
നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കുകയെന്ന ഗീബല്‍സിയന്‍ തന്ത്രം വര്‍ത്തമാനകാല ഇന്ത്യക്ക് അപരിചിതമല്ല. പ്രക്ഷോഭങ്ങളെയും ദുരിതങ്ങളെയും വഴിതിരിച്ചുവിടുന്നതിന് കേന്ദ്ര സര്‍ക്കാരും ഗോദി മീഡിയയും അത് കുറേ കാലമായി അനുവര്‍ത്തിച്ചുവരുന്നുണ്ട്. മലിനീകരണത്തില്‍ പൊറുതിമുട്ടിയാണ് ഡല്‍ഹിയിലെ ചില സംഘടനകള്‍ സമരത്തിനെത്തിയത്. പ്രസ്തുത സമരത്തെയും വ്യാജപ്രചരണത്തിലൂടെ വഴിതിരിച്ചുവിടുന്നതിനാണ് ശ്രമങ്ങളുണ്ടായത്. അതിരൂക്ഷമായ പ്രശ്നങ്ങളാണ് ഡല്‍ഹി നിവാസികള്‍ നേരിടുന്നത്. രാജ്യതലസ്ഥാനത്തെ മലിനീകരണത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ആവിഷ്കരിക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി സര്‍ക്കാരുകള്‍ തങ്ങളുടെ വീഴ്ച മറച്ചുവയ്ക്കുന്നതിനാണ് ഈ തന്ത്രം പ്രയോഗിക്കുന്നത്. ഒരു വര്‍ഷം മുമ്പുവരെ അതിന്റെ ഉത്തരവാദിത്തം കയ്യൊഴിയുന്നതിന് ബിജെപിക്ക് സംസ്ഥാനം തങ്ങളല്ല ഭരിക്കുന്നതെന്ന കാരണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അന്നുണ്ടായിരുന്ന സമരങ്ങളില്‍ മുന്നില്‍ അവരായിരുന്നു. എഎപി സര്‍ക്കാരിന്റെ കൊള്ളരുതായ്മയാണ് കാരണമെന്ന് പറഞ്ഞാണ് സമരത്തിനിറങ്ങിയത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയെങ്കിലും ഒരു നടപടിയും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. നേരത്തെയുണ്ടായിരുന്ന എഎപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ചെയ്യുന്നതിനോ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനോ സാധിച്ചില്ല. മലിനീകരണം വന്‍തോതില്‍ കൂടുകയും ചെയ്തിരിക്കുന്നു. ഉത്തരവാദിത്തം ബിജെപിക്കായപ്പോള്‍ സമരങ്ങളോട് അവര്‍ക്ക് അലര്‍ജിയായിരിക്കുകയാണ്.
സമരങ്ങളെയും അതുയര്‍ത്തുന്ന മലിനീകരണ പ്രശ്നത്തെയും ഗീബല്‍സിയന്‍ രീതിശാസ്ത്രമുപയോഗിച്ച് വഴിതിരിച്ചുവിടുന്നതിനുള്ള തന്ത്രങ്ങള്‍ പയറ്റുകയാണ് ഡല്‍ഹി ഭരണകൂടം. ശൈത്യകാലത്ത് എക്കാലവും മലിനീകരണ പ്രശ്നങ്ങളും അതിനെതിരായ സമരങ്ങളും ഡല്‍ഹിയില്‍ പതിവായിരുന്നു. എന്നാല്‍ ഇത്തവണ സമരങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വഴിതിരിച്ചുവിടുകയാണ്. മലിനീകരണ വിഷയമുന്നയിച്ച് രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ കിട്ടുന്നു എന്ന് വന്നപ്പോഴാണ് പൊലീസിനെ ഉപയോഗിച്ച് കേസ് വഴിമാറ്റുന്നതിനുള്ള ശ്രമങ്ങളുണ്ടായത്. നേപ്പാളിലെയും മറ്റുമെന്നതുപോലെ ജെന്‍ സി പ്രക്ഷോഭമാകുന്നുവെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതോടെയാണ് ഈ കൗശലപ്രയോഗമുണ്ടായത് എന്നത് ശ്രദ്ധിക്കണം. നവംബര്‍ 10നും കഴിഞ്ഞ ദിവസവും വന്‍പങ്കാളിത്തത്തോടെ നടന്ന സമരങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യം ലഭിച്ചപ്പോള്‍, കേസിലേക്ക് നക്സല്‍ ബന്ധം വലിച്ചിഴയ്ക്കുകയും കുറേയാളുകളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പരിസ്ഥിതി, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം