
1969ലെ ചാന്ദ്ര ദൗത്യത്തെക്കുറിച്ച് നടിയും റിയാലിറ്റി ഷോ താരവുമായ കിം കർദാഷിയാൻ സംശയം പ്രകടിപ്പിച്ചതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘ദി കർദാഷിയാൻസ്’ എന്ന ഷോയുടെ കഴിഞ്ഞദിവസം പുറത്തുവന്ന എപ്പിസോഡിലാണ് കിം മനുഷ്യരാശിയുടെ മഹത്തായ നേട്ടങ്ങളിലൊന്നിനെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ചത്. പിന്നാലെ ഈ വിഷയത്തിൽ നാസ ഉദ്യോഗസ്ഥർ പ്രതികരിക്കുകയും ചാന്ദ്ര ദൗത്യങ്ങളുടെ ആധികാരികത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.നടൻ സാറാ പോൾസണുമായുള്ള സംഭാഷണത്തിനിടയിലാണ് കിം തന്റെ സംശയങ്ങൾ പങ്കുവെച്ചത്. വൈറലായ ചില വീഡിയോകളെ മുൻനിർത്തിയാണ് അവർ 69‑ലെ ചാന്ദ്രദൗത്യത്തെക്കുറിച്ച് സംസാരിച്ചത്. പറക്കുന്ന പതാക, പൊരുത്തമില്ലാത്ത കാൽപ്പാടുകൾ, നക്ഷത്രങ്ങളുടെ അഭാവം എന്നിവയും ദൗത്യം വ്യാജമായിരുന്നു എന്ന് വിശ്വസിക്കാൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങളായി സ്കിംസ് സ്ഥാപകയായ കിം ചൂണ്ടിക്കാട്ടി. തന്നെ വിമർശിക്കുന്നവർ ‘ടിക് ടോക്കിൽ പോയി സ്വന്തമായി കണ്ടറിയുക’ എന്നാണ് താരം പ്രതികരിച്ചത്.
“ബസ്സ് ആൽഡ്രിനെയും നീൽ ആംസ്ട്രോങ്ങിനെയും കുറിച്ചുള്ള ദശലക്ഷക്കണക്കിന് ലേഖനങ്ങൾ ഞാൻ നിങ്ങൾക്ക് അയക്കുന്നുണ്ട്. നമ്മൾ ചന്ദ്രനിൽ പോയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അതൊരു തട്ടിപ്പായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. എന്തുതന്നെയായാലും വിമർശകർ എന്നെ ഭ്രാന്തി എന്ന് വിളിക്കും. പക്ഷേ, നിങ്ങൾ ടിക് ടോക്കിൽ പോയി നോക്കൂ. സ്വയം കണ്ടു മനസ്സിലാക്കൂ.” കിം കർദാഷിയാൻ ഷോയിൽ പറഞ്ഞു.
കിമ്മിന്റെ വാദങ്ങൾ കേട്ട് ആശ്ചര്യപ്പെട്ട അവതാരകനായ പോൾസൺ, അവരുടെ കയ്യിലെ തെളിവുകൾ പങ്കുവെക്കാൻ കിമ്മിനോട് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി താൻ ഓൺലൈനിൽ കണ്ട വീഡിയോകളെ ഉദ്ധരിച്ചാണ് മറുപടി മറഞ്ഞത്. “ഒരു പെൺകുട്ടി ആൽഡ്രിനോട് ചോദിക്കുന്നു, ‘ഏറ്റവും ഭയപ്പെടുത്തിയ നിമിഷം ഏതായിരുന്നു?’ എന്ന്. അതിന് അദ്ദേഹം മറുപടി നൽകിയത് ‘ഭയപ്പെടുത്തുന്ന നിമിഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, കാരണം അത് സംഭവിച്ചിട്ടില്ല’ എന്നാണ്. അദ്ദേഹത്തിന് ഇപ്പോൾ പ്രായമായതുകൊണ്ട്, അദ്ദേഹത്തിൻ്റെ വായിൽ നിന്ന് അറിയാതെ വന്നുപോയതാണ്. അതുകൊണ്ട് അന്നത്തെ ചാന്ദ്രദൗത്യം സംഭവിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു.” കിം കർദാഷിയാൻ കൂട്ടിച്ചേർത്തു.
പിന്നാലെ കർദാഷിയാന് മറുപടിയുമായി നാസയുടെ ആക്ടിംഗ് അഡ്മിനിസ്‌ട്രേറ്റർ ഷോൺ ഡഫി തന്നെ രംഗത്തെത്തി. ആറുതവണ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടെന്ന് അദ്ദേഹം കിം കർദാഷിയാനെ മെൻഷൻ ചെയ്തുകൊണ്ട് എക്സിൽ കുറിച്ചു. മനുഷ്യരെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ആർട്ടെമിസ് ദൗത്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ ബഹിരാകാശ മത്സരത്തിൽ ഞങ്ങൾ വിജയിച്ചു, ഇതിലും ഞങ്ങൾ തന്നെ വിജയിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.