
2010കളിൽ ആഗോള കാർബൺ ബഹിർഗമനത്തിന്റെ കാര്യത്തിൽ ചൈനയും അമേരിക്കയുമായിരുന്നു മുന്നിൽ. എന്നാൽ ടേഡ് യൂണിയനെ ഉപയോഗിച്ചുകൊണ്ട് വിസർജ്യ നിയന്ത്രണരംഗത്ത് ചൈന അത്ഭുതം കാണിച്ചതാണ് പിന്നീടുള്ള ചരിത്രം പറയുന്നത്. ആഗോളതലത്തിൽ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് കരുത്തുപകരേണ്ട ചൈന ഇത്രയും വലിയ ആഗോളവിപത്തിന് ഇടവരുത്തിയത് അമേരിക്കയോടൊപ്പം നിന്നുകൊണ്ടായിരുന്നു എന്നത് ഏറെ വിമർശനത്തിