21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 13, 2024
December 13, 2024
December 6, 2024
November 29, 2024
November 25, 2024
November 24, 2024
November 22, 2024
November 21, 2024
November 19, 2024

അഭിനയത്തികവിന്റെ കൊടുമുടിയിൽ ഓർമ്മകളുടെ ‘ആരവം’

നെടുമുടി വേണുവിന്റെ ഓർമ്മകൾക്ക് മൂന്ന് വയസ്
ടി കെ അനിൽകുമാർ
October 11, 2024 6:00 am

രു വിമാനയാത്രക്കിടയിൽ യാദൃച്ഛികമായാണ് നെടുമുടി വേണു ‘നടികർ തിലകം’ ശിവാജി ഗണേശനെ ആദ്യമായി കണ്ടത്. ഒട്ടേറെ സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ ശിവജി തെന്നിന്ത്യയാകെ തിളങ്ങി നിൽക്കുന്ന കാലം. അദ്ദേഹത്തെ കണ്ട സന്തോഷത്തിൽ വേണു പരിചയപെടുവാനായി അടുത്തുചെന്നു. ”ഞാൻ നെടുമുടി വേണു, നാടകത്തിൽ നിന്നാണ് തുടക്കം. കുറച്ചു സിനിമയിലും അഭിനയിച്ചിട്ടുണ്ട് ”. വേണു പറഞ്ഞതെല്ലാം സാകൂതം കേട്ടിരുന്ന ശിവാജി ഗണേശൻ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഇങ്ങനെ പറഞ്ഞു- “നീ നെടുമുടി വേണു അല്ല, കൊടുമുടി വേണു! ഞാൻ നിന്റെ ആരാധകനാണ്!”. താളബോധമുള്ള തന്റെ ഉടലിനെയും ഭാവങ്ങളെയും കഥാപാത്രങ്ങളിലേക്ക് ചേർത്തുനിർത്തിയ നെടുമുടി വേണുവിന്റെ അഭിനയ ശൈലി ഇന്ത്യൻ സിനിമയിലെ ഒന്നാം നിര നടനാക്കി അദ്ദേഹത്തെ വളർത്തിയത് ചരിത്രം. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം മികവോടെ അവതരിപ്പിച്ചു. അനന്യമായ അഭിനയശൈലിയും പ്രതിഭയും കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്.

കലാവാസനയുള്ള കുടുംബത്തിൽ ജനനം

കുട്ടനാടൻ ഗ്രാമത്തിന്റെ പച്ചപ്പിൽ നാടകത്തിന്റെയും സംഗീതത്തിന്റെയും കളരികളിൽ നിന്നാർജിച്ച ഊർജമാണ് നെടുമുടി വേണുവിനെ പരുവപ്പെടുത്തിയത്. തലമുറ വ്യത്യാസമില്ലാതെ സൂപ്പർസ്റ്റാറുകൾക്കൊപ്പവും, ന്യൂജൻ പിള്ളേർക്കൊപ്പവും വേണു മത്സരിച്ചഭിനയിച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നവ്യാനുഭവമായി. കലാവാസനയുള്ള കുടുംബത്തിലായിരുന്നു വേണുവിന്റെ ജനനം. കുട്ടനാട് നെടുമുടി എൻഎസ്എസ് സ്കൂളിലെ അധ്യാപകനായിരുന്ന പിതാവ് കേശവപിള്ള തികഞ്ഞ കലാപ്രേമിയും. സ്കൂളിൽ പോകാത്ത സമയങ്ങളിൽ കവിതയും സംഗീതനാടകങ്ങളും എഴുതി നാട്ടിൽ അവതരിപ്പിക്കുന്നതിൽ ഏറെ തല്പരനായിരുന്നു അദ്ദേഹം. അധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞുകുട്ടിയമ്മയ്ക്കും ഇതിനോട് എതിർപ്പില്ല. മക്കളെ ഉദ്യോഗസ്ഥർ ആക്കുന്നതിനേക്കാൾ കേശവപിള്ളയും കുഞ്ഞിക്കുട്ടിയമ്മയും ആഗ്രഹിച്ചത് കലാകാരൻമാർ ആക്കുവാനായിരുന്നു. ഇതിനായി അദ്ദേഹം സംഗീതോപകരണങ്ങൾ വാങ്ങി മക്കളെ അഭ്യസിപ്പിക്കാനായി ആശാന്മാരെ ഏർപ്പാടാക്കി. എന്നാൽ അഞ്ച് മക്കളിൽ ഇളയവനായിരുന്ന വേണുവിന് പക്വതയായപ്പോൾ അച്ഛൻ വിരമിച്ചതിനാൽ വീട്ടിലെ വരുമാനം നിലച്ചു. അന്നത്തെ കാലത്ത് വിരമിച്ചു കഴിഞ്ഞാൽ പെൻഷനൊന്നും നൽകിയിരുന്നില്ല. എന്നാൽ കുഞ്ഞുനാളിൽ അച്ഛനും ചേട്ടന്മാരും പകർന്നു നൽകിയ കലാവാസന വേണുവിന്റെ മനസിനെ സ്വാധീനിച്ചിരുന്നു. ചേട്ടന്മാർ അധികം ഉപയോഗിക്കാത്ത വീട്ടിലെ ഗഞ്ചിറ വേണുവിന് അന്ന് ഹരമായിരുന്നു.അച്ഛനുമൊത്ത് അമ്പലപ്പുഴ അമ്പലത്തിൽ ശങ്കരനാരായണപ്പണിക്കർ സഹോദരങ്ങളുടെ നാഗസ്വരക്കച്ചേരി കാണുവാനായി വേണുവും പോയി. കച്ചേരി കേൾക്കുവാൻ ആലപ്പുഴയിലെ കലാസ്നേഹിയായ പാപ്പാസ്വാമിയും വന്നു. ഇടവേളയിൽ ഗഞ്ചിറ വായിക്കുവാൻ വേണുവിന് അവസരം ലഭിച്ചു. താളനിബദ്ധമായുള്ള മൂന്ന് വയസുകാരന്റെ ഗഞ്ചിറ വായന സദസിനെയാകെ വിസ്മയിപ്പിച്ചു. തുടർന്ന് മകനോടൊപ്പം മൃദംഗം പഠിക്കുവാൻ വേണുവിനെ പാപ്പാസ്വാമി സ്നേഹത്തോടെ ക്ഷണിച്ചപ്പോൾ കുട്ടിയായ ഇവനെ പിരിഞ്ഞിരിക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു കേശവപിള്ളയുടെ മറുപടി.