വധിക്കപ്പെട്ട മാവോയിസ്റ്റ് നേതാവ് മഡ്‌വി ഹിദ്മയുടെ ചിത്രമുള്ള ബാനര്‍ സമീപം ഉയര്‍ത്തിയെന്ന വിഷയമാണ് സമരത്തിന് നക്സല്‍ ബന്ധം ആരോപിക്കുന്നതിനും അറസ്റ്റിനും കാരണമായത്. സമരത്തില്‍ വന്ന് ബാനര്‍ ഉയര്‍ത്തിയതും മുദ്രാവാക്യങ്ങള്‍ മുഴക്കിയതും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ദൂരേക്ക് മാറിയെന്നും തങ്ങളുടെ സംഘത്തിന് വിഷയത്തില്‍ ബന്ധമില്ലെന്ന് അവരെ അറിയിച്ചുവെന്നും ഇക്കാര്യങ്ങള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണെന്നും സമരത്തിന് നേതൃത്വം നല്‍കിയ സംഘടനകളില്‍ ഒന്നിന്റെ പ്രവര്‍ത്തകന്‍ ആദിത്യ ആനന്ദ് മാധ്യമങ്ങളോട് പറയുകയുണ്ടായി. മലിനീകരണ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിന് മുൻകാലങ്ങളിലും വർത്തമാനങ്ങളിലും ഉത്തരവാദിത്തം വഹിക്കാനും ഞങ്ങൾ എല്ലാവരോടും വ്യക്തമായി പറഞ്ഞിരുന്നുവെന്നും ആദിത്യ പറയുന്നുണ്ട്. എന്നാൽ കാര്യങ്ങൾ വളച്ചൊടിക്കുകയും സമരത്തില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ചുവെന്നാരോപിക്കുകയും ചെയ്ത പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കര്‍ത്തവ്യപഥില്‍ നിന്ന് ലഭിച്ച ഒഴിഞ്ഞ കുപ്പിയാണ് കുരുമുളക് സ്പ്രേ ഉപയോഗിച്ചതിന് തെളിവായി പൊലീസ് ഉയര്‍ത്തിക്കാട്ടുന്നത്.
പൊലീസ് ഭാഷ്യത്തിനനുസരിച്ച് വാര്‍ത്തകള്‍ നല്‍കി ഗോദി മീഡിയയും സര്‍ക്കാരിന് തുണയേകി. 20ലധികം പേരെയാണ് തടവിലാക്കിയിരിക്കുന്നത്. ഇവരില്‍ പലരും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളാണ്. എന്നുമാത്രമല്ല ആരോഗ്യപ്രശ്നങ്ങളുള്ളവരെ അത് പരിഗണിക്കാതെയാണ് കസ്റ്റഡിയിലെടുത്തത്. മനുഷ്യാവകാശങ്ങളെല്ലാം ലംഘിച്ചാണ് പൊലീസ് നടപടി. ഭീമ കൊറേഗാവ് സംഭവത്തില്‍ നടന്ന അതിക്രമങ്ങളെ നഗര നക്സല്‍ പ്രയോഗത്തിലൂടെയും പൗരത്വഭേദഗതി നിയമവിരുദ്ധ സമരത്തെ ഡല്‍ഹി കലാപം കൊണ്ടും വഴിതിരിച്ചുവിട്ടത് നാം കണ്ടതാണ്. ദളിത് വിഭാഗങ്ങള്‍ നടത്തിയ റാലി തകര്‍ക്കുന്നതിന് തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തിയ കുത്സിത നീക്കങ്ങള്‍ ഭീമ കൊറേഗാവ് കേസിലൂടെ മറയ്ക്കപ്പെട്ടു. എത്രയോ പേര്‍ നഗര നക്സലുകളെന്ന പേരില്‍ ജയിലില്‍ കഴിയുകയാണ് ഇപ്പോഴും. ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള എല്ലാ പ്രക്ഷോഭ വേളകളിലും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. ഐതിഹാസിക കര്‍ഷക സമരത്തെ സിഖ് ഭീകരതയുമായി കൂട്ടിക്കെട്ടാനാണ് ശ്രമമുണ്ടായത്. തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ ദേശീയതയെ പ്രചോദിപ്പിക്കുവാന്‍ നടക്കുന്ന ശ്രമങ്ങളും അതിലുള്‍പ്പെടുന്നു. ഇതേ തന്ത്രമാണ് ഡല്‍ഹിയില്‍ നടക്കുന്ന മലിനീകരണവിരുദ്ധ സമരത്തിനുനേരെയും ഉണ്ടായിരിക്കുന്നത്. ഇതിലൂടെ സമരങ്ങളും എതിര്‍ശബ്ദങ്ങളും അടിച്ചമര്‍ത്തുന്നതിന് ഏത് ഹീനമാര്‍ഗവും സ്വീകരിക്കുമെന്ന ബിജെപി നിലപാടാണ് ഒരിക്കല്‍കൂടി വെളിപ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.