കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധവും,നിയമവിരുദ്ധവുമായ നടപടികള്‍ സംസ്ഥാനത്തെ കൂടുതല്‍ വൈഷമ്യത്തില്‍ എത്തിച്ചിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തി എന്നാല്‍ കേരളത്തിന്റെ അതജീവനം അസാധ്യമാക്കുന്ന തരത്തില്‍ പ്രതികാരബുദ്ധിയോടെയുള്ളു നീക്കങ്ങള്‍ ശക്തമാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ജിഎസ് ടി സംവിധാനം അനുസരിച്ച് ജി എസ് ടി വകുപ്പിനെ അടിമുടി പുന:സംഘടിപ്പിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളം. അതിന്റെ ഫലമായി 2020 — 21 മുതലുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായി. എന്നാൽ ജി എസ് ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വീഴ്ചവരുത്തി. റവന്യൂ കമ്മി ഗ്രാൻറിൽ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുക തന്നെ ചെയ്തു. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ നാം ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വികസന,ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി എടുക്കുന്ന വായ്പയെ നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്രം കൈക്കൊള്ളുന്ന ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ സംസ്ഥാനത്തെ ഗുരുതരമായ വൈഷമ്യത്തിൽ എത്തിച്ചിരിക്കുന്നു. ഇതിങ്ങനെ തുടർന്നും മുന്നോട്ടുപോകുന്നത് അപകടകരമാണെന്നും പിണറായിവിജയന്‍ പറഞ്ഞു.ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ ബലികഴിച്ച് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിന്റെ വിവേചനപരമായ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ നിയമ പോരാട്ടം രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നിലനിർത്താനുള്ള ചരിത്രപരമായ ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയുടെ 131ാം ആർട്ടിക്കിൾ അനുസരിച്ച് കേന്ദ്രസംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിന് സുപ്രീം കോടതിക്കുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഉത്തരവുണ്ടാകണമെന്നാണ് കേരളം ഹർജിയിൽ അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ ധനകാര്യ പ്രവർത്തനങ്ങളിൽ കേന്ദ്രം നടത്തുന്ന ഭരണഘടനാവിരുദ്ധമായ ഇടപെടൽ തടയുക, സംസ്ഥാന നിയമപ്രകാരം നിശ്ചയിക്കപ്പെട്ട അർഹമായ കടമെടുപ്പ് പരിധി ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നത് റദ്ദാക്കുക, സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്രത്തിന്റെ ഉത്തരവ് റദ്ദു ചെയ്യുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തിയ ഉത്തരവ് റദ്ദു ചെയ്യുക, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിനെ നിയന്ത്രിക്കുന്ന നിയമവിരുദ്ധ നടപടികൾ റദ്ദു ചെയ്യുക, ഭരണഘടനയുടെ അനുഛേദം 293(3), 293(4) എന്നിവയുടെ പേരിൽ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് സംസ്ഥാനത്തിന് ഭരണഘടനാപരമായുള്ള അധികാരാവകാശങ്ങളിൽ നിയന്ത്രണം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നടപടികൾ വിലക്കുക, നിയമപ്രകാരമുള്ള കടമെടുപ്പ് പരിധി പ്രയോജനപ്പെടുത്തി വികസനക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുകഇങ്ങനെ സംസ്ഥാന സർക്കാരുകൾക്കുള്ള ഭരണഘടനാപരമായ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനാണ് സുപ്രീംകോടതയില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: The Chief Minister said that the central government is bringing the state into serious trouble
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.