19 December 2024, Thursday
KSFE Galaxy Chits Banner 2

മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് മികച്ച സാമൂഹ്യപ്രവർത്തനം: കാനം

Janayugom Webdesk
കുറ്റിപ്പുറം
April 17, 2023 11:06 pm

മനുഷ്യരെ ഒന്നിപ്പിക്കാനാകുന്ന രാഷ്ട്രീയപ്രവർത്തനമാണ് ഏറ്റവും മികച്ച സാമൂഹ്യപ്രവർത്തനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന നാരായണൻ മാസ്റ്റർ സ്മാരക പ്രഥമ നൈതികതാ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർഭാഗ്യവശാൽ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ വർത്തമാനകാലത്ത് ഏറ്റവും ശക്തമായി നടക്കുകയാണ്. നാരായണൻ മാസ്റ്ററെ പോലുള്ള പാർട്ടി നേതാക്കൾ മുറുകെ പിടിച്ച സ്നേഹത്തിന്റെയും സഹനത്തിന്റെയും രാഷ്ട്രീയപ്രവർത്തനം ഇന്നിന്റെ കലുഷിതമായ സാഹചര്യങ്ങളെ മറികടക്കാൻ ഏറെ പ്രചോദനം നൽകുന്നതാണ്. ചുറ്റുമുള്ള സമൂഹത്തിന്റെ വേദനയ്ക്കും കണ്ണീരിനും പരിഹാരം കണ്ടെത്താനായിരുന്നു പഴയകാല നേതാക്കൾ രാഷ്ട്രീയപ്രവർത്തനത്തിലേക്കിറങ്ങിയത്. അവരുടെ ജീവിതത്തെ ആവേശവും മാതൃകയുമാക്കിയാണ് പതിനായിരങ്ങൾ ദേശീയ പ്രസ്ഥാനത്തിലേക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും ആകർഷിക്കപ്പെട്ടതും മുന്നണിപ്പോരാളികളായതും.

മതനിരപേക്ഷതക്കും തുല്യനീതിക്കും വേണ്ടി നിലകൊണ്ട മുൻകാല നേതാക്കളുമായുള്ള സഹവാസമാണ് തന്നിലെ പൊതുപ്രവർത്തകനെ രൂപപ്പെടുത്തിയതെന്നും കാനം പറഞ്ഞു. രാഷ്ട്രീയ നൈതികതാ സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിര്‍വഹിച്ചു.

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി അനുസ്മരണപ്രഭാഷണം നടത്തി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ അധ്യക്ഷനായി. എംഎൽഎമാരായ കെ ടി ജലീൽ, ആബിദ് ഹുസൈൻ തങ്ങൾ, സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അജിത് കൊളാടി, പി തുളസീദാസ് മേനോൻ, പി സുബ്രഹ്മണ്യൻ എന്നിവര്‍ സംസാരിച്ചു. അഡ്വ. ദീപനാരായണൻ സ്വാഗതവും ജയരാജ് എം നന്ദിയും പറഞ്ഞു. കെ നാരായണൻ മാസ്റ്റർ എൻഡോവ്മെന്റ് ചടങ്ങിൽ വിതരണം ചെയ്തു. ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു. 

Eng­lish Sum­ma­ry: The best social activ­i­ty is bring­ing peo­ple togeth­er: Kanam

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.