നിർമ്മിത ബുദ്ധിയുടെ സാധ്യതകളെയും അത് ഉയർത്തുന്ന വെല്ലുവിളികളെയും മനസ്സിലാക്കികൊണ്ടാണ് സർക്കാർ മുന്നോട്ടുനീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മേഖലയിൽ ഗൗരവമായ ഗവേഷണങ്ങൾ നമ്മുടെ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഐസിഫോസ് എന്നീ സ്ഥാപനങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. നിർമ്മിത ബുദ്ധിയുടെ വിനിയോഗം ലോകമെമ്പാടും വലിയ തോതിൽ വ്യാപകമായിവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി ലോകത്തെ മാറ്റിമറിച്ച ശാസ്ത്ര കണ്ടെത്തലുകളാണുണ്ടായത്.
ഇലക്ട്രിക് ബൾബിൻറെ വരവ്, ആധുനിക യന്ത്രങ്ങളുടെ കടന്നുവരവ് കമ്പ്യൂട്ടറുകൾ സാർവ്വത്രികമായത് എന്നിവയൊക്കെ ഉൽപ്പാദന ക്ഷമതയെ ഗണ്യമായി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇതിനോടൊപ്പം ആധുനിക കണ്ടുപിടുത്തങ്ങൾ പ്രയോഗത്തിൽ വരുന്നതിനു മുമ്പ് ആർജ്ജിച്ച നൈപുണിയുമായി നിലനിന്ന തൊഴിൽ ശക്തിക്ക് തൊഴിൽ നഷ്ടമെന്ന വലിയ ആശങ്കയും ഉണ്ടായി. ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് നിർമ്മിത ബുദ്ധി പോലുള്ള ഒരു നൂതന സാങ്കേതിക വിദ്യയുടെ കടന്നുവരവിനെ സംസ്ഥാന സർക്കാർ പ്രായോഗികമായി സമീപിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ, സർവ്വകലാശാലകളിൽ പരിശീലന പദ്ധതികൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻഗ്രീഡിയൻസ് ഡാറ്റാ സയൻസ് തുടങ്ങിയ നൂതന കോഴ്സുകൾ സർവ്വകലാശാലയിൽ ആരംഭിക്കുന്ന കാര്യം ഗൗരവമായ പരിഗണനയിലാണ്.മേൽ സൂചിപ്പിച്ചതുപോലെ നിലവിലെ വിവര സാങ്കേതിക വിദ്യ സേവന മേഖലയിൽ തൊഴിൽ നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടുകൊണ്ട് പുതിയ തലമുറ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിന് സർക്കാർ മുൻഗണന നൽകുന്നു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഐസിഫോസ് എന്നീ സ്ഥാപനങ്ങൾ ഈ ലക്ഷ്യത്തോടെ പുതുതലമുറ കോഴ്സുകൾ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുകയാണ്. നിർമ്മിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുവേണ്ടി പ്രധാനപ്പെട്ട പദ്ധതികൾ ഇക്കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൻറെ ഭാഗമായി ഒരു ഡീപ് ടെക് എക്കോസിസ്റ്റം രൂപപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കും. നിർമ്മിത ബുദ്ധി, മെഷീൻ ലേർണിംഗ്, അനിമേഷൻ, വിഷ്വൽ എഫക്ട്, ഗെയ്മിംഗ്, കോമിക്സ് എന്നീ മേഖലകളിൽ കടന്നുവരുന്ന ഡീപ് ടെക് സംരംഭകർക്ക് വേണ്ടി ഒരു ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് ക്ലസ്റ്റർ സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി കേരള സ്റ്റാർട്ടപ്പ് മിഷന് 10 കോടി രൂപ സർക്കാർ അധികമായി അനുവദിച്ചിട്ടുണ്ട്. സമസ്ത മേഖലകളിലും നിർമ്മിത ബുദ്ധിയുടെ ഉപയോഗം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഏജൻറിക് നിർമ്മിത ബുദ്ധി. ദേശീയ തലത്തിൽ ഒരു ഏജൻറിക് ഹാക്കത്തോൺ സംഘടിപ്പിക്കാനും തിരഞ്ഞെടുക്കുന്ന മികച്ച 5 ഏജൻറുകൾ നിർമ്മിക്കാൻ 20 ലക്ഷം രൂപ വീതം നൽകുന്നതിനുമായി സ്റ്റാർട്ടപ്പ് മിഷന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കൃഷി/ഭക്ഷ്യ സംസ്കരണം, സ്പേസ്/പ്രതിരോധ മേഖലകൾ, ആരോഗ്യമേഖല, ലൈഫ് സയൻസ്, ഡിജിറ്റൽ മീഡിയ/ പുത്തൻ വിനോദോപാധികൾ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ എന്നീ രംഗങ്ങളിൽ നവീന സാങ്കേതിക വിദ്യകളുടെ (നിർമ്മിതബുദ്ധി ഉൾപ്പെടെ) സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ എമേർജിംഗ് ടെക്നോളജി ഹബ്ബിൻറെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം ടെക്നോസിറ്റിയിൽ മൂന്ന് ഏക്കർ സ്ഥലത്തായിരിക്കും ഹബ്ബ് പ്രവർത്തിക്കുക. ഏകദേശം 350 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിലെ വികാസത്തിലൂടെ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന നാനാതരം മാറ്റങ്ങളെയും വെല്ലുവിളികളെയും സമഗ്രമായി അപഗ്രഥിച്ചുകൊണ്ടുള്ള സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളത്. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.