29 December 2025, Monday

Related news

December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 21, 2025

പാലക്കാട് കരോൾ സംഘത്തിനു നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരം: കർദിനാൾ

Janayugom Webdesk
തിരുവനന്തപുരം
December 24, 2025 7:51 pm

പാലക്കാട് കരോൾ സംഘത്തിനു നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മലങ്കര കത്തോലിക്ക സഭാ മേജർ അർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഒരിക്കലും സംഭവിച്ചുകൂടാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. എപ്പോൾ സംഭവിച്ചു, ആർക്ക് സംഭവിച്ചു എന്നതിനേക്കാളപ്പുറത്ത് ഇങ്ങനെയുള്ള പൊതുവായ ആഘോഷങ്ങൾ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളത്തിൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ നമ്മുടെ പൊതുബന്ധത്തിന് വലിയ തടസം സൃഷ്ടിക്കുന്നു. അകൽച്ചയും വെറുപ്പും സൃഷ്ടിക്കാൻ മാത്രമേ ഇത് ഉപകരിക്കൂ. ഇതുവഴി എന്തു നേട്ടമാണ് ഉണ്ടാകുന്നത്. എവിടെ നടന്നാലും ഇത്തരത്തിലുള്ള സമീപനം സമൂഹത്തിന് ഗുണകരമല്ല. ഉത്തരവാദിത്തപ്പെട്ടവർ, ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നിരുത്സാഹപ്പെടുത്തണം. അതിന്റെ കൂടെയില്ല എന്ന് പറയുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമ സംഭവങ്ങളോട് വിയോജിക്കുന്നു. എന്നാൽ നമ്മളെ കാണാൻ വരുന്നവരെ പുറത്താക്കുക എന്നതല്ല അതിനുള്ള ഉത്തരം. ഇക്കാര്യത്തിലുള്ള സഭയുടെ ആകാംക്ഷയും വേദനയും ബന്ധപ്പെട്ട അധികാരികളെ ശക്തമായി തന്നെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾക്കെതിരേ കാത്തലിക് ബിഷപ്സ് കൗൺസിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 

ഒരു വശത്ത് പ്രധാനമന്ത്രി ദേവാലയത്തിൽ പോയി ക്രിസ്മസിന്റെ ആഘോഷത്തിൽ സംബന്ധിക്കുന്നു. വേറൊരു സ്ഥലത്ത് ഇതിന്റെ നേരെ വിപരീതമായ കാര്യം നടക്കുന്നു. ഇവിടെയാണ് കൃത്യമായ ഒരു ബോധം കൊടുക്കേണ്ടതിന്റെ ആവശ്യകത. ഇത് നമ്മുടെ സമീപനമല്ല എന്ന് ബന്ധപ്പെട്ടവർ പരസ്യമായി ആവർത്തിച്ചു പറയേണ്ട കാര്യമാണ്. നിരന്തരമായി ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കുമ്പോൾ അതിന് ആനുപാതികമായി കാണപ്പെടുന്ന ഫലം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടത് അധികാരത്തിലിരിക്കുന്നവരാണ്. ക്രിസ്മസ് പോലെ പൊതുവായ ഒരാഘോഷത്തിന്റെ സമയത്ത് മനസിനെ വേദനിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.