19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 16, 2024
September 13, 2024
September 11, 2024
September 10, 2024
September 6, 2024
September 2, 2024
September 2, 2024
August 28, 2024
August 25, 2024

രക്ഷാപ്രവർത്തനം പൂർണതോതിൽ തുടരുന്നതായി മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
July 31, 2024 7:56 pm

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഇതിനു മുമ്പ് അനുഭവിച്ചിട്ടില്ലാത്തത്രയും വേദനാജനകമായ കാഴ്ചകളാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലേത്. ഈ രണ്ടു പ്രദേശങ്ങളും ഇല്ലാതായിരിക്കുന്നു. മന്ത്രിസഭ യോഗം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്ത മേഖലയില്‍ നിന്നും പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മാറാന്‍ തയ്യാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കിയിട്ടുണ്ട്. രണ്ട് ദിവസമായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1,592 പേരെ രക്ഷപ്പെടുത്തി. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമാണ്.

ആദ്യ ഘട്ടത്തില്‍ ദുരന്തമുണ്ടായത്തിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങിപ്പോയവരുമായ 1,386 പേരെ തുടര്‍ന്നുള്ള രക്ഷാദൗത്യത്തിന്റെ ഫലമായി രക്ഷിച്ചു. ഇവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇതില്‍ 90 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,017 പേരാണുള്ളത്. അതില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. മേപ്പാടിയിലെ എട്ട് ക്യാമ്പുകളില്‍ 421 കുടുംബങ്ങളിലെ 1486 പേര്‍ കഴിയുന്നു.

പുഴയിലൂടെ ഒഴുകി മലപ്പുറം ജില്ലയിലെത്തുന്ന മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സജ്ജീകരണങ്ങളും പ്രവര്‍ത്തന നിരതമാണ്. നിലവില്‍ 1,167 പേരുള്‍പ്പെടുന്ന സംഘത്തെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. അതില്‍ 10 സ്റ്റേഷന്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 645 അഗ്നിസേനാംഗങ്ങളും, 94 എന്‍ഡിആര്‍ഫ് അംഗങ്ങളും, 167 ഡിഎസ്‌സി അംഗങ്ങളും, എംഇജിയില്‍ നിന്നുള്ള 153 പേരും ഉള്‍പ്പെടുന്നു. കോസ്റ്റ് ഗാര്‍ഡും ചൊവ്വാഴ്ച എത്തിച്ചേര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നതിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുക, താല്‍ക്കാലിക കയര്‍പ്പാലത്തിലൂടെ രക്ഷാപ്രവര്‍ത്തക സംഘത്തെ എത്തിക്കുക എന്നീ കാര്യങ്ങള്‍ക്കാണ് പ്രധാന പരിഗണന നല്‍കുന്നത്.

മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്. ചികിത്സയും പരിചരണവും നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ-9 ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേന, കേരള പൊലീസ്, വിവിധ സേന വിഭാഗങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവ എല്ലാം ചേര്‍ന്ന് ഏകോപിതവും വേഗത്തിലുള്ളതുമായ രക്ഷാ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇന്നലെ തിരുവനന്തപുരത്തു നിന്നും 132 സേനാംഗങ്ങള്‍ കൂടി എത്തി. കണ്ണൂര്‍ ഡിഎസ്‌സിയില്‍ നിന്ന് ആറ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 67 സേനാംഗങ്ങളുണ്ട്. താല്‍ക്കാലികമായി ഒരാള്‍ക്ക് നടക്കാനുള്ള പാലം ഇന്നലെ വൈകിട്ടോടെ സജ്ജമായി. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് വേഗം കൂട്ടി. വ്യോമസേന ഹെലികോപ്റ്റര്‍ ഉപയോഗിച്ചും കുരുങ്ങി കിടന്ന ആളുകളെ രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.

ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യസാന്നിധ്യം കണ്ടെത്തുന്നതിന് ശ്രമിക്കും. ഇതിനായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്. മദ്രാസ് റെജിമെന്റ്, ഡിഫന്‍സ് സര്‍വീസ് കോപ്സ് എന്നിവര്‍ ഡിങ്കി ബോട്സും വടവും ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്. ലോക്കല്‍ പൊലീസിന്റെ 350 പേര്‍ സ്ഥലത്തുണ്ട്. കേരള പൊലീസിന്റെ കഡാവര്‍ നായകള്‍, ഹൈ ആള്‍ട്ടിറ്റ്യൂഡ് ടീം, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചൂരല്‍മലയില്‍ താലൂക്ക് തല കണ്‍ട്രോള്‍ റൂം തുടങ്ങി. മന്ത്രിമാര്‍ നേരിട്ട് സ്ഥലത്ത് ക്യാമ്പ്ചെയ്തു പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. വനംവകുപ്പിന്റെ 55 അംഗങ്ങള്‍, ആരോഗ്യ, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ എന്നിവ സര്‍വസജ്ജമായി ചൂരല്‍മലയിലുണ്ട്. പോസ്റ്റുമോര്‍ട്ടം വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടത്തിന് കൂടുതല്‍ ഫോറന്‍സിക് സംഘങ്ങളെ നിയോഗിച്ചു. ചൊവ്വാഴ്ച രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തി.

അര മണിക്കൂര്‍ ഇടവിട്ട് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി വരുന്നു. മൃതദേഹങ്ങള്‍ കണ്ടെത്താനെത്തുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമൊരുക്കി. എല്ലാ ക്യാമ്പുകളിലും മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് മാനസികാരോഗ്യ വിദഗ്ധരുടെയും കൗണ്‍സിലര്‍മാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. വീടുകളില്‍ കഴിയുന്നവരെ നേരിട്ട് സന്ദര്‍ശിച്ച് മാനസിക പിന്തുണ ഉറപ്പാക്കും. രക്ഷപ്പെട്ടുവരുന്നവര്‍ക്ക് അടിയന്തരവൈദ്യസഹായം ലഭ്യമാക്കാന്‍ ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്സിജന്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ പോയിന്റ് സൗകര്യമൊരുക്കും. ഇവിടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെയും ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിക്കും. കോഴിക്കോട്, തലശേരി ഉള്‍പ്പെടെ നാല് സഹകരണ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വരാന്‍ തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൂരല്‍മല ടെലിഫോണ്‍ എക്സ്ചേഞ്ച് വരെയും ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. കല്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. പ്രാഥമിക വിവരമനുസരിച്ച് ഏകദേശം മൂന്നു കോടിയുടെ നഷ്ടമാണ് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിക്ക് ഉണ്ടായത്. ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക് ചൂരല്‍മലയില്‍ നിന്നും താല്‍ക്കാലിക പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. സേനയുടെ രണ്ടാമത്തെ വിമാനമാണിത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ 17 ട്രക്കുകളിലായി ഇവ ചൂരല്‍മലയിലെത്തിക്കും. പാലം നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇന്ന് പൂർണ നിലയിൽ എത്തിക്കാനാകും എന്നാണ് അവലോകനയോഗത്തിൽ അവർ അറിയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത സാഹചര്യത്തെ നേരിടാനുള്ള അടിയന്തര നടപടികള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിലീഫ് ക്യാമ്പുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും, പെട്രോള്‍, ഡീസല്‍ പമ്പുകളില്‍ ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനും ദുരന്ത മേഖലയില്‍ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നാളെ വയനാട്ടില്‍ സര്‍വകക്ഷിയോഗം ചേരും. 11.30 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം.

നേരിട്ടുള്ള വിഭവശേഖരണം ഒഴിവാക്കണം

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ എന്ന പേരില്‍ നടക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നദ്ധ സംഘടനകളുടെ പേരില്‍ അടക്കം ഒറ്റയ്ക്കും കൂട്ടായും പല സ്ഥലങ്ങളായി നടക്കുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണവും നിര്‍ത്തണം.

ജില്ലാ ഭരണസംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ വസ്ത്രവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കുന്നുണ്ട്. അത് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും കൃത്യമായി എത്തിച്ചു നല്‍കുന്നതിനാലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ പറയുന്നത്. ശേഖരിച്ച വസ്തുക്കള്‍ അതത് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് കൈമാറണം. കൂടുതല്‍ ആവശ്യങ്ങള്‍ വന്നാല്‍ ദുരന്തനിവാരണ അതോറിട്ടി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: The chief min­is­ter said that the res­cue oper­a­tion is going on in full
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.