ഒരു നിമിഷം അവന്‍ പലസ്തീനിയല്ലാതായി. അവന്‍ എന്റെ പിന്‍തലമുറക്കാരനായ അനാഥക്കുട്ടിയായി. അവന്റെ ദുഃഖം എന്റേതായി. എന്റേത്, എന്തൊരു ഹീനജന്മമാണ്.
അവനെ രക്ഷിക്കാനോ അവനു വേണ്ടി ശബ്ദമുയര്‍ത്താനോ പറ്റാത്തൊരു ജീവി വര്‍ഗത്തിലെ നിസഹായ ജന്മമാണെന്റേതെന്നു തോന്നി. പലസ്തീന്‍, ഇസ്രയേല്‍, ഹമാസ്, ജൂതശക്തികള്‍ തുടങ്ങിയ വര്‍ഗീകരണങ്ങളെല്ലാം അപ്രസക്തമായൊരു നിമിഷത്തില്‍ ഞാന്‍ വേറെ ചിലതെന്തെക്കെയോ ഓര്‍ത്തുപോയി. ഞാനൊരു വെറും ഓര്‍മ്മ ജീവിയായി. 

എന്താണോര്‍ത്തത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍ നിന്ന് ഒരു രാവിലെ പലസ്തീനിലൂടെയും ഇസ്രയേലിലൂടെയും നടത്തിയ യാത്ര. ജോര്‍ദാന്‍ നദിയുടെ തീരം, യേശു ഗീതങ്ങളിലൂടെ മനസറിഞ്ഞ മനോഹര നദീതടം. പിന്നെ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ബാങ്ക്, അപ്പുറത്ത് ദൂരെ ഗാസ. അല്‍ബിന്‍ പാലം കടന്ന് നദി താണ്ടി, ഇസ്രയേലിലേക്കു കടക്കുമ്പോഴാണ് ഞാന്‍ മനുഷ്യന്റെ മനസിലെ വെറുപ്പും വൈരാഗ്യവുമറിഞ്ഞത്.
തലേന്ന് യേശുവിന്റെ ജന്മനാടായ ബത്‌ലഹേമില്‍ ഒരു രാത്രി കഴിച്ചശേഷം യേശുവിന്റെ ജീവിതത്തിന്റെ മറുഭാഗങ്ങള്‍ തേടി ജറുസലേമിലേക്കുള്ള യാത്രയായിരുന്നു. പലസ്തീനില്‍ നിന്നു വരുന്ന ഒരു ശത്രുവായാണ് ഗന്ധകമണമുള്ള തോക്കുമേന്തി വന്ന പട്ടാളം പരിശോധിച്ചത്. ആ നദിയും താഴ്‌‌വരകളും പുല്‍പ്പാടങ്ങളും സ്നേഹദൂതന്റെ ജന്മ ദൗത്യങ്ങളുമെല്ലാം അപ്രസക്തമാക്കുന്ന മനുഷ്യ നിഷ്ഠുരത. പിന്നെ ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ജറുസലേമിലെ സ്ഥലങ്ങളും നസ്രത്തും ഒറ്റുനടന്ന സ്ഥലവും കുരിശാരോഹണസ്ഥലവും കാല്‍വരിക്കുള്ള നടത്തവും ദൂരെ അക്കല്‍ദാമയുമെല്ലാം കണ്ടപ്പോഴും ആരംഭത്തിലെ ക്രൂരതയുടെ ഗന്ധം മാഞ്ഞുപോയിരുന്നില്ല. 

കുട്ടീ, നിന്നെ എനിക്കറിയില്ല. പക്ഷെ, ഇന്ന് അന്നത്തെ ദുഃഖം മുഴുവനും ഞാനറിയുന്നു. എന്റെ വര്‍ഗത്തിന്റെ ചുവന്നതാടിയുടെ അഴിഞ്ഞാട്ടവും. അന്നത്തെ യാത്രയിലെ ഗൈഡ് എന്നോടു പറഞ്ഞു “സര്‍ നിങ്ങളിനി എപ്പോഴെങ്കിലും ഇവിടെ വരാനിടയായാല്‍ ഇന്നീ കണ്ടവരില്‍ മിക്കവരും അന്നുണ്ടാവില്ല”. ആ കുട്ടിയുടെ മുഖവും ഗാസയിലെ ‘മുഴുപഷ്ണി‘യുടെ കരളലിയിക്കുന്ന വാര്‍ത്തയും ചേര്‍ത്തുവച്ചാണ് വായിച്ചത്. ഗാസയിലെ ബേക്കറികളടക്കം എല്ലാ ഭക്ഷണശാലകളും പൂട്ടിക്കൊണ്ടിരിക്കുന്നു. ഒരു പാക്കറ്റ് റൊട്ടിയുടെ വില 13 ഡോളറായി. മധ്യ തെക്കന്‍ ഗാസയിലെ മിക്ക കുടുംബങ്ങളും പട്ടിണിയിലാണ്. ഇന്ധനമില്ല, ആശുപത്രികള്‍ പൂട്ടാറായി, മരുന്നുകളില്ല, മുറിവേറ്റവര്‍ക്ക് ചികിത്സയില്ല, വെള്ളമില്ല. 

യുദ്ധത്തില്‍ പട്ടിണിയും ആയുധമാക്കിയതിന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ കേസും വാറണ്ട് പുറപ്പെടുവിച്ചു എന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ആര്‍ക്കുവേണം യുഎസിന്റെ പൊയ്‌വെടികള്‍. ഉക്രെയ്‌നിലും ഗാസയിലും ഒന്നും ചെയ്യാനാവാതെ പ്രസ്താവനകളിറക്കുന്ന യുഎന്‍. വെള്ളാനയെ ആര്‍ക്കു പേടി. വികെഎന്നിന്റെ ഭാഷയില്‍ ‘വെള്ളായണി അര്‍ജുനനെ ആര്‍ക്കാണ് പേടി’. ഇസ്രയേലിലേക്ക് ഹമാസും റോക്കറ്റുകള്‍ വിടുന്നുണ്ട്. അവിടെയും മരണമാണ് ഫലശ്രുതി. 

ആത്യന്തികമായി മനുഷ്യന് വേണ്ടതെന്താണ്. സുരക്ഷ, ഭക്ഷണം. അതാണവിടെ ഇല്ലാത്തതും. ഒരു റോക്കറ്റ് വീഴുന്നിടത്ത് മരണം മാത്രമല്ല, ഭൂമി, വിളവ്, കെട്ടിടങ്ങള്‍ എല്ലാം താറുമാറാവുന്നു. അതൊക്കെ വീണ്ടെടുക്കാന്‍ വര്‍ഷങ്ങള്‍ വേണം. ഗാസയില്‍ പുനരുദ്ധാരണം നടക്കാന്‍ പതിനാലു വര്‍ഷങ്ങളാണ് കണക്ക്. ഉക്രെയ്‌നില്‍ അതിലധികകാലം വേണ്ടിവരുമത്രെ. ആഗോള വിശപ്പ് സൂചിക പ്രകാരം 1916മുതലുള്ള വികസന പ്രവര്‍ത്തനങ്ങളൊന്നും ആഗോള പട്ടിണി കുറയ്ക്കാന്‍ സഹായിച്ചിട്ടില്ല. പ്രതിബദ്ധമായ രാഷ്ട്രീയ നീക്കങ്ങളുടെ അഭാവമാണിതിനു കാരണം. യുഎന്നിന്റെ ‘റൈറ്റ് ടു ആഡിക്വേറ്റ് ഫുഡ്’ എന്ന സന്ദേശത്തിന്റെ നിഷ്ഠുരമായ ലംഘനമാണവിടെ നടക്കുന്നത്. ഇതിനെതിരെ യുഎന്നോ ലോകരാഷ്ട്രങ്ങളോ പ്രസ്താവനകളിറക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല.
ഗാസ മുനമ്പിലെ 18ലക്ഷം ജനങ്ങള്‍ മുഴുപ്പട്ടിണിയിലാണ്. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. അങ്ങോട്ടുള്ള ഭക്ഷ്യവിതരണം ഇസ്രയേല്‍ പൂര്‍ണമായും തടഞ്ഞു. കഴിഞ്ഞ മാസം അവിടെയെത്തിയ ഭക്ഷ്യസാധനങ്ങള്‍ അത്യാവശ്യത്തിന്റെ അഞ്ചിലൊന്ന് പോലുമില്ലായിരുന്നു. പലസ്തീനികള്‍ക്ക് വരാവുന്ന ഭക്ഷ്യസാധനങ്ങളുടെ പാത ഇസ്രയേല്‍ പൂര്‍ണമായും തടഞ്ഞുവച്ചിരിക്കുന്നു. ലക്ഷക്കണക്കിന് കുട്ടികളാണ് ഇതു കാരണം മരിച്ചത്. ബോംബാക്രമണം, റോക്കറ്റ് എന്നിവ കാരണം മരിച്ചവരും മാരകമായി പരിക്കേറ്റവരും ഇനിയുമെത്രയോ. 

കഴിഞ്ഞ ഫെബ്രുവരിയില്‍ ഭക്ഷ്യസാധനങ്ങള്‍ കയറ്റിവന്ന ട്രക്കിനടുത്തേക്ക് പാഞ്ഞെത്തിയ വിശക്കുന്ന ആയിരങ്ങളെ ബോംബിട്ടു. ഏതാണ്ട് 700പേര്‍ മരിച്ചു, ആയിരങ്ങള്‍ക്ക് പരിക്കേറ്റു. അവരതിനിട്ട ഓമനപ്പേര്‍ ‘ഫ്ലവര്‍ മസാക്കര്‍’ (അപ്പമാവ് കൂട്ടക്കുരുതി) എന്നായിരുന്നു. ‘പട്ടിണിയുടെ ആയുധീകരണം’ എന്ന് വിളിക്കാവുന്ന ഈ നീചപ്പണി കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും അഗ്നിവര്‍ഷം ഇന്നും തുടരുകയാണ്. ഭക്ഷ്യമാവില്‍ മനുഷ്യരക്തം കുഴഞ്ഞുകിടന്ന കാഴ്ചപോലും നമ്മുടെ മനസിനെ അലിയിച്ചില്ലെന്നത് മനുഷ്യന്‍ എന്തൊരു ഭീകരജീവി എന്ന തോന്നലിലെത്തിക്കുന്നു. സുഡാനിലും ഇതേപോലുള്ള വിശപ്പും ക്രൂരതയുമാണ്. തീര്‍ന്നില്ല. കോംഗോ, ഹെയ്‌ത്തി, മാലി, സിറിയ എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. 

ഇന്ത്യയിലെ ഭക്ഷ്യ അരക്ഷിതത്വവും ഗൗരവമേറിയതാണ്. ഏതാണ്ട് 55ശതമാനം ജനങ്ങള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. അമര്‍ത്യ സെന്നും ഴാങ്ങ് ദ്രീസും എഴുതിയ ഡെമോക്രസി ആന്റ് പബ്ലിക് ആക്ഷന്‍ എന്ന ഗ്രന്ഥത്തില്‍ കൂടുതല്‍ ശക്തമായ ജനാധിപത്യ പൊതുപ്രവര്‍ത്തനമാണ് ലോക പട്ടിണിക്ക് പോംവഴിയെന്ന് ഊന്നിപറയുന്നു. 

ഇതൊക്കെ പറയുമ്പോഴും പത്രത്തില്‍ കണ്ട ആ കുട്ടിയുടെ വിഹ്വലതയും ദൈന്യവും എന്നെ വേട്ടയാടുന്നു. വേണ്ടവരൊക്കെ പോയി. ഇനി ആരുണ്ട്. എവിടേക്ക് തിരിച്ചുചെല്ലും. വിശന്നാല്‍ വാരിക്കൊടുക്കുന്ന കൈകളില്ല. ആ കുട്ടി മനുഷ്യവര്‍ഗത്തിന്റെ മുഖമാവുന്ന ദിവസമേ ഇതൊക്കെ തീരൂ. ആ കുട്ടിയുടെ പേരെനിക്കറിയില്ല. ഒന്നറിയാം അവനെന്റെ ചോരയാണ്. എന്റെ ദുഃഖമാണ്. ‘പേരറിയാത്തൊരു പെണ്‍കിടാവേ’ എന്ന ഒഎന്‍വിയുടെ കവിതയാണ് ഓര്‍മ്മവരുന്നത്.

അനാഥനായൊരു കുട്ടി മനുഷ്യവര്‍ഗത്തിന്റെ നാണക്കേടാണ്. 

TOP NEWS

November 30, 2024
November 29, 2024
November 29, 2024
November 29, 2024
November 29, 2024
November 29, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.