
ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും , എന്നാല്‍ ക്ഷേത്രങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ കൈയിലായിരുന്നു പണ്ട് ആരാധനാലയങ്ങള്‍. എന്നാല്‍ അന്ന് അതൊക്കെ തകര്‍ച്ചയിലായിരുന്നു. അങ്ങനെയാണ് സര്‍ക്കാര്‍ ഇടപെട്ട് ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഘമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ക്ഷേത്ര വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ പണം നല്‍കുന്നു. അതുകൊണ്ടാണ് തുച്ഛ വരുമാനം മാത്രമുള്ള ക്ഷേത്രങളില്‍ അന്തിത്തിരി തെളിയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കും ഹൈന്ദവ സ്ഥാപനങ്ങള്‍ക്കുമായി കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇടതു സര്‍ക്കാര്‍ നല്‍കിയത് ശതകോടികളെന്നാണ് കണക്കുകള്‍.
2016 മുതല്‍ 2025 സെപ്റ്റംബര്‍ 15 വരെ 639 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായി 145 കോടി രൂപ അനുവദിച്ചപ്പോള്‍ ശബരിമലയുടെ സമഗ്ര വികസനത്തിന് 106 കോടി രൂപയാണ് ലഭിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് മാത്രമായി അനുവദിച്ചത് 305 കോടി രൂപയെന്നും കണക്കുകള്‍.2016 ലാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറിയത്. അന്നുതൊട്ട് 2025 സെപ്റ്റംബര്‍ 15 വരെ സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കും ഹൈന്ദവ സ്ഥാപനങ്ങള്‍ക്കുമായി ഇടതു സര്‍ക്കാര്‍ അനുവദിച്ചത് 639 കോടി രൂപയുടെ സഹായമാണ്. ഇതില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത് മലബാര്‍ ദേവസ്വം ബോര്‍ഡിന്.
ശമ്പളം, ആചാര സ്ഥാനികള്‍ക്കുള്ള ധനസഹായം, ക്ഷേത്രകല അക്കാദമിക്കുള്ള ധനസഹായം, കോവിഡ് ധനസഹായം, കാവ് കുളം ആല്‍ത്തറ നവീകരണം എന്നീ ഇനങ്ങളിലായി ആകെ ലഭിച്ചത് 304 കോടി 85 ലക്ഷം രൂപയാണ്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 104 കോടി 40 ലക്ഷവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 26 കോടി 38 ലക്ഷവും കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ അനുവദിച്ചു. കൂടല്‍മാണിക്യം ദേവസത്തിന് നാലുകോടി 15 ലക്ഷവും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് 20 കോടി 75 ലക്ഷവുമാണ് അനുവദിച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തിന് മൂന്നു കോടി 47 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ മാസ്റ്റര്‍ പ്ലാന്‍ പദ്ധതി ഉള്‍പ്പെടെ ശബരിമലയ്ക്ക് മാത്രം സര്‍ക്കാര്‍ അനുവദിച്ചത് 106 കോടി രൂപയാണ്.
ശബരിമല മാസ്റ്റര്‍ പ്ലാനിനായി 84 കോടി. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെയും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും വിവിധ പദ്ധതികള്‍ക്കായി 22 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. ഹിന്ദുമത ധര്‍മ്മ സ്ഥാപന വകുപ്പിന് 2018 മുതല്‍ ലഭിച്ചത് 27 കോടി 85 ലക്ഷം രൂപ. കാവുകളുടെ സംരക്ഷണം, ഉത്തര മലബാറിലെ ആചാരസ്ഥാനികള്‍ക്കും കോലധാരികള്‍ക്കും നല്‍കുന്ന പ്രതിമാസ സഹായം എന്നിവയെല്ലാം ചേര്‍ത്ത് കഴിഞ്ഞ 8 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ ആകെ അനുവദിച്ചത് 639 കോടി രൂപയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.