1 March 2026, Sunday

ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; യുഎൻ സുരക്ഷാ സമിതി യോഗത്തിൽ അമേരിക്കക്കും ഇസ്രയേലിനും വിമർശനം

Janayugom Webdesk
ന്യൂയോർക്ക്
March 1, 2026 11:07 am

ഇറാനെ ആക്രമിച്ച സംഭവത്തിൽ യുഎൻ സുരക്ഷാ സമിതി യോഗത്തിൽ അമേരിക്കക്കും ഇസ്രയേലിനും വിമർശനം. ന്യൂയോർക്കിൽ ചേർന്ന അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ലോക നേതാക്കൾ തമ്മിൽ വാക്ക്പോരും ഉണ്ടായി. ആണവകരാർ സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ പ്രതിനിധി യോഗത്തിൽ പറഞ്ഞു. എന്നാൽ ചർച്ചകൾ അവസാനഘട്ടത്തിൽ എത്തിയിരുന്നെന്നും ഇറാൻ അതിന് തയ്യാറായില്ലെന്നും ഇനി അവ തുടരുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ മറുപടി. 

ഇറാനെതിരെയുള്ള സൈനിക നടപടിയെ അപലപിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളും അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷമല്ല പരിഹാരമെന്ന നിലപാടാണ് ഫ്രാൻസ് സ്വീകരിച്ചത്. നയതന്ത്ര തലത്തിൽ ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന് വ്യക്തമാക്കിയ ഫ്രാൻസ്, ആണവ‑ബാലിസ്റ്റിക് മിസൈൽ വിഷയങ്ങളിൽ സദുദ്ദേശത്തോടെ ഇറാൻ ചർച്ചകളെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു. ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തിന് ഇസ്രയേലും യുഎസും ഉത്തരവാദികളെന്ന് ഇറാന്‍ അംബാസിഡർ തിരിച്ചടിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.