
ന്യൂഡൽഹി: നേതൃത്വം വിളിച്ചുചേർത്ത സുപ്രധാന യോഗങ്ങളിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും വിട്ടുനിന്ന എംപി ശശി തരൂരിന്റെ നടപടി കോൺഗ്രസിനുള്ളിൽ വീണ്ടും അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ നിർണായക യോഗത്തിലാണ് തിരുവനന്തപുരം എംപി പങ്കെടുക്കാതിരുന്നത്. തരൂരിനെ കൂടാതെ മറ്റൊരു എംപിയായ മനീഷ് തിവാരിയും യോഗത്തിൽ പങ്കെടുത്തില്ല. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ നടന്ന പ്രധാനപ്പെട്ട മൂന്ന് യോഗങ്ങളിൽ നിന്നാണ് തരൂർ വിട്ടുനിന്നത്. നവംബർ 30ന് നടന്ന സ്ട്രാറ്റജിക് ഗ്രൂപ്പ് മീറ്റിങ്ങിലും പങ്കെടുത്തിരുന്നില്ല. വിമാനയാത്രയിലായിരുന്നതിനാലും കേരളത്തിലേക്ക് മടങ്ങുന്നതിനാലുമാണ് യോഗം ഒഴിവാക്കിയതെന്ന് അന്ന് അദ്ദേഹം വിശദീകരിച്ചു. 12 സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുടെ വോട്ടർപട്ടിക പരിഷ്കരണ യോഗത്തിലും തരൂർ വിട്ടുനിന്നു. ഡൽഹിയിലുണ്ടായിരുന്നിട്ടും യോഗത്തിൽ എത്താതിരുന്ന അദ്ദേഹം, അതേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി സമൂഹമാധ്യമ പോസ്റ്റിട്ടിരുന്നു.
ഡിസംബര്‍ 19ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബിജെപിക്കെതിരായ ആക്രമണങ്ങള്‍ ഏത് വിധത്തില്‍ വേണമെന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും മറ്റുമാണ് കോണ്‍ഗ്രസിന്റെ ഇന്ന് നേതൃയോഗം വിളിച്ചത്. കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന്റെ സഹായിയായിരുന്ന ജോണ്‍ കോശിയുടെ വിവാഹം, സഹോദരി സ്മിത തരൂരിന്റെ ജന്മദിനം എന്നിവയാണ് യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണങ്ങളെന്ന് ശശി തരൂര്‍ പറയുന്നു.
തുടർച്ചയായി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനിടെ ബിജെപിയുമായി വര്‍ധിച്ചുവരുന്ന അടുപ്പവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപിയെയും പ്രശംസിക്കുന്ന പരാമര്‍ശങ്ങള്‍ തരൂര്‍ നടത്തിയതില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 30 ന് നടന്ന യോഗത്തിന് ഒരു ദിവസം മുമ്പ് പ്രധാനമന്ത്രി സംസാരിച്ച ഒരു സ്വകാര്യ പരിപാടിയില്‍ തരൂര്‍ പങ്കെടുക്കുകയും പ്രസംഗത്തെ പ്രശംസിച്ച് എഴുതുകയും ചെയ്തിരുന്നു. ഇതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ആതിഥേയത്വം വഹിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ട ഏക കോൺഗ്രസ് നേതാവ് ശശി തരൂരായിരുന്നു. പാർട്ടിയിൽ നിന്ന് വിമർശനം ഉയർന്നിട്ടും തരൂർ വിരുന്നിൽ പങ്കെടുക്കുകയും പരിപാടിയെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതും പാര്‍ട്ടിയില്‍ പുതിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. എന്നാല്‍ വിദേശകാര്യ സമിതിയുടെ ചെയർപേഴ്സണെ ഇത്തരം ഔദ്യോഗിക പരിപാടികളിലേക്ക് ക്ഷണിക്കുന്നത് ഒരു പഴയ പതിവാണെന്നും ക്ഷണം ലഭിച്ചത് ബഹുമതിയായി കരുതുന്നുവെന്നും തരൂര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.