23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ പശ്ചാത്തല വികസനത്തിന് കിഫ്ബിയിലൂടെ സാധിച്ചു; ഡോ.ആർ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
April 22, 2025 1:58 am

കിഫ്ബിയിലൂടെ ഉന്നതവിദ്യാഭ്യാസ വകുപ്പിൻറെ പശ്ചാത്തല വികസനം സാധ്യമായെന്ന് കേരള ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു.  അതി വേഗതയിൽ വികസനത്തിൻറെ പടവുകൾ ഓടിക്കയറാൻ സാധിച്ചു എന്നതാണ് കിഫ്ബിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലൂടെ നമുക്ക് ആർജിക്കാൻ കഴിഞ്ഞ നേട്ടമെന്നും മന്ത്രി വ്യക്തമാക്കി.

R BINDU KIIFB

ഉന്നതവിദ്യാഭ്യാസ വകുപ്പിൻറെ ഉത്തേജനത്തിനായി 6,000 കോടി രൂപയാണ് കഴിഞ്ഞ 4 വർഷത്തിനുള്ളിൽ കിഫ്ബി അനുവദിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്നതിനായി 2,000 കോടി രൂപ വിനിയോഗിച്ചു. സർവകലാശാലകളിലും കലാലയങ്ങളിലും ആധുനിക കാലത്തിനനുസൃതമായി ഒട്ടനവധി സംവിധാനങ്ങൾ ഉറപ്പാക്കാൻ ഇതിലൂടെ സാധിച്ചു. എംജി സർവകലാശാലയിലെയും കേരള സർവകലാശാലയിലെയും ലബോറട്ടറി സമുച്ചയങ്ങൾ പുതുക്കിപ്പണിഞ്ഞതിലൂടെ ഇവ രണ്ടും ഇന്ന് ദക്ഷിണേന്ത്യയിലെ ലബോറട്ടറിയായി അറിയപ്പെടുന്നു. സമാർട്ട് ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന അക്കാദമിക് ബ്ലോക്കുകൾ, മികച്ച അടിസ്ഥാന സൌകര്യങ്ങളോട് കൂടിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ എന്നിവയും പ്രത്യേകതകളാണ്.

കുസാറ്റിലെ സൌകര്യങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് വർധിപ്പിക്കുന്നതിനായി 250 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസ ഉയർച്ചയ്ക്കായി അന്താരാഷ്ട്ര നിലവാരമുള്ള ഹോസ്റ്റലുകളും പഠന ഗവേഷണ കേന്ദ്രങ്ങളും പണിയുന്നതിലേക്കായി കിഫ്ബി വഴി 617.75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ കണ്ണൂരിലെ പിണറായിയിൽ എജ്യുക്കേഷൻ ഹബ്ബ് നിർമ്മിക്കുന്നതിലേക്കായി 232.05 കോടി രൂപയും കിഫ്ബി വഴി ചെലവഴിച്ചു. തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ചെക്നോളജി റിസർച്ച് പാർക്ക് നിർമ്മിക്കുന്നതിനായി വിളപ്പിശാലയിൽ 50 ഏക്കർ ഭൂമിയും നിർമ്മാണ ചെലവിനായി 203.92 കോടി രൂപയും കിഫ്ബി വഴി അനുവദിച്ചു. കേരളത്തിലെ പത്തോളം സർവകലാശാലകൾക്ക് ട്രാൻസ്ലേഷണൽ റിസർച്ച് സെൻറർ, സ്റ്റാർട്ട്അപ്പ് ആൻഡ് ഇൻക്യുബേഷൻ സെൻറർ എന്നിവയ്ക്കായി കിഫ്ബി 200 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

കേരളത്തെ ഒരു നോളജ് സൊസൈറ്റി എന്ന നിലയിൽ പരിവർത്തനം ചെയ്തെടുക്കുക എന്നത് നവകേരള സൃഷ്ടിയുടെ ഭാഗമായി ഏറ്റെടുക്കുന്ന സുപ്രധാനമായൊരു കടമയാണെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. അതിനാവശ്യമായ സൈദ്ധാതിക അറിവ് അന്വേഷണങ്ങളെ പ്രയോഗ തലത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ട്രാൻസ്ലേഷൻ റിസർച്ച് ലാബുകൾ വളരെ അടിയന്തരമായി കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാക്ഷാത്ക്കരിക്കേണ്ട പദ്ധതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ ജില്ലകളിലും സ്ക്കിൽ ഡവലപ്പ്മെൻറിൻറെ ഭാഗമായി സ്ക്കിൽ പാർക്കുകൾ രൂപീകരിക്കാനായി 350 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ ആർട്ട്സ് ആൻഡ് സയൻസ് കോളജ്, പ്രൊഫഷണൽ കോളജ്, പോളി ടെക്നിക്, ഐടിഐ എന്നിവയിലെ സ്ക്കിൽ കോഴ്സുകൾ പരിപോഷിപ്പിക്കുന്നതിനായി 140 കോടി രൂപ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കടക്കം താമസിക്കുന്നതിന് അനുയോജ്യമായ ഹോസ്റ്റൽ കോംപ്ലക്സുകളും കിഫ്ബി വഴി സർവകലാശാലകളിൽ തയ്യാറാകുകയാണ്. സർവകലാശാലകളിലെ ഹ്രസ്വകാല കോഴ്സുകൾക്കും ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുമായി 20 കോടി രൂപയും കിഫ്ബി വഴി ചെലവഴിച്ചു. കേരള , എംജി, കുസാറ്റ്, കോഴിക്കോട്, കണ്ണൂർ സർവകലാശാലകളിലെ 1500 ഹോസ്റ്റൽ മുറികളുടെ നിർമ്മാണത്തിനായി 100 കോടി രൂപയും ചെലവഴിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ ഉന്നമനത്തിനായി കിഫ്ബി അനവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.