9 January 2026, Friday

Related news

January 6, 2026
January 2, 2026
December 31, 2025
December 31, 2025
December 29, 2025
December 28, 2025
December 27, 2025
December 26, 2025
December 18, 2025
December 15, 2025

21-ാം നൂറ്റാണ്ടിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം; ഗാസയില്‍ കൊ ല്ലപ്പെട്ടത് ഒരു ലക്ഷം പേര്‍

* യഥാര്‍ത്ഥ വ്യാപ്തി ആരോഗ്യ മന്ത്രാലയം കുറച്ചുകാണുന്നു 
* മരിച്ചവരില്‍ 56% സ്ത്രീകളും കുട്ടികളും 
Janayugom Webdesk
ഗാസ സിറ്റി
June 29, 2025 9:22 pm

ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ ഇതുവരെ ഒരു പലസ്തീനികള്‍ കൊല്ലപ്പെട്ടതായി പുതിയ റിപ്പോര്‍ട്ട്. ലണ്ടന്‍ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ മെെക്കല്‍ സ്പാഗറും പലസ്തീന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ ഖലീസ്‍ ഷികാകിയും നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. ഇസ്രയേല്‍ ദിനപത്രമായ ഹാരെറ്റ്സാണ് ഗവേഷകരുടെ കണ്ടെത്തല്‍ പ്രസീദ്ധീകരിച്ചത്. ഇസ്രയേല്‍ ആക്രമണത്തിനു പുറമേ, ഗാസയിലെ ആരോഗ്യ സംവിധാനത്തിന്റെ സമ്പൂർണ തകർച്ച കാരണവും പട്ടിണി, രോഗങ്ങൾ തുടങ്ങിയ യുദ്ധത്തിന്റെ പരോക്ഷ പ്രത്യാഘാതങ്ങൾ മൂലവും നിരവധി പേർ മരിച്ചുവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടും, 2023 ഒക്ടോബർ മുതൽ ഇസ്രയേൽ സൈന്യം ഗാസയ്ക്കെതിരെ ക്രൂരമായ ആക്രമണം നടത്തിവരികയാണ്. ഗാസയിലെ 2000 കുടുംബങ്ങളിലാണ് ഗവേഷകര്‍ സര്‍വേ നടത്തിയത്. 2025 ജനുവരി വരെ, ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 75,200 പേര്‍ ബോംബാക്രമണങ്ങളിലോ വെടിവയ്പിലോ കൊല്ലപ്പെട്ടുവെന്നാണ് നിഗമനം. 8,540 പേര്‍ രോഗം മൂലമോ, ചികിത്സ വെെകിയതുകാരണമോ മരിച്ചു. ഇസ്രയേല്‍ ആക്രമണം മൂലമുണ്ടായ പ്രതിസന്ധിയുടെ യഥാര്‍ത്ഥ വ്യാപ്തി ഗാസ ആരോഗ്യ മന്ത്രാലയം കുറച്ചുകാണുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 56,300 ആണ് ഗാസയിലെ മരണസംഖ്യ. ഗാസ മുനമ്പിലെ യുദ്ധത്തെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും രക്തരൂക്ഷിതമായ സംഘർഷങ്ങളിലൊന്നായാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. ജനസംഖ്യയുടെ നാല്% പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് മെെക്കല്‍ സ്പാഗര്‍ ചൂണ്ടിക്കാട്ടി. 21-ാം നൂറ്റാണ്ടിൽ ഇത്രയും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയ സംഘര്‍ഷം ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. 

സിറിയ, ഉക്രെയ്ൻ, സുഡാൻ എന്നിവിടങ്ങള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുതലാണെങ്കിൽ പോലും, കൊല്ലപ്പെട്ട സെെനികരുടെയും സാധരണക്കാരുടെയും അനുപാതത്തിലും ജനസംഖ്യാ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ മരണനിരക്കിന്റെ കാര്യത്തിലും ഗാസയാണ് ഒന്നാം സ്ഥാനത്ത്. ഗാസയിൽ അക്രമാസക്തമായ മരണത്തിലൂടെ കൊല്ലപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം, കൊസോവോ (20%), വടക്കൻ എത്യോപ്യ (9%), സിറിയ (20%), സുഡാൻ (23%) എന്നിവയുൾപ്പെടെ സമീപകാലത്തെ മറ്റെല്ലാ സംഘർഷങ്ങളിലും ഉള്ളതിനേക്കാൾ ഇരട്ടിയിലധികമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, കൊല്ലപ്പെട്ടവരിൽ 56% 18 വയസിന് താഴെയുള്ള കുട്ടികളും സ്ത്രീകളുമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഗാസ മുനമ്പില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം സമീപകാലത്തെ മറ്റ് സംഘര്‍ഷങ്ങളില്‍ ഉണ്ടായതിന്റെ ഇരട്ടിയിലധികമാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള മറ്റെല്ലാ സംഘർഷങ്ങളുമായും താരതമ്യപ്പെടുത്തുമ്പോൾ ഇതൊരു അസാധാരണമായ കണക്കാണെന്ന് ഇസ്രയേല്‍ ദിനപത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച മരണസംഖ്യ അതിശയോക്തിപരമാണെന്നാണ ഇസ്രയേലും ഭരണകൂട ചായ‍‍്‍‍വുള്ള മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. നിരവധി പലസ്തീനികളെ കൊന്നൊടുക്കിയിട്ടും, ഹമാസിനെ ഉന്മൂലനം ചെയ്യുക, ഗാസയിലെ തടവുകാരെ മോചിപ്പിക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇസ്രയേല്‍ ഭരണകൂടം വിജയം കണ്ടിട്ടില്ല. കഴിഞ്ഞ നവംബറിൽ, ഗാസയിൽലെ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.