കമലഹാസന്റെ പകരക്കാരനായി  തുടക്കം 

ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുമ്പോൾ ഫാസിലുമായുള്ള സൗഹൃദം വേണുവിന്റെ കലാജീവിതത്തിൽ വഴിത്തിരിവായി. ഇവർ ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചു കലാ – സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി. നാടകങ്ങൾ ഫാസിൽ സംവിധാനം ചെയ്തപ്പോൾ പ്രധാന നടനായി നെടുമുടി വേണുവും ഒപ്പമുണ്ടായി. ഇരുവരും ചേർന്നൊരുക്കിയ നാടകം മത്സരത്തിൽ അവതരിപ്പിച്ചപ്പോൾ ജഡ്ജിയായി എത്തിയത് കാവാലം നാരായണ പണിക്കരും. നാടകത്തിന് ശേഷം ഇരുവരെയും വീട്ടിലേക്ക് ക്ഷണിച്ച് നാരായണ പണിക്കർ മടങ്ങി. കാവാലം നാരായണ പണിക്കാരുമായുള്ള ബന്ധം നെടുമുടി വേണുവിന്റെ ജീവിതം മാറ്റിമറിച്ചു. കാവാലം എഴുതി അരവിന്ദൻ സംവിധാനം ചെയ്ത ‘അവനവൻ കടമ്പ’ എന്ന നാടകത്തിൽ അഭിനയിക്കാനായി വേണു തിരുവനന്തപുരത്തേക്ക് വണ്ടികയറി. ഇവിടെവച്ചാണ് സംവിധായകൻ ഭരതനെ പരിചയപ്പെടുന്നത്. കമലഹാസനെ നായകനാക്കി ‘ആരവം’ എന്ന സിനിമ ചെയ്യുവാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. എന്നാൽ വേണുവിന്റെ അഭിനയ ചാരുത നാടകത്തിലൂടെ തിരിച്ചറിഞ്ഞ അദ്ദേഹം ‘ആരവം’ സിനിമയിൽ കമലഹാസന് പകരക്കാരനായി വേണുവിനെ നിശ്ചയിച്ചു.

ഈ ചിത്രം പുറത്തിറങ്ങുവാൻ താമസിച്ചതിനാൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു വേണുവിന്റെ അരങ്ങേറ്റം. പിന്നീട് പുറത്തിറങ്ങിയ പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു വഴിവച്ചു. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി നെടുമുടി വേണു മാറി. അഭിനയ വൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, തകര, സർവകലാശാല, അപ്പുണ്ണി, വന്ദനം, ചിത്രം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങി വ്യത്യസ്ത ഭാവങ്ങളിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രങ്ങൾ ജനമനസുകളിൽ കുടിയേറുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.