
ഏതാണ്ട് ഒരു മാസം മുമ്പാണ് കേന്ദ്ര തൊഴിൽമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യയിലെ തൊഴിലില്ലായ്മ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ടത്. രാജ്യത്തെ തൊഴിലില്ലായ്മ ജി 20 രാജ്യങ്ങളിൽ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സർക്കാര്‍ ഇക്കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ തന്നെ മന്ത്രിയുടെ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഓഗസ്റ്റില്‍ 5.1% ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക് സെപ്റ്റംബറില്‍ 5.2% ആയി ഉയര്‍ന്നുവെന്നാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ തൊഴിലില്ലായ്മ വര്‍ധിച്ചു. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 4.3% ആയിരുന്നത് സെപ്റ്റംബറില്‍ 4.6% ആയി ഉയര്‍ന്നതായി പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ വ്യക്തമാക്കുന്നു. നഗരങ്ങളിലെ നിരക്ക് 6.7 ശതമാനത്തില്‍ നിന്ന് 6.8% ആയും ഉയര്‍ന്നു. നഗര — ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകള്‍ തന്നെയാണ് തൊഴിലില്ലായ്മാ നിരക്കിലും മുന്നിട്ടുനില്‍ക്കുന്നത്. നഗരവനിതകളുടെ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 8.9% ആയിരുന്നത് സെപ്റ്റംബറില്‍ 9.3% ആയി. ഗ്രാമങ്ങളില്‍ ഇത് 5.2 ശതമാനത്തില്‍ നിന്ന് 5.5% ആയും ഉയര്‍ന്നു. അതോടൊപ്പം നഗരങ്ങളില്‍ തൊഴിലില്ലാത്ത പുരുഷന്മാരുടെ എണ്ണവും വര്‍ധിച്ചു. 5.9 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായാണ് ഉയര്‍ച്ച. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതാണ് ഏറ്റവും ഗുരുതരം. 15നും 29നും ഇടയില്‍ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 14.6% ആയിരുന്നത് സെപ്റ്റംബറില്‍ 15% ആയി ഉയര്‍ന്നു. യുവതികളിലെ നിരക്ക് 17.8% ആണ്. ഏപ്രിലിൽ ഇത് 14.4% ആയിരുന്നു. നഗരങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 18.5 ശതമാനമാണ്. ഏപ്രിലിൽ 17.2, ഓഗസ്റ്റിൽ 18% എന്നിങ്ങനെയായിരുന്നു. യുവതികളിൽ ഇത് 26.4% ആണ്. ഓഗസ്റ്റ് 25.7%, ജൂലൈ 25.1%, ഏ പ്രിൽ 23.7% വീതമായിരുന്നു നിരക്ക്. എ ല്ലാ പ്രായക്കാരുമുള്‍പ്പെടെയുള്ള പൊതുവായ തൊഴിലില്ലായ്മാ നിരക്ക് 5.3 ശതമാനമായാണ് വർധിച്ചത്. ഓഗസ്റ്റിലെ 5.1 ശതമാനത്തിൽ നിന്നാണ് വര്‍ധനവ്. രാജ്യത്തെ 15ന് മുകളില്‍ പ്രായമുള്ളവരുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ശരാശരി 55.3% മാത്ര മാണ്. ഇത് ഗ്രാമപ്രദേശങ്ങളിൽ 57.4% നഗരപ്രദേശങ്ങളിൽ 50.9% എന്നിങ്ങനെയാണ്. ഗ്രാമീണ പുരുഷന്മാരിൽ നിരക്ക് 78.1 ശതമാനവും സ്ത്രീകളുടെ പ ങ്കാളിത്തം 37.9 ശതമാനവുമാണ്. നഗരമേഖലയിലെ സ്ത്രീ — പുരുഷ നിരക്ക് യഥാക്രമം 26.1%, 75.3% വീതമാണ്. ഇന്ത്യയിലെ തൊഴില്‍ മേഖല നേരിടുന്ന വലിയ വെല്ലുവിളികളാണ് സര്‍ക്കാരിന്റെ ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയില്‍ ഉയര്‍ന്നുവരാന്‍ കഴിയുന്നില്ലെന്നതും ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ വിപണികളെ സംബന്ധിച്ച് ഐടി, ടെക് മേഖലകളില്‍ വെട്ടിനിരത്തലുകളുടെ നാളുകളാകും മുന്നിലെന്ന് സാമ്പത്തിക — തൊഴില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവരുടെ വിലയിരുത്തലില്‍ ഈ വര്‍ഷാവസാനത്തോടെ അരലക്ഷത്തിലധികം പേര്‍ക്ക് ഐടി മേഖലയില്‍ മാത്രം ജോലി നഷ്ടമാകും. 2023 — 24 വര്‍ഷം ഏകദേശം 25,000 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇപ്പോള്‍ത്തന്നെ പല കമ്പനികളും ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ടാറ്റയുടെ ടിസിഎസ് ഒഴിവാക്കലുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചതുകൊണ്ട് പല കമ്പനികളും രഹസ്യമായി പിരിച്ചുവിടല്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ പുറത്തുവന്ന തൊഴിലില്ലാപ്പടയുടെ പെരുപ്പം കാണിക്കുന്ന കണക്കുകള്‍ ഏറെ പ്രധാനമാണ്. സര്‍വതലസ്പര്‍ശിയായതും തുടര്‍ച്ചയായതുമായ തൊഴിലില്ലായ്മാ വര്‍ധന ഭരണകൂടത്തിന്റെ അടിയന്തര ഇടപെടലില്ലാതെ നിയന്ത്രണവിധേയമാകില്ല. രാജ്യത്ത് പലപ്പോഴും തൊഴിലില്ലായ്മ വലിയ രാഷ്ട്രീയ ആയുധമാകാറുണ്ട്. ബിഹാര്‍ ഉള്‍പ്പെടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിഷയം ഭരണപക്ഷത്തിനെതിരെ ശക്തമായ ആയുധമാക്കാനും സാധ്യതയുണ്ട്. എന്നാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് സമാന അവസ്ഥയുണ്ടായിരുന്നെങ്കിലും ‘പുല്‍വാമ ആക്രമണം’ മറ്റൊരു രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്നത് നമ്മുടെ മുമ്പിലുണ്ട്. കാര്‍ഷിക മേഖലയിലെ തൊഴില്‍ നഷ്ടവും കാര്‍ഷികേതര മേഖലകളില്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടാത്തതുമാണ് തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കാന്‍ കാരണം. ഇന്ത്യയുടെ തൊഴിൽ വിപണി മെച്ചപ്പെടുകയാണ് എന്ന മോഡി സർക്കാരിന്റെ ആവർത്തിച്ചുള്ള അവകാശവാദം പൊളിച്ചെഴുതുന്നതാണ് കേന്ദ്രം തന്നെ പുറത്തുവിട്ട കണക്കുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.