മലയാളത്തിലെ ആദ്യ ചെറുകഥയെന്ന ഖ്യാതിയോടെ സാഹിത്യ മണ്ഡലത്തിൽ ശിരസുയർത്തി നിൽക്കുന്ന ‘വാസനാവികൃതി’ (1891) മുതൽ സമകാല മലയാള കഥാലോകത്തിലെ തലയെടുപ്പുള്ള കഥാകാരൻ ആർ. ഉണ്ണിയുടെ ‘എന്റെയാണെന്റെയാണീ കൊമ്പനാനകൾ’ വരെയുള്ള പന്ത്രണ്ടു കഥകളുടെ പഠനക്കുറിപ്പുകളാണ് കഥാലോകം എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. രചയിതാവ്, കൃതികൾ, പുരസ്കാരങ്ങൾ, പാഠസംഗ്രഹം, ആസ്വാദനപഠനം, റഫറൻസ് എന്നീ ക്രമത്തിലാണ് ഓരോ അധ്യായവും. അതിനാൽത്തന്നെ കൃതിയെക്കുറിച്ചും തൽക്കർത്താവിനെക്കുറിച്ചും വ്യക്തമായ അറിവോടുകൂടി നമുക്ക് കഥയിലേക്ക് പ്രവേശിക്കാനാവും. ഒരു രചന ഒരോ അനുവാചകനിലും വ്യത്യസ്ത മാനങ്ങളോടെയാണു വളരുന്നതെങ്കിലും സാഹിത്യ പഠന പ്രവേശികയെന്ന രീതിയിൽ വ്യത്യസ്ത മാനങ്ങളോടെ കഥയെ സമീപിക്കാനും രചനാതന്ത്രങ്ങളുടെ കുടുക്കഴിക്കാനും ഭാവുകനെ പ്രാപ്തനാക്കാൻ ഈ പഠനങ്ങൾ സഹായിക്കുന്നു. മുമ്പ് ഈ കഥകളിലൂടെ കടന്നുപോയ വായനക്കാർക്കും പുതുകാല വീക്ഷണത്തിന്റെ വെളിച്ചം പകരാൻ കുറിപ്പുകൾക്ക് കഴിയുന്നുണ്ട്.
ടി സി കല്യാണിയമ്മ (മനംപോലെ മംഗല്യം), കെ സരസ്വതിയമ്മ (പെൺബുദ്ധി), കാരൂർ നീലകണ്ഠപ്പിള്ള (മാലപ്പടക്കം), തകഴി ശിവശങ്കരപ്പിള്ള (വെള്ളപ്പൊക്കത്തിൽ), വൈക്കം മുഹമ്മദ് ബഷീർ(ഐഷുക്കുട്ടി), എം ടി വാസുദേവൻ നായർ (കർക്കിടകം), മാധവിക്കുട്ടി (കോലാട്), സാറാജോസഫ് (പാപത്തറ), എം മുകുന്ദൻ (ദൽഹി 1981), ഫ്രാൻസിസ് നൊറോണ (പെണ്ണാച്ചി) തുടങ്ങിയവരാണ് പഠനവിധേയമാകുന്ന മറ്റെഴുത്തുകാർ. വിവിധ കാലഘട്ടങ്ങളെയും ശൈലികളെയും പ്രതിനിധീകരിക്കുമ്പോൾത്തന്നെ കഥകളെയും കഥാകാരന്മാരെയും കോർത്തിണക്കുന്ന മാനുഷിക വീക്ഷണങ്ങളുടെ സാജാത്യം മലയാള സാഹിത്യത്തിന്റെ അനിതര സാധാരണമായ ഔന്നത്യത്തെ അടയാളപ്പെടുത്തുന്നുവെന്നത് വായനക്കാരന് കാണാതിരിക്കാനാവില്ല. അനുക്രമമായി വളർന്നു വികസിക്കുന്ന മലയാള കഥാലോകത്തിന്റെ വികസ്വരോന്മുഖതയെയും ഇതിലെ കഥകൾ അടയാളപ്പെടുത്തുന്നു. ഒപ്പം ഭാഷയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും ആഖ്യാനകലയുടെ രൂപപരിണാമങ്ങളെയും കഥകൾ കാട്ടിത്തരുന്നു.
സരസ്വതിയമ്മയെ വിലയിരുത്തുമ്പോൾ, ‘പുരുഷന്മാരായ എഴുത്തുകാർക്ക് എത്ര മോശപ്പെട്ട ജീവിതത്തെക്കുറിച്ചും എഴുതാൻ സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ സ്ത്രീ എഴുത്തുകാരികൾ എഴുതുന്നതെന്തും അവരുടെ വ്യക്തി ജീവിതത്തോടു ബന്ധപ്പെടുത്തി വായിക്കുന്ന രീതിയാണ് എക്കാലത്തും ഉള്ളത്’ എന്ന പ്രസക്തമായ യാഥാർത്ഥ്യം അനാവൃതമാക്കപ്പെടുന്നു. ഫെമിനിസമെന്ന പൊതുധാരയിൽ ഉൾപ്പെടുത്താനാകുമെങ്കിലും, ഒരു റാഡിക്കൽ ഫെമിനിസ്റ്റായിരുന്നില്ല മാധവിക്കുട്ടിയെന്നും നിരീക്ഷിക്കപ്പെടുന്നു. സമകാലപ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെ പ്രമേയം മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം സാർവലൗകികമാണെന്നും വിലയിരുത്തപ്പെടുന്നു. കേരളത്തിലെ സർവകലാശാലകളിൽ 2024–25 അധ്യയനവർഷം നടപ്പിൽവന്ന എഫ് വൈയുജിപിയുടെ ഭാഗമായാണ് ഈ പുസ്തകം രൂപംകൊണ്ടത്. എഴുത്തുകാരിയും ഗവേഷക മാർഗ്ഗദർശിയുമായ ഡോ. നിത്യ പിവിശ്വം പുസ്തകം സങ്കലനം ചെയ്തിരിക്കുന്നു. ഡോ. ഉഷ ആർ. ബി, ശരജ ആർ, അശ്വതി പി, ലക്ഷ്മി സി പിള്ള, രാഖി ആർ, ആര്യ രാജ് ആർ, ഡോ. വിദ്യ ഡി ആർ, എസ് ആർ ഹരിത, ഡോ. മഹാലക്ഷ്മി പി ജെ, ഡോ. സ്വപ്ന സി കോമ്പാത്ത് എന്നിവരാണ് മറ്റെഴുത്തുകാർ.
കഥാലോകം
(പഠനം)
എഡിറ്റർ: ഡോ. നിത്യ പി വിശ്വം
പ്രസാധനം: ശ്രീനാരായണ കോളജ് മലയാളം വിഭാഗം, കൊല്ലം
വില: ₹160
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.