19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
September 13, 2024
July 14, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024

ട്രംപിന്റെ സന്ദര്‍ശനത്തിന് ചെലവ് 38 ലക്ഷമെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂ‍ഡല്‍ഹി
August 18, 2022 9:50 pm

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെ നടത്തിയ 36 മണിക്കൂര്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് 38 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് വിവരാവകാശ രേഖകള്‍. ഫെബ്രുവരി 24,25 തീയതികളിലാണ് ട്രംപ് ഇന്ത്യയിലെത്തിയത്. താമസം, ഭക്ഷണം, സുരക്ഷ തുടങ്ങി നിരവധിയിനങ്ങളിലായാണ് തുക ചെലവഴിച്ചതെന്ന് വിദേശകാര്യമന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മിഷന് നല്‍കിയ മറുപടിയില്‍ പറയുന്നു. എന്നാല്‍ ചേരി പ്രദേശങ്ങള്‍‍ മറച്ചുകെട്ടുന്നതിനും അഹമ്മദാബാദ് നഗരത്തിന്റെ സൗന്ദര്യവത്കരണത്തിനും ഉള്‍പ്പെടെ ഗുജറാത്ത് സര്‍ക്കാര്‍ നൂറ് കോടിയിലധികം ചെലവഴിച്ചതായാണ് കണക്കുകള്‍.

ട്രംപിന്റെ ആദ്യ സന്ദര്‍ശനമായിരുന്നു 2020ലേത്. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, മരുമകന്‍ ജാവേദ് കുഷ്നര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധിപ്പേരാണ് അഹമ്മദാബാദ്, ആഗ്ര, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വാര്‍ഷിക ബജറ്റിന്റെ 1.5 ശതമാനമാണ് ട്രംപിന്റെ സന്ദര്‍ശനത്തിന് വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ ചെലവഴിച്ചത്. അഹമ്മദാബാദ് നഗരത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് ട്രംപ് ചെലവഴിച്ചത്. നഗരത്തിന്റെ സൗന്ദര്യവത്കരണത്തിനായി മാത്രം 80 മുതല്‍ 85 കോടി രൂപ വരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെലവഴിച്ചത്. ഒരു ലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയില്‍ 12,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്. സര്‍ദാര്‍ വല്ലഭായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയം വരെയുള്ള 20 കിലോമീറ്റര്‍ റോഡ് വീതികൂട്ടുന്നതിനൊപ്പം ചേരി പ്രദേശങ്ങളെ മറച്ചുപിടിക്കാന്‍ വലിയ മതിലും കെട്ടിയുയര്‍ത്തിയിരുന്നു.

റോഡ് മിനുക്കാനുള്ള 80 കോടിക്ക് പുറമെ പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് 12–15 കോടി, ഗതാഗത സൗകര്യത്തിനും മൊട്ടോര സ്റ്റേഡിയത്തിലെത്തിയ അതിഥികളുടെ താമസത്തിനുമായി 7–10 കോടി, പൂക്കളുള്ള ചെടികള്‍ ഉള്‍പ്പെടെ വച്ച് നഗര സൗന്ദര്യവല്കരണത്തിന് നാല് കോടി എന്നിങ്ങനെയായിരുന്നു ചെലവുകള്‍. ട്രംപിന്റെയും സംഘത്തിന്റെയും സന്ദര്‍ശത്തിന് ചെലവഴിച്ച തുകയെക്കുറിച്ച് മിഷാല്‍ ഭതേനയെന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്. 2020 ഒക്ടോബര്‍ 24നാണ് ഭതേന അപേക്ഷ നല്‍കിയത്. കോവിഡ് മൂലമാണ് മറുപടി വൈകിയതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുപിടിച്ചാണ് കേന്ദ്രം മറുപടി നല്‍കിയിരിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry: The cen­ter said that the cost of Trump’s vis­it is 38 lakhs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.