ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബിന്റെ നിർമ്മാണോദ്ഘാടനം ഓഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. പോളിടെക്നിക് കോളേജ്, ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഐ ടി ഐ, ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട്, സിവിൽ സർവ്വീസ് അക്കാഡമി എന്നിവയാണ് ഈ വിദ്യാഭ്യാസ സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളായ അതിഥി മന്ദിരം, കാന്റീൻ, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
പദ്ധതിഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച് ആർ ഡിയും നിർമ്മാണ മേൽനോട്ടം കെ എസ് ഐ ടി ഐ എല്ലും നിർവ്വഹിക്കുന്നു. നവീനമായ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണ്. രാജ്യത്തിനകത്തും പുറത്തും നിന്നും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് ഈ സ്ഥാപനത്തിന് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതികൾ തുടങ്ങിയവർ സംബന്ധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.