
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബില്‍ രാജ്യത്തെ ഫെഡറൽ തത്വങ്ങൾക്കെതിരും വൈദ്യുതിമേഖലയുടെ തകർച്ചയ്ക്കും കാരണമാകുന്നതുമാണെന്നും അത് പിൻവലിക്കണമെന്നുമുള്ള കേരളത്തിന്റെ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഭേദഗതികൾക്കെതിരെ കേരളത്തിന്റെ ശക്തമായ എതിർപ്പ് കേന്ദ്രത്തെ അറിയിക്കും. സംസഥാനത്തെ വൈദ്യുതി വിതരണ മേഖലയെ പൊതുമേഖലയിൽ നിലനിർത്തുന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കരട് വൈദ്യുതി നിയമ ഭേദഗതി ബില്ലിലെ നിർദേശങ്ങൾ പൊതുമേഖലാ വൈദ്യുതി വിതരണ സ്ഥാപനങ്ങൾക്ക് വലിയ ഭീഷണിയാകുംം. ബില്‍ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുന്നതും നിരക്കുവർധനവിന് വഴിവയ്ക്കുന്നതുമാണ്. വൈദ്യുതി വിതരണ മേഖലയിലെ ലൈസൻസിങ് യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുകയാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ പൊതുമേഖലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്തതുമായ അതിവിപുലമായ വൈദ്യുതി വിതരണ ശൃംഖലകൾ സ്വകാര്യ കമ്പനികളുടെ ലാഭക്കച്ചവടത്തിനായി വിട്ടുകൊടുക്കും.
ഒരു പ്രദേശത്ത് ഒരേ ശൃംഖലയിൽനിന്നു വിവിധ കമ്പനികൾക്ക് വൈദ്യുതി വിതരണം നടത്താൻ അനുവാദം നൽകുക വഴി സ്വകാര്യ കമ്പനികൾക്ക് റവന്യു ശേഷിയുള്ള വൻകിടക്കാരെ മാത്രം തെരഞ്ഞെടുക്കാൻ അവസരമൊരുങ്ങും. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നതിനുള്ള ബാധ്യത നിറവേറ്റേണ്ടിവരുന്ന പൊതുമേഖല വലിയ നഷ്ടത്തിലേക്കും തകർച്ചയിലേക്കും നീങ്ങും. മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നൽകി വരുന്ന ക്രോസ് സബ്സിഡി സമ്പ്രദായം നിർത്തലാക്കുന്നതോടെ, സമൂഹത്തിലെ ദുർബല വിഭാഗത്തിനും കർഷകർക്കും വൈദ്യുതി അപ്രാപ്യമാകുന്ന അവസ്ഥയാണ് സംജാതമാവുക.
കർഷകർ ഉൾപ്പെടെയുള്ള ഏതെങ്കിലും വിഭാഗങ്ങൾക്ക് സൗജന്യം നൽകണമെങ്കിൽ, സംസ്ഥാന സർക്കാരുകൾ പണം കമ്പനികൾക്ക് മുൻകൂട്ടി നൽകണം. ഇത് സംസ്ഥാനങ്ങൾക്ക് അധികഭാരമാകും. ജിഎസ്‌ടി കൗൺസിൽ പോലെ ദേശീയതലത്തിൽ ഇലക്ട്രിസിറ്റി കൗൺസിൽ രൂപീകരിക്കുന്നതോടെ സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരങ്ങൾ വൈദ്യുതി മേഖലയിലും അപ്രസക്തമാകും. വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രത്തിന്റെ നിയന്ത്രണം വർധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.