22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 19, 2024
December 13, 2024
December 10, 2024
December 4, 2024
November 22, 2024
November 10, 2024
November 8, 2024
October 31, 2024
October 28, 2024

എം എസ് സ്വാമിനാഥന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 28, 2023 1:07 pm

കാര്‍ഷിക രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുവാന്‍ ആഗ്രഹിച്ച് മൗലികമായ കാര്‍ഷികശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ടുവയ്ക്കുകയും അത് നടപ്പാക്കുവാനായി ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്ത അന്താരാഷ്ട്ര പ്രശ്സ്തനായ കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു എം.എസ് സ്വാമിനാഥന്‍.

ഹരിത വിപ്ലവം എന്ന പദം കേള്‍ക്കുമ്പോള്‍ത്തന്നെ അതിന്‍റെ മുഖ്യശില്‍പി ആയിരുന്ന സ്വാമിനാഥനാണ് ഓര്‍മ്മയിലെത്തുന്നത്. വലിയ തോതില്‍ വിളവ് ഉണ്ടാകുന്നതിനുതക്ക വിധത്തില്‍ വിത്തുകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ കാര്‍ഷിക രംഗത്തെ വന്‍ തോതില്‍ ജനകീയമാക്കുന്നതിന് സഹായകമായി.

ഭക്ഷ്യക്ഷാമം അടക്കം ഒഴിവാക്കുന്നതിന് വേണ്ട കര്‍മോന്മുുഖമായ ഇടപെടലുകള്‍ നടത്തിയ ഈ കാര്‍ഷിക ശാസ്ത്രജ്ഞന്‍ അദ്ദേഹത്തിന്‍റെ സാമൂഹ്യ പ്രതിബദ്ധതകൊണ്ടു കൂടിയാണ് ശ്രദ്ധേയനായി നില്‍ക്കുന്നത്. അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലും വലിയ തോതില്‍ കാര്‍ഷികാഭിവൃദ്ധി ഉണ്ടാക്കുന്നതിനും ഭക്ഷ്യ ദാരിദ്ര്യത്തിനെതിരായ പരിശ്രമങ്ങളെ മുമ്പോട്ടു കൊണ്ടുപോകുന്നതിനും സഹായിച്ചു.

കാര്‍ഷിക സമൃദ്ധിയിലൂടെ സമ്പദ്ഘടനയുടെ ശാക്തീകരണം എന്നതായിരുന്നു എംഎസ് സ്വാമിനാഥന്‍റെ മുദ്രാവാക്യം. ആ വിധത്തിലുള്ള ശാക്തീകരണം ജനജീവിതനിലവാരം ഉയര്‍ത്തുന്നതിന് ചെറിയതോതിലൊന്നുമല്ല സഹായിച്ചത്.

ലോകകാര്‍ഷിക രംഗത്ത് തലയെടുപ്പോടെ ഉയര്‍ന്നുനിന്ന ഈ ശാസ്ത്രജ്ഞന്‍ എന്നും കേരളത്തിന്‍റെ അഭിമാനമായിരുന്നു. താന്‍ പ്രവര്‍ത്തിച്ച മേഖലയില്‍ പുതുതായി കടന്നുവരുന്നവര്‍ക്ക് നിത്യ പ്രചാദനമായിരിക്കും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനമാതൃക.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലടക്കം അദ്ദേഹം സമുന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിരവധി പുരസ്കാരങ്ങള്‍ ദേശിയ‑അന്തര്‍ ദേശിയ തലങ്ങളില്‍ നേടിയ അദ്ദേഹം പാര്‍ലമെന്‍റംഗമായിരിക്കെ കാര്‍ഷിക രംഗത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി അവതരിപ്പിച്ച ബില്‍ സവിശേഷ പ്രധാന്യമുള്ളതായിരുന്നു.

സമാനതകളില്ലാത്ത കാര്‍ഷിക ശാസ്ത്രജ്ഞനാണ് ഹരിത വിപ്ലവത്തിന്‍റെ പതാകാവാഹകനായിരുന്ന എം എസ് സ്വാമിനാഥന്‍. അദ്ദേഹത്തിന്‍റെ വിയോഗം രാഷ്ട്രത്തിന് പൊതുവിലുണ്ടായ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശനത്തില്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Eng­lish summary;The Chief Min­is­ter con­doled the demise of M S Swaminathan

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.