23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 12, 2024
August 1, 2024
July 25, 2024
July 8, 2024
April 21, 2024
March 13, 2024
January 31, 2024
January 28, 2024
January 18, 2024
September 14, 2023

നികുതി വസൂലാക്കൽ (ഭേദഗതി) നിയമസഭ ഐകകണ്ഠ്യേന പാസാക്കി

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
July 8, 2024 10:23 pm

കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബില്‍ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. എല്ലാത്തരം ജപ്തി നടപടികളിലും സംസ്ഥാനസർക്കാരിന് ഇടപെടാൻ അധികാരം നൽകുന്നതാണ് നിയമഭേദഗതി. ബില്ലിന് ചരിത്രപ്രാധാന്യമേറെയെന്ന് ഉപക്ഷേപം പരിഗണിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജൻ ചൂണ്ടിക്കാട്ടി. മനസാക്ഷിയില്ലാത്ത ജപ്തി നടപടിക്കിരയായി ആത്മഹത്യ വരെ ചെയ്യുന്ന ദയനീയ സാഹചര്യം ഒഴിവാക്കാൻ സർക്കാരിന് അവസരം നൽകാനും നിസ്സാഹായരായ പാവപ്പെട്ടവർക്ക് ആശ്വാസവും നൽകാനും കഴിയുമെന്നതാണ് നിയമഭേദഗതിയുടെ സവിശേഷത. 

നിയമം വരുന്നതോടെ ജപ്തി നടപടിക്കിടവരുത്തുന്ന വായ്പാകുടിശികയിൽ കാൽലക്ഷംവരെ തഹസിൽദാറിനും ഒരുലക്ഷംവരെ ജില്ലാകളക്ടർക്കും അഞ്ചുലക്ഷംരൂപവരെ റവന്യൂമന്ത്രിക്കും 10ലക്ഷംവരെ ധനമന്ത്രിക്കും 20ലക്ഷംവരെ മുഖ്യമന്ത്രിക്കും അതിന് മുകളിലുള്ള തുകയ്ക്ക് സംസ്ഥാനസർക്കാരിനും ഇടപെട്ട് ജപ്തി നടപടി താൽക്കാലികമായി നിർത്തിവെക്കാൻ അധികാരം നൽകുന്നു. സഹകരണ, ദേശസാത്കൃത, ഷെഡ്യൂൾഡ്, കോമേഴ്സ്യൽ ബാങ്കുകളുടെയും ജപ്തി നടപടിയിൽ സർക്കാരിന് ഇടപെട്ട് വായ്പ എടുത്തയാൾക്ക് ആശ്വാസം നൽകാൻ പുതിയ നിയമത്തിൽ കഴിയും. 

പുതിയ നിയമം വഴി ജപ്തി നടപടി തടയാനാകുമെന്ന് മാത്രമല്ല പിഴപലിശയുൾപ്പെടെ 12ശതമാനത്തിൽ നിന്ന് ഒമ്പതുശതമാനമായി കുറയ്ക്കാനും സർക്കാരിന് കഴിയും. ഗഡുക്കളായി തിരിച്ചടക്കാനും ജപ്തി ചെയ്യപ്പെടാനിടയുള്ള ഭൂമി വില്പന നടത്താനും നിയമത്തില്‍ ഉടമയ്ക്ക് അവസരം നൽകുന്നു. വാങ്ങുന്നയാളും വിൽക്കുന്നയാളും ചേർന്ന് നിശ്ചിതഫോറത്തിൽ ജില്ലാകളക്ടർക്ക് അപേക്ഷ നൽകിയാൻ വസ്തുവിൽപന രജിസ്റ്റർ ചെയ്യാനാകും. ജപ്തിചെയ്യപ്പെട്ട ഭൂമി അഞ്ചുവർഷത്തിനുള്ളിൽ തുക ഒരുമിച്ചോ, ഗഡുക്കളായോ അടച്ച് ഉടമയ്ക്ക് തന്നെ ഭൂമി തിരികയെടുക്കാനുള്ള അവസരവും നൽകുന്നു. ഇത്തരം സാഹചര്യത്തിൽ വസ്തു ഉടമ മരണപ്പെട്ടാൻ അവകാശികൾക്ക് ഭൂമി തിരികെയെടുക്കാൻ അവസരവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. 

ചെറിയ കുടിശികയ്ക്കു വേണ്ടി കുടിശികക്കാരുടെ വിലപിടിപ്പുള്ള മുഴുവൻ ഭൂമിയും ജപ്തി ചെയ്യപ്പെടുന്നത് കുടിശികക്കാരൻ നേരിട്ടിരുന്ന വലിയ പ്രതിസന്ധിയായിരുന്നു. ഇത്തരം സാഹചര്യം ഉണ്ടായാൽ ഭൂമിയുടെ ന്യായവിലയ്ക്കനുസരിച്ച് ജപ്തി ക്ലിപ്തപ്പെടുത്തണമെന്ന് കുടിശികക്കാരന് അപേക്ഷിക്കാം. ഇത് അനുവദിക്കാൻ കളക്ടർക്ക് നിയമത്തിൽ അധികാരം നൽകുന്നു. 1968ൽ രൂപീകരിച്ച 87 വകുപ്പുകൾ അടങ്ങിയ നിയമമാണ് പരിഷ്കരിച്ചത്. 

Eng­lish Sum­ma­ry: The Assem­bly passed the Col­lec­tion of Tax­es (Amend­ment) Act unanimously

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.