3 January 2026, Saturday

കപ്പൽച്ചാലിന്റെ ആഴം 16 മീറ്ററാക്കുന്നു മുഴുവൻ ചെലവും കൊച്ചിൻ പോർട്ട് വഹിക്കണമെന്ന് കേന്ദ്രം

ബേബി ആലുവ
കൊച്ചി
April 14, 2023 9:59 pm

വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള കപ്പൽചാലിന്റെ നിലവിലുള്ള ആഴം വർധിപ്പിക്കാൻ, കൊച്ചി തുറമുഖ അതോറിട്ടിക്കു മേൽ വൻ സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ച് കേന്ദ്രം. കപ്പൽച്ചാലിന്റെ ആഴം ഇപ്പോഴുള്ള 14.5 മീറ്ററിൽ നിന്ന് 16 ആയി ഉയർത്താനാണ് കേന്ദ്ര തീരുമാനം. എന്നാൽ, ഇതിന്റെ മുഴുവൻ ചെലവും വഹിക്കാനുള്ള ബാധ്യത തുറമുഖ ട്രസ്റ്റിനാണ്. കൊൽക്കത്ത അടക്കമുള്ള ചില തുറമുഖങ്ങളുടെ ഡ്രഡ്ജിങ് ചെലവുകൾ പൂർണ്ണമായി കേന്ദ്രം വഹിക്കുമ്പോൾ, കൊച്ചി തുറമുഖത്തെ ഞെക്കിപ്പിഴിയാനുള്ള നീക്കത്തിൽ കടുത്ത എതിർപ്പുമായി പോർട്ടിലെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ കപ്പൽചാലിന്റെ ആഴം നിലനിർത്താൻ വർഷംതോറും ഡ്രഡ്ജിങ് നടത്തേണ്ടതുണ്ട്. നിലവിൽ ഈ ചെലവ് വഹിക്കുന്ന തുറമുഖ ട്രസ്റ്റാണ്. 

140 കോടി രൂപ ഒരു വർഷത്തെ ഡ്രഡ്ജിങ് ചെലവിനായി മാത്രം വേണ്ടി വരുന്നതിന് പുറമെ, മത്സരം ഉറപ്പാക്കാനെന്ന പേരിൽ, കപ്പലുകളുടെ നിരക്കിൽ സൗജന്യം അനുവദിക്കുന്നതിനു വേണ്ടി 60 കോടിയും ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. 2011 മുതൽ ആഴം നിലനിർത്തുന്നതിനുള്ള ഡ്രഡ്ജിങ് നടത്തിവരുകയാണ്. ആ ഇനത്തിൽ പോർട്ടിന് നഷ്ടമായത് ഭീമമായ തുകയാണ്. പോർട്ട് ട്രസ്റ്റും ടെർമിനലിന്റെ നടത്തിപ്പുകാരായ ഡിപി വേൾഡും തമ്മിലുണ്ടാക്കിയ കരാറിൽ കപ്പൽചാലിന്റെ ആഴം 14.5 മീറ്ററായി നിലനിർത്തണം എന്നു മാത്രമേ വ്യവസ്ഥ ചെയ്തിട്ടുള്ളു.
ടെർമിനലിലേക്ക് വലിയ കപ്പലുകൾ അടുക്കുന്നതിനായി നിലവിലെ ആഴം 16 മീറ്ററായി ഉയർത്തണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിനായി 400 കോടി രൂപയുടെ ക്യാപിറ്റൽ ഡ്രഡ്ജിങുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 

ഈ ആഴം നിലനിർത്താൻ നിലവിലെ 140 കോടിക്കു പുറമെ, പുതുതായി 100 കോടി രൂപയുടെ ബാധ്യത കൂടി കൊച്ചിൻ പോർട്ട് ഏറ്റെടുക്കേണ്ടതായി വരും. ആദ്യ ഘട്ടത്തിലെ ചെലവ് കേന്ദ്രം വഹിക്കും. പിന്നീട് വരുന്ന ബാധ്യതകളെല്ലാം തുറമുഖ ട്രസ്റ്റ് ഏറ്റെടുക്കണം. അതേ സമയം, കപ്പൽചാലിന്റെ ആഴം കൂട്ടിയാൽ വലിയ കപ്പലുകൾ എത്തിക്കുമെന്നോ, വരുമാന വർധനവ് ഉറപ്പാക്കി പോർട്ടിന് നൽകുമെന്നോ ഉപകരാർ ഉണ്ടാക്കാൻ ഡിപി വേൾഡ് തയ്യാറായിട്ടുമില്ല. അവരുമായി ഉണ്ടാക്കിയിട്ടുള്ള നിലവിലെ കരാർ റദ്ദാക്കണമെന്ന ആവശ്യം വർഷങ്ങളായി വിവിധ കേന്ദ്രങ്ങളിൽ നിന്നുയരുന്നുണ്ട്. ആവർത്തന ഡ്രഡ്ജിങ് ചെലവുകൾ പൂർണമായി വഹിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് കൊച്ചിൻ പോർട്ട് ആന്റ് ഡോക്ക് എംപ്ലോയിസ് യൂണിയൻ (എഐടിയുസി ) പ്രസിഡന്റ് പി രാജു, ജനറല്‍ സെക്രട്ടറി വി സി താഹ എന്നിവര്‍ ആവശ്യപ്പെട്ടു. 

ഇതിനിടെ, ആഴം വർധിപ്പിക്കുന്നത് മൂലം സംഭവിക്കാവുന്ന ഗുരുതര പാരിസ്ഥിതിക ആഘാതങ്ങളെ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്ന ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. ഓരോ വർഷവും വല്ലാർപ്പാടത്ത് കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ എണ്ണത്തിൽ വലിയ ഇടിവാണുണ്ടാകുന്നതെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. 14.74 കോടി രൂപയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പോർട്ട് ട്രസ്റ്റിനായി വകയിരുത്തിയത്. 

Eng­lish Summary;The Cen­ter will make Cochin Port bear the entire cost of deep­en­ing the nave to 16 meters
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.