8 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 25, 2024
October 18, 2024
October 17, 2024
September 28, 2024
September 25, 2024
September 25, 2024
September 23, 2024
September 19, 2024
September 17, 2024
September 3, 2024

നവജാതശിശുവിനെ കുഴിച്ചിട്ട സംഭവം; ഒന്നാം പ്രതി ഡോണാ ജോജിയുമായി തെളിവെടുപ്പ് നടത്തി

Janayugom Webdesk
ആലപ്പുഴ
August 20, 2024 5:20 pm

നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ മാതാവുമായ പൂച്ചാക്കൽ ഉളവയ്പ്പ് ആനമുട്ടിച്ചിറയിൽ ‍ഡോണജോജിയെ (22) അന്വേഷണ സംഘം പൂച്ചാക്കലെ വീട്ടിലും ഹരിപ്പാട് ഭാഗത്തെ ആശുപത്രിയിലുമെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞദിവസം വൈകുന്നേരമാണ് പൂച്ചാക്കൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനെത്തിച്ചത്. പ്രസവം നടന്ന ഡോണയുടെ ബെഡ്റൂം, പ്ലാസന്റയും മറ്റും കുഴിച്ച് മൂടിയ സ്ഥലം, കുഞ്ഞിനെ ടെറസിലെ സൺഷേഡിൽ സൂക്ഷിച്ച സ്ഥലം എന്നിവിടങ്ങൾ വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് ഡോണ കാട്ടിക്കൊടുത്തു. പ്രസവസമയത്ത് ഡോണ ധരിച്ചിരുന്ന വസ്ത്രങ്ങളും കിടക്കവിരികളും അന്വേഷണ സംഘം തെളിവുശേഖരണത്തിനായി കസ്റ്റഡിയിലെടുത്ത് ഫോറൻസിക് വിഭാഗത്തിന് കൈമാറി. ഗർഭിണിയാണെന്ന സംശയത്തിൽ ഡോണയും തോമസും ചികിത്സയ്ക്കെത്തിയ ഹരിപ്പാട് ഭാഗത്തെ സ്വകാര്യ ആശുപത്രിയിലും ഡോണയെ എത്തിച്ച് തെളിവെടുത്തു. 

ആശുപത്രി രജിസ്റ്ററിൽ നിന്ന് പേരും വിലാസവും രേഖപ്പെടുത്തിയതിന്റെ തെളിവുകൾ ശേഖരിച്ചതിനൊപ്പം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും ഡോക്ടറുടെയും സാന്നിദ്ധ്യത്തിൽ ഡോണയെ തിരിച്ചറിയുകയും ചെയ്തു. തെളിവെടുപ്പിന് ശേഷം സ്റ്റേഷനിലെത്തിച്ച ഡോണയുടെ മൊഴികൾ ഇന്ന് പൊലീസ് സംഘം വിശദമായി രേഖപ്പെടുത്തി. കേസിൽ കസ്റ്റഡിയിലായിരുന്നരണ്ടും മൂന്നും പ്രതികളായ തോമസ്, അശോക് എന്നിവരുടെ മൊഴികളുമായി ഡോണയുടെ മൊഴികൾ താരതമ്യം ചെയ്ത അന്വേഷണ സംഘം ചില പൊരുത്തക്കേടുകളിൽ വ്യക്തത വരുത്തി വരികയാണ്. ഇതിനായി മൊബൈൽ കോൾ രേഖകളും തെളിവുകളും കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി ഡോണയെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെ വൈകുന്നേരത്തോടെ കോടതിയിൽ തിരികെ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കുഞ്ഞിന്റെ രാസപരിശോധനാഫലം വരുന്നമുറയ്ക്ക് മരണ കാരണം വ്യക്തമാകുമെന്നിരിക്കെ ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.