15 November 2024, Friday
KSFE Galaxy Chits Banner 2

48 മണിക്കൂര്‍ നീണ്ട ദൗത്യം ഫലം കണ്ടില്ല: കിണറ്റില്‍ അകപ്പെട്ട മഹാരാജിന്റെ മൃതദേഹം പുറത്തെടുത്തു

Janayugom Webdesk
വിഴിഞ്ഞം
July 10, 2023 10:25 am

മണ്ണിടിഞ്ഞ് 90 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. വെങ്ങാനൂർ നെല്ലിയറത്തല വീട്ടിൽ താമസിക്കുന്ന മഹാരാജൻ പി(55) ആണ് വിഴിഞ്ഞം മുക്കോലയിൽ കിണറിൽ മണ്ണിടിഞ്ഞ് വീണ് മരിച്ചത്. മുക്കോല സർവശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രണ്ട് ദിവസങ്ങളായുള്ള ദൗത്യത്തിനുശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. മഴയെത്തുടര്‍ന്ന് കഴിഞ്ഞദിവസം ദൗത്യം നിര്‍ത്തിവച്ചിരുന്നു. ഇന്ന് വീണ്ടും പുനരാരംഭിച്ചതിലൂടെയാണ് മൃതദേഹം പുറത്തെടുക്കാനായത്. 

കിണറ് വൃത്തിയാക്കി കോൺക്രീറ്റ് റിങ്ങുകള്‍ ഇറക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. ഉടൻ തന്നെ ഫയർ ഫോഴ്സ് അധികൃതർ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടായിരുന്നു.
ശനിയാഴ്ച രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തനം ഇന്നലെ രാത്രി ഏറെ വൈകിയും തുടര്‍ന്നു. കിണറ്റിലേക്കു വീണ മഹാരാജന്റെ ദേഹത്ത് 15 അടിയോളം പൊക്കത്തിൽ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പുതുതായി ഇറക്കിയ കോൺക്രീറ്റ് റിങ്ങുകളും പൊട്ടി വീണു. ഇതിൽ 16 കോൺക്രീറ്റ് റിങ്ങുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. 

കിണറിനുള്ളിലുണ്ടായിരുന്ന പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും കയർകെട്ടി മുകളിലേക്ക് എടുക്കാൻ ശ്രമിക്കവേയാണ് മണ്ണിടിച്ചിലുണ്ടായത്. മുകളിലേക്കു കയറാൻ ശ്രമിക്കുന്നതിനിടയിൽ പഴയ റിങ്ങുകള്‍ മണ്ണിടിച്ചിലിനെത്തുടർന്ന് ഇളകി മഹാരാജന്റെ ദേഹത്ത് വീഴുകയായിരുന്നു. പിന്നാലെ ഇടിഞ്ഞ മണ്ണും വീണു. അപകടം കണ്ട് മറ്റു തൊഴിലാളികൾ നിലവിളിച്ചതുകേട്ട് വീട്ടുടമയും നാട്ടുകാരും ഓടിയെത്തി. തുടർന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയെ അറിയിച്ചു. വിഴിഞ്ഞംപൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
കിണർനിർമ്മാണ തൊഴിലാളികളെ സുരക്ഷാ ബെൽറ്റ് അടക്കമുള്ള സംവിധാനങ്ങളോടെ കിണറിനുള്ളിലേക്ക് ഇറക്കിയായിരുന്നു ദൗത്യം. മണ്ണിടിയാതിരിക്കാനായി അകത്ത് പലകകൾ സ്ഥാപിച്ച് പ്രതിരോധവും ഉണ്ടാക്കിയിരുന്നു. ഇളകിവീണ ഉറകൾ ചുറ്റികയ്ക്ക് അടിച്ച് പൊട്ടിച്ച് കഷണങ്ങളാക്കി പുറത്തെത്തിച്ചു. 

നീരൊഴുക്ക് കൂടുതലായിരുന്നു. ഇത് നീക്കം ചെയ്യാൻ രണ്ടു പമ്പ് സെറ്റുകൾ കിണറിൽ ഇറക്കിയിരുന്നു. കിണറിന് ഉള്ളിലെ ആവി നീക്കം ചെയ്യുന്നതിനും മറ്റുമായി ബ്ലോവർ സംവിധാനവും ഒരുക്കിയിരുന്നു. ശ്വാസം കിട്ടുന്നതിനുള്ള ബ്രീത്തിങ് അപ്പാരറ്റസ്, ഓക്സിജൻ സിലിൻഡർ, ആംബുലൻസ് അടക്കമുള്ള രക്ഷാസന്നാഹങ്ങളൊരുക്കിയിരുന്നെങ്കിലും ഫലം കണ്ടില്ല. 

Eng­lish Sum­ma­ry: The 48-hour mis­sion: Mahara­j’s body was recov­ered from the well

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.