
സമാധാന കരാര്‍ പ്രാബല്യത്തിലെത്തി ഒമ്പത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വെടിനിര്‍ത്തല്‍ കരാര്‍ തകരുമോയെന്ന ആശങ്കയില്‍ പലസ്തീനികള്‍. സ്ഥിരമായ വെടിനിർത്തലിലേക്ക് നീങ്ങാനുള്ള യുഎസ് തയ്യാറാക്കിയ പദ്ധതിയുടെ രണ്ടാം ഘട്ടം എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇസ്രയേല്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലും പൂർണ തോതിലുള്ള യുദ്ധം പുനരാരംഭിക്കുമോ എന്നാണ് ഗാസ നിവാസികളുടെ ഭയം. ഹമാസ് അംഗങ്ങള്‍ ആക്രമണം നടത്തിയെന്നാരോപിച്ച് വ്യാപകമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ സെെന്യം ഗാസയുടെ വിവിധ മേഖലകളില്‍ നടത്തിയത്. വെടിനിർത്തൽ ആരംഭിച്ചതിനുശേഷം, ആക്രമണങ്ങളോ ആളപായമോ ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ലെന്ന് പലസ്തീനികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗാസയുടെ ഏകദേശം 50% ഇപ്പോഴും ഇസ്രായേൽ സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ട്. ഭൂപടങ്ങളിൽ മഞ്ഞ രേഖയിലാണ് ഇസ്രയേല്‍ അധിനിവേശ പ്രദേശങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളത്. വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ സാധാരണക്കാർക്ക് യാത്രാനുമതി നല്‍കിയ പ്രദേശങ്ങള്‍ ഏതൊക്കെയാണെന്നും ഇത് സൂചിപ്പിക്കുന്നു. ഈ രേഖ കടന്നുവെന്നാരോപിച്ചാണ് വാഹനങ്ങള്‍ക്കുനേരെയും പലസ്തീനികള്‍ക്കുനേരെയും ഇസ്രയേല്‍ സേന വെടിയുതിര്‍ക്കുന്നത്.
അടയാളങ്ങളില്ലാത്തതിനാല്‍ അതിര്‍ത്തി മേഖലകള്‍ തിരിച്ചറിയാനാകുന്നില്ല. കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ച് ഇവ അടയാളപ്പെടുത്തുമെന്ന് ഇസ്രയേല്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല. വിവിധയിടങ്ങളിലേക്ക് പലായനം ചെയ്ത പലസ്തീനികളുമായി എത്തുന്ന വാഹനങ്ങള്‍ അബദ്ധവശാല്‍ ഈ രേഖ കടക്കുന്നതോടെ ഇസ്രയേല്‍ സെെന്യം വെടിയുതിര്‍ക്കും.
ആക്രമണങ്ങള്‍ തീവ്രമായിരുന്ന ദിവസങ്ങളില്‍ പോലും ഇരുവിഭാഗത്തിനും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും വെടിനിർത്തൽ തുടരുമെന്നും പലസ്തീനികൾ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ക്ഷണികമായ ആശ്വാസത്തിനുശേഷം ഇസ്രയേല്‍ ബോംബാക്രമണം പുനരാരംഭിച്ചത് പലസ്തീനികളുടെ അരക്ഷിതത്വം വര്‍ധിപ്പിക്കുന്നു. വെടിനിർത്തൽ തുടരുമെന്നും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതം മെച്ചപ്പെടുകയും അങ്ങനെ ഒരുദിവസം മാതൃരാജ്യത്തേക്ക് മടങ്ങാൻ കഴിയുകയും ചെയ്യുമെന്നാണ് ഒരോ ഗാസ നിവാസിയും ആഗ്രഹിക്കുന്നത്. വാസയോഗ്യമല്ലെങ്കിലും ഗാസയെ വീണ്ടെടുത്ത് പുതുജീവിതം ആരംഭിക്കാനുള്ള ഇച്ഛാശക്തി ഓരോ പലസ്തീനികള്‍ക്കുമുണ്ടെങ്കിലും അതിനെയെല്ലാം തകര്‍ത്തെറിയുകയാണ് ഇസ്രയേല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.