അനധികൃതമായി നെൽവയലും തണ്ണീർത്തടവും നികത്തുന്നതിനെതിരെ വില്ലേജ് ഓഫീസർക്ക് പരാതി കൊടുത്ത എഐവൈഎഫ് മണ്ഡലം സെക്രട്ടറിക്ക് വധഭീഷണി. പള്ളിപ്പാട് പന്ത്രണ്ടാം വാർഡിൽ പഞ്ചായത്ത് ഓഫീസിന് വടക്ക് കളിയിക്കൽ വർഗീസിന്റെ ഉടമസ്ഥതയിലുള്ള പാടശേഖരമാണ് അവധി ദിവസങ്ങളിലും രാത്രിയിലും ലോഡ് കണക്കിന് ഗ്രാവൽ ഉപയോഗിച്ച് അനധികൃതമായി നികത്തുന്നത്. പരാതി നൽകിയ എഐവൈഎഫ് ഹരിപ്പാട് മണ്ഡലം സെക്രട്ടറി എസ് ശ്രീജിത്തിനെ വസ്തു ഉടമയുടെ ബന്ധവും കർഷകസംഘം നേതാവുമായ മാത്യു പള്ളിപ്പാടാണ് ഫോണിലൂടെ അസഭ്യവർഷവും വധഭീഷണിയും മുഴക്കിയത്. നെൽകൃഷി ചെയ്തു വരികയായിരുന്ന പാടശേഖരമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നികത്തി കൊണ്ടിരിക്കുകയായിരുന്നു. 2019 ൽ അനധികൃത നിലം നികത്തലിനെതിരെ തഹസീദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നികത്തിയ പാടശേഖരം പൂർവസ്ഥിതിയിലാക്കണമെന്ന കളക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തിയാണ് ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ വീണ്ടും നികത്താൻ ആരംഭിച്ചത്.
ഏകദേശം അര ഏക്കറോളോമാണ് നികത്തിരിക്കുന്നത്. പാടശേഖരത്തിന് സമീപമുള്ള കർഷകസംഘം നേതാവ് മാത്യു പള്ളിപ്പാടിന്റെ വീടിന് സമീപം ലോഡ് കണക്കിന് ഗ്രാവൽ കൊണ്ട് ഇറക്കുകയും പിന്നീട് രാത്രി സമയത്ത് ആളുകളെ ഉപയോഗിച്ച് പാടശേഖരം നികത്തുകയുമാണ് ചെയ്യുന്നത്. പാടത്തിനോട് ചേർന്നുള്ള റോഡിന്റെ എതിർവശത്തെ പാടശേഖരത്തിൽ നിന്നും റോഡിനടിയിൽ കൂടി ഓട വഴി വെള്ളം ഒഴുകിപ്പോകുന്ന പ്രദേശമാണ് നികത്തി കൊണ്ടിരിക്കുന്നത്. നികത്തിയ പാടശേഖരത്തിൽ എത്തുന്ന വെള്ളം കൊക്കോത്തോട് പാടശേഖരത്തിലൂടെ അച്ചൻകോവിൽ ആറ്റിലേക്കാണ് ഒഴുകിപ്പോകുന്നത്. വെള്ളം ഒഴുകുന്ന ഈ പാടശേഖരം അനധികൃതമായി നികത്തുന്നത് മൂലം പ്രദേശമാകെ വെള്ളത്തിനടിയിൽ ആകുന്ന സാഹചര്യമാണുള്ളത്. പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ കർഷകസംഘം നേതാവ് മാത്യു പള്ളിപ്പാട് എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എസ് ശ്രീജിത്ത് വീട് കയറി ആക്രമിച്ചു എന്ന് വ്യാജ പരാതി ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ നൽകിയിരിക്കുകയാണ്. അനധികൃതമായി നിലം നികത്തിയ പ്രദേശം പള്ളിപ്പാട് വില്ലേജ് ഓഫീസർ സന്ദർശിച്ച് റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറിയിട്ടുണ്ട്.
English Summary: The AIYF leader who stopped illegal land acquisition received death threats
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.