
മലയോരജനതയും കർഷകരും വർഷങ്ങളായി ആവശ്യപ്പെടുന്ന വ്യവസ്ഥകൾ ഉള്‍ക്കൊള്ളിച്ചുള്ള വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്ലും കേരള വന ഭേദഗതി ബില്ലും നിയമസഭ പാസാക്കി.
ജനവാസമേഖലകളിലോ കൃഷിസ്ഥലങ്ങളിലോ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ദീർഘമായ നടപടികളിലേക്ക് കാത്ത് നില്‍ക്കാതെ വെടിവച്ച് കൊല്ലാനടക്കമുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നല്‍കുന്നതുള്‍പ്പെടെ വ്യവസ്ഥകളാണ് വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്രവന്യജീവിനിയമത്തിൽ ഒരു ഭേദഗതി കൊണ്ടുവരുന്നത്.
നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സ്റ്റാന്റേഡ് ഓപ്പറേറ്റിങ് പ്രൊസിജീയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങൾ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാൻ ഇത് സഹായകമാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്ക് പറ്റിയാൽ ബന്ധപ്പെട്ട ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ അക്കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് ചെയ്താൽ മറ്റ് നടപടിക്രമങ്ങൾക്ക് സമയം പാഴാക്കാതെ ആ വന്യമൃഗത്തെ കൊല്ലുന്നതുൾപ്പെടെ നടപടി സ്വീകരിക്കാവുന്നതാണ്.
പട്ടിക രണ്ടിൽ ഉൾപ്പെട്ട കാട്ടുപന്നികൾ, പുള്ളിമാനുകൾ തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാൽ അവയുടെ ജനന നിയന്ത്രണം നടത്തൽ, മറ്റ് സ്ഥലങ്ങളിലേക്ക് നാടുകടത്തൽ എന്നിവയ്ക്കും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതിന് കേന്ദ്രാനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല. ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാൻ ഇപ്പോൾ കേന്ദ്ര സർക്കാരിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സർക്കാരിന് ഈ അധികാരം നൽകുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ആർക്ക് വേണമെങ്കിലും ഏതുവിധത്തിലും കൊല്ലാവുന്നതാണ്. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസമുണ്ടാകില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ നിവേദനങ്ങൾ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്ര സർക്കാരിനോട് പലതവണ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും അനുമതി നൽകിയില്ല. അതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഹോണററി വൈൽഡ് ലൈഫ് വാർഡന്മാരായി സംസ്ഥാന സർക്കാർ നിയമിക്കുകയും കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾക്ക് വിധേയമായി കൊന്ന് സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയുമാണ്.
നാടൻ കുരങ്ങുകളെ പട്ടിക ഒന്നിൽ നിന്നും പട്ടിക രണ്ടിലേക്ക് മാറ്റും. ഇതിലൂടെ അവയുടെ ജനനനിയന്ത്രണത്തിനും ആവശ്യമെങ്കിൽ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കുന്നതിനും സാധിക്കും. കേന്ദ്രനിയമത്തിലുള്ള ഭേദഗതി ആയതിനാൽ ബിൽ ഗവർണർ വഴി രാഷ്ട്രപതിക്ക് അയച്ച് അനുമതി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരുന്നതാണ്.
സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്തുന്നതിനുള്ള വ്യവസ്ഥകളാണ് പ്രധാനമായും വന ഭേദഗതി ബില്ലിൽ ഉള്ളത്. വില്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കർഷകന് ഉറപ്പാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനം കൃഷി കൂടുതല്‍ വ്യാപിപ്പിക്കാനാകും. ഇപ്പോൾ സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമയ്ക്കെതിരെ കേസെടുക്കേണ്ടി വരുന്നു. നിലവിലുള്ള നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്.
പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന ബില്ലുകൾ നിയമസഭയിൽ ചർച്ചയ്ക്ക് വരുമ്പോൾ, അവ ഐകകണ്ഠ്യേന പാസാക്കി കേന്ദ്രത്തിന് ശക്തമായ സന്ദേശം നൽകേണ്ടതിന് പകരം പ്രതിപക്ഷം കാരണമില്ലാതെ മാറി നിന്നത് ശരിയായില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മലയോരജനതയോടും കർഷകരോടും അവർ ചെയ്യുന്ന നീതിനിഷേധവും ആത്മാർത്ഥതയില്ലായ്മയുമാണ് ഇത് വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.