കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകുന്നകാര്യം പരിശോധനയ്ക്കുശേഷമെന്നു കേന്ദ്ര സർക്കാർ. കേന്ദ്രാനുമതി ലഭ്യമാക്കാനായി കെ റയിൽ സമർപ്പിച്ച ഡിപിആർ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. സാങ്കേതിക‑സാമ്പത്തിക സാധ്യതകൾ പരിശോധിച്ച ശേഷമേ പദ്ധതിക്ക് അന്തിമാനുമതി നൽകുകയുള്ളൂവെന്നും എൻ കെ പ്രേമചന്ദ്രനും കെ മുരളീധരനും പാർലമെന്റിൽ നൽകിയ ചോദ്യത്തിന് കേന്ദ്ര റയിൽവേ മന്ത്രി മറുപടി നൽകി. വസ്തുത ഇതായിരിക്കെ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നൽകില്ലെന്ന് കേരളത്തിലെ പ്രതിപക്ഷം ദൃശ്യമാധ്യമങ്ങളെ അറിയിച്ചതോടെ സംഭവം വിവാദമായി. പാരിസ്ഥിതിക പഠന റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് റിപ്പോർട്ട് പ്രത്യേകമായി സമർപ്പിച്ചിട്ടില്ലെങ്കിലും പാരിസ്ഥിതിക പഠന റിപ്പോർട്ട് ഡിപിആറിന്റെ പതിനാലാം അധ്യായമായി ഉള്ളടക്കം ചെയ്തിട്ടുണ്ടെന്നും മറുപടിയിലുണ്ട്. സംസ്ഥാന സർക്കാർ വിദേശ വായ്പക്ക് അനുമതി ചോദിച്ച് വല്ല അപേക്ഷയും സമർപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇതിനുള്ള അപേക്ഷ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന് കെ റയിൽ സമർപ്പിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.
അതേസമയം സിൽവർ ലൈനിന് ഇതുവരെയും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുമില്ല, പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയിട്ടുമില്ലെന്ന് കെ റയിൽ അധികൃതർ അറിയിച്ചു. പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചതായി കെ റയിൽ എവിടെയും പറഞ്ഞിട്ടില്ല. തത്വത്തിൽ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള പ്രീ ഇൻവെസ്റ്റ്മെന്റ് നടപടികളാണ് കേരളത്തിൽ ഇപ്പോൾ നടന്നു വരുന്നത്. സ്വകാര്യഭൂമിയുടെ വിശദാംശങ്ങൾ മനസിലാക്കുന്നതിനു കൂടിയാണ് ഇപ്പോൾ സാമൂഹികാഘാത പഠനം നടത്തുന്നത്. പതിനൊന്നു ജില്ലകളിലും സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഈ പഠനങ്ങൾ പൂർത്തിയാകുന്നതോടെ, അലൈൻമെന്റ് പ്ലാൻ, റയിൽവേ ഭൂമിയുടേയും സ്വകാര്യ ഭൂമിയുടേയും കണക്ക്, നിലവിലുള്ള റയിൽവേയുടെ ക്രോസിങുകൾ, ബാധിക്കപ്പെടുന്ന റയിൽവേ ഭൂമി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയാകും. ഇത്രയും സാങ്കേതിക കാര്യങ്ങളിൽ അന്തിമ തീരുമാനമാകുന്നതോടെ സാമ്പത്തിക സാധ്യതയും പരിശോധിക്കാൻ സാധിക്കും. അത്രയുമാണ് പാർലമെന്റിൽ റയിൽവേ മന്ത്രി വ്യക്തമാക്കിയതെന്ന് കെ റയില്‍ അധികൃതര്‍ വിശദീകരിച്ചു.
സർക്കാർ അപ്പീല്‍ നല്‍കി കൊച്ചി
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ നൽകി. ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികൾ സിംഗിൾ ബെഞ്ച് നേരത്തെ തടഞ്ഞിരുന്നു, ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. സിംഗിൾ ബെഞ്ച് ഉത്തരവ് സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുക്കാതെയാണെന്ന് അപ്പീലിൽ പറയുന്നു. ഹർജിയിലെ പരിഗണനാ വിഷയങ്ങൾക്ക് അപ്പുറം കടന്നാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സർവേ നിർത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴിവയ്ക്കും. സാമൂഹികാഘാത സർവേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാൻ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കുമെന്നും ഹർജിയിൽ പറയുന്നു.
English :The Center said that the approval for the Silver Line was after verification
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.