18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
April 4, 2025
March 26, 2025
March 21, 2025
March 21, 2025
March 11, 2025
February 4, 2025
January 29, 2025
January 24, 2025

നെല്ല് സംഭരണത്തിന്റെ തുക വിതരണം ഊര്‍ജിതം; കര്‍ഷകര്‍ക്ക് നല്‍കിയത് 880 കോടി രൂപ

Janayugom Webdesk
തിരുവനന്തപുരം
May 22, 2024 9:34 pm

സംസ്ഥാനത്തെ നെല്‍കര്‍ഷകരില്‍ നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക വിതരണം ഊര്‍ജിതം. 2023–24ലെ രണ്ടാം വിളവെടുപ്പില്‍ സംസ്ഥാനത്താകെ സംഭരിച്ച നെല്ലിന്റെ വില 1512.9 കോടി രൂപയാണ്. ഇതിൽ 879.95 കോടി രൂപ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. നെല്ലിന്റെ സംഭരണവില കർഷകർക്ക് പിആർഎസ് വായ്പയായിട്ടാണ് നൽകി വരുന്നത്. കർഷകർക്ക് നെല്ലിന്റെ വില നൽകുന്ന നടപടികൾ ഊർജിതമായി തുടരുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർദേശം നൽകി. 

2023 ‑24 ലെ രണ്ടാം വിളവെടുപ്പിൽ സംസ്ഥാനത്താകെ 5,34,215.86 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഏറ്റവും കൂടുതൽ സംഭരിച്ചത് പാലക്കാട് ജില്ലയിൽ നിന്നാണ്, 1,79,729.94 മെട്രിക് ടൺ. രണ്ടാമത് ആലപ്പുഴ ജില്ല – 1,53,752.55. തൃശൂരിൽ 77,984.84 മെട്രിക് ടണ്ണും കോട്ടയത്ത് 65,652.33 മെട്രിക് ടണ്ണുമാണ് സംഭരിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ നെല്ല് സംഭരണം ഏറെക്കുറെ പൂർത്തിയായി. എസ്ബിഐ, കാനറാ ബാങ്കുകളാണ് നിലവിൽ പിആർഎസ് വായ്പയായി സംഭരണവില നൽകിവരുന്നത്. ബാങ്കുകളുടെ കൺസോർഷ്യവുമായി ഏർപ്പെട്ട കരാർ പ്രകാരം 224.26 കോടി രൂപ കൂടി പിആർഎസ് വായ്പയായി ലഭ്യമാക്കാൻ കഴിയുന്നതാണ്. ഇതു കൂടാതെ എംഎസ്‌പി ഇനത്തിൽ കേന്ദ്രസർക്കാർ നൽകിയ തുകയിൽ 130 കോടി രൂപ കൂടി സപ്ലൈകോയുടെ കൈവശം ഉണ്ട്. 2023–24 ലെ നാലാം പാദത്തിൽ കേന്ദ്രസർക്കാർ അനുവദിക്കേണ്ട 195.38 കോടി രൂപയും 2024–25 ലെ ഒന്നാം പാദത്തിലെ മുൻകൂർ ക്ലെയിമായ 376.34 കോടി രൂപയും അടക്കം കേന്ദ്രസർക്കാരിൽ നിന്ന് നാളിതുവരെ 1079.51 കോടി രൂപ ക്ലെയിമുകൾ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. 

സംസ്ഥാനത്ത് അനുഭവപ്പെട്ട അധികഠിനമായ വരൾച്ച നെല്ലിന്റെ ഗുണനിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡത്തിന് അനുസൃതമല്ലാത്ത നെല്ല് സംഭരിക്കുമ്പോൾ മില്ലുകൾ കിഴിവ് ആവശ്യപ്പെടുകയും കർഷകരുമായി തർക്കമുണ്ടാകുകയും ചെയ്യുന്ന സ്ഥിതി നിലവിലുണ്ട്. സംസ്ഥാനത്ത് ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവൻ നെല്ലും സംഭരിക്കണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഈ സീസണിൽ വരൾച്ച മൂലം നെല്ലിന്റെ ഗുണനിലവാരത്തിലുണ്ടായ കുറവ് കാരണം മില്ലുടമകളുടെ ഭാഗത്തു നിന്നും കൂടുതൽ കിഴിവ് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിനെ ഒരു പൊതുപ്രശ്നമായി കണ്ട് കർഷകർക്ക് ആശ്വാസം പകരുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യം ഭക്ഷ്യ മന്ത്രി കൃഷി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
നെല്ലിന്റെ ഔട്ട് ടേൺ റേഷ്യോ 68 ശതമാനമായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 

അതായത് സപ്ലൈകോയിൽ കരാറിൽ ഏർപ്പെട്ട മില്ലുകൾ ഒരു ക്വിന്റൽ നെല്ല് സംഭരിച്ച് സംസ്കരിച്ച് തിരികെ നൽകേണ്ടത് 68 കിലോഗ്രാം അരിയാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും മറ്റുംമൂലം ഈ ഔട്ട് ടേൺ റേഷ്യോ ലഭിക്കുന്നില്ല എന്ന പരാതിയും മില്ലുകാർക്കുണ്ട്. കൂടാതെ ഗുണമേന്മ കുറഞ്ഞ നെല്ല് കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിലെ ഔട്ട് ടേൺ റേഷ്യോയിൽ വരുന്ന കുറവ് ചൂണ്ടിക്കാണിച്ചു കൊണ്ട് ഇത്തരം നെല്ല് സംഭരിക്കാൻ മില്ലുകൾ വിമുഖത കാണിക്കുകയും ചെയ്യുന്ന വിഷയവും നിലവിലുണ്ട്. നെല്ല് സംഭരണം ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ചുമതലയിലാണെങ്കിലും ആയതിന്റെ പരിധിയ്ക്ക് പുറത്തു വരുന്ന പല വിഷയങ്ങളും നെല്ല് സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം കൃഷി വകുപ്പിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടു വരാൻ ഒരുങ്ങുകയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. 

Eng­lish Summary:The amount of rice stor­age is dis­trib­uted inten­sive­ly; 880 crore was giv­en to the farmers
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.