
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. 301 റൺസ് ലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് ടീം മൂന്നാം ദിവസം നാലാം ഇന്നിങ്‌സില്‍ 33.4 ഓവറിൽ 141 റൺസിന് തകർന്നടിഞ്ഞു. വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജോഷ് ഹേസൽവുഡാണ് വിജയശില്പി. ആദ്യ ഇന്നിങ്‌സില്‍ ഓസ്ട്രേലിയ 180 റൺസ് നേടിയപ്പോൾ ആതിഥേയ ടീം 190 റൺസ് അടിച്ചെടുത്ത് പത്ത് റണ്‍സിന്റെ ലീഡ് കരസ്ഥമാക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയ 310 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. ട്രാവിസ് ഹെഡ് 61, ബ്യൂ വെബ്സ്റ്റർ 63, അലക്സ് ക്യാരി 65 എന്നിവർ ഓസീസിനായി മികച്ച സംഭാവനകൾ നൽകി. ഹെഡും വെബ്സ്റ്ററും ചേർന്ന അഞ്ചാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്തിരുന്നു. 301 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് രണ്ടാം ഇന്നിങ്സിൽ വെറും 141 റൺസിന് ഓൾഔട്ടായി.
ആദ്യ ഇന്നിങ്സിൽ 59 റൺസും നേടിയ ട്രാവിസ് ഹെഡാണ് പ്ലെയർ ഓഫ് ദി മാച്ച്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 10 പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടുന്ന ആദ്യ താരമായും ഓസീസ് ബാറ്റര്‍ മാറി. ടെസ്റ്റില്‍ ഒരു ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന റെക്കോഡിന് പാറ്റ് കമ്മിന്‍സ് അവകാശിയായി. റിച്ചി ബെനൗഡിന്റെ 63 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് കമ്മിന്‍സ് മറികടന്നത്. മത്സരത്തിന്റെ രണ്ടാം ദിവസം വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ റോസ്റ്റണ്‍ ചേസിനെ പുറത്താക്കിയാണ് കമ്മിന്‍സ് ഈ നേട്ടം കൈവരിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ 139 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം 187 വിക്കറ്റുകള്‍ നേടിയ ഇമ്രാന്‍ ഖാന്റെ പിന്നിലാണ്.
വിജയത്തോടെ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയിലും ഓസ്ട്രേലിയ ഒന്നാമതെത്തി. ബാർബഡോസ് മൈതാനത്ത് ഓസീസിന്റെ തുടർച്ചയായ നാലാം വിജയം കൂടിയാണ് പിറന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ മൂന്ന് മുതൽ ഗ്രനാഡയിലെ സെന്റ് ജോർജസിലുള്ള നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.