19 December 2024, Thursday
KSFE Galaxy Chits Banner 2

ബിബിസിയിലെ റെയ്ഡ് ഭയചകിതന്റെ നടപടിയാണ്

Janayugom Webdesk
February 15, 2023 5:00 am

ഴിഞ്ഞ ദിവസമാണ് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തങ്ങള്‍ക്ക് ഒന്നിനെയും ഭയമില്ലെന്ന് പ്രതികരിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിബിസി ഡോക്യുമെന്ററിയും അതിനു പിന്നാലെയെത്തിയ അഡാനിയുടെ തട്ടിപ്പുകഥകളും ഉന്നയിച്ച് ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ ബജറ്റ് ചര്‍ച്ചകള്‍ക്കുശേഷം ഇരുസഭകളിലും നടത്തിയ ദീര്‍ഘമേറിയ വാചാടോപത്തില്‍ ഒരു വാക്കില്‍പ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം പരാമര്‍ശിച്ചില്ല. എന്നുമാത്രമല്ല, അതുമായി ബന്ധപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ എല്ലാ പരാമര്‍ശങ്ങളും രേഖകളില്‍ നിന്ന് നീക്കുകയും ചെയ്തു. നരേന്ദ്ര മോഡിയുടെ മുഖംമൂടി വലിച്ചഴിക്കുന്നതായിരുന്നു ബിബിസി ഡോക്യുമെന്ററിയിലെ വെളിപ്പെടുത്തലുകള്‍. അതുകൊണ്ടുതന്നെ പിന്നീട് ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഈ നടപടികളെല്ലാം പ്രസ്തുത ഡോക്യുമെന്ററി ബിജെപി സര്‍ക്കാരിനെ വല്ലാതെ ഭയപ്പെടുത്തിയെന്ന തോന്നലാണ് സൃഷ്ടിച്ചത്. ഇന്നലെ അമിത് ഷായുടെ പ്രതികരണം പക്ഷേ നേര്‍വിപരീതമായിരുന്നു. ഒന്നും ഭയക്കാനില്ലെന്നും ഒളിക്കാനില്ലെന്നും ഏത് അന്വേഷണത്തെ നേരിടാനും തയ്യാറാണെന്നുമായിരുന്നു ഷായുടെ പ്രതികരണം. അത് അഡാനിയുമായി ബന്ധപ്പെട്ടായിരുന്നുവെങ്കിലും ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമായിരുന്നു അഭിമുഖത്തിലുണ്ടായത്. പക്ഷേ ആ പ്രസ്താവന ഭീരുവിന്റെ ജല്പനങ്ങളായിരുന്നുവെന്ന് മണിക്കൂര്‍ പിന്നിടുംമുമ്പേ ബോധ്യമായി.


ഇതുകൂടി വായിക്കൂ: ഗുജറാത്ത് കലാപം; ആസൂത്രിത വംശഹത്യ


ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫിസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ കയറി നിരങ്ങി. റെയ്ഡല്ലെന്നും സാധാരണ പരിശോധന മാത്രമാണെന്നും വിശദീകരിച്ചാണ് ആദായ നികുതി വകുപ്പ് സംഘം രണ്ട് ഓഫിസുകളിലും എത്തിയത്. അന്താരാഷ്ട്ര നികുതി, പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച പരിശോധനയാണ് നടന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഫോണുകളും ലാപ്‌ടോപ്പുകളും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഓഫിസിലുണ്ടായിരുന്നവരെ പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിനോ സംസാരിക്കുന്നതിനോ അനുവദിച്ചില്ല. രാവിലെ മുതല്‍ ഒരു ഫോണിലും ബന്ധപ്പെടാനായില്ലെന്ന് ഓഫിസിലെത്താതിരുന്ന ബിബിസി ജീവനക്കാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില കണക്കുകളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അതിനുള്ള രേഖാ പരിശോധനയാണെന്നുമാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. കണക്കു പുസ്തകങ്ങള്‍ മാത്രമാണ് പരിശോധിച്ചതെന്നും ഐടി വകുപ്പ് പറയുന്നു.
ഒരു ഭയവുമില്ലാത്തവര്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് റെയ്ഡ് അല്ലെങ്കില്‍ പരിശോധന നടത്തിച്ചതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; ബിബിസിയെയും അവരുടെ ഡോക്യുമെന്ററിയെയും കേന്ദ്രസര്‍ക്കാര്‍ വല്ലാതെ ഭയക്കുന്നുവെന്ന് തന്നെ. അല്ലെങ്കില്‍ ഇപ്പോഴത്തെ റെയ്ഡിന്റെ കാരണമെന്താണെന്ന് ബിജെപിയും കേന്ദ്ര സര്‍ക്കാരും വിശദീകരിക്കണം. പ്രതിപക്ഷം ഈ നടപടിയെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എന്നാല്‍ ബിജെപി ന്യായീകരിക്കുകയും ചെയ്തു. അത് പക്ഷേ അവരുടെ ഭീതി പ്രകടമാകുന്ന ന്യായീകരണങ്ങളായിപ്പോയി. ബിജെപി വക്താവ് ഗരവ് ഭാട്യ പറയുന്നത്, ബിബിസിയെന്നത് ഭ്രഷ്ട് ബക്‌വാസ് കോര്‍പറേഷന്‍ (അഴിമതി, ചവര്‍ കോര്‍പറേഷന്‍) ആണ് എന്നാണ്. രാജ്യ വിരുദ്ധ പ്രചരണത്തില്‍ ഏര്‍പ്പെട്ടുവെന്നും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ അവസരം നല്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും വിഷം ചീറ്റാന്‍ അവയെ അനുവദിക്കില്ലെന്നും ഭാ‍ട്യ പറഞ്ഞു വയ്ക്കുന്നുണ്ട്. അതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഇല്ലെന്ന്, അമിത് ഷാ കഴിഞ്ഞ ദിവസം അവകാശപ്പെട്ട ഭയം പ്രകടമാകുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന വെല്ലുവിളിയുണ്ട്. തങ്ങളെ പുകഴ്ത്തുന്നില്ലെങ്കില്‍ വേട്ടയാടുമെന്ന ഭീഷണിയുമുണ്ട്.


ഇതുകൂടി വായിക്കൂ: നീതി തേടുന്ന ഇരകള്‍


ഭാട്യ ബിബിസിയുടെ മേല്‍ ആരോപിച്ചിരിക്കുന്ന അഴിമതി നികുതി വെട്ടിപ്പാണ്. ബിബിസി നികുതി വെട്ടിപ്പോ അനധികൃത ഇടപാടുകളോ നടത്തിയെങ്കില്‍ അത് തെറ്റുതന്നെയാണ്. പക്ഷേ എപ്പോഴാണ് ബിബിസി നികുതി വെട്ടിച്ചു തുടങ്ങിയത്, കഴിഞ്ഞ ദിവസമായിരുന്നോ. ആദായ നികുതി വകുപ്പിനെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കൂ എന്നും ചില ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. ഇവിടെയും ഒരു ചോദ്യമുണ്ട്. ബിബിസി നികുതി വെട്ടിപ്പും അനധികൃത ഇടപാടുകളും നടത്തിയെങ്കില്‍ ഇത്രയും കാലം എന്തുകൊണ്ട് അത് മൂടിവച്ചു. ബിജെപിയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലുള്ളത്. ഒട്ടും ഭയമില്ലാത്തവരായിരുന്നുവെങ്കില്‍ നേരത്തെ തന്നെ ആദായ നികുതി വകുപ്പിനെയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയോ വിട്ട് ക്രമക്കേടുകള്‍ സ്ഥിരീകരിക്കാമായിരുന്നല്ലോ. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഒറ്റയുത്തരം ബിജെപി വല്ലാതെ ഭയപ്പെട്ടിരിക്കുന്നുവെന്നാണ്. ഗുജറാത്ത് കലാപവും അഡാനിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും ചര്‍ച്ചയാകുന്നത് തങ്ങള്‍ക്ക് ദോഷമാകുമെന്ന ഭയം. എത്ര മറച്ചുവയ്ക്കുവാന്‍ ശ്രമിച്ചാലും ഗുജറാത്ത് കലാപത്തിന്റെ പാപക്കറ തെളിഞ്ഞു വരുന്നല്ലോയെന്ന ഭയം. ഇതുവരെ ബിബിസിയെ തൊടേണ്ടതില്ലായിരുന്നു അവര്‍ക്ക്. അവരുടെ ശീതീകരിച്ച ചാനല്‍ മുറികളില്‍ അഭിമുഖം നല്കുന്നതിനായി കാത്തിരുന്നവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവരുടെ ഡോക്യുമെന്ററികളും വെളിപ്പെടുത്തലുകളും ബിജെപിയെ വല്ലാതെ ഭയപ്പെടുത്തുന്നു. അതുകൊണ്ടുള്ള വേട്ടയാടലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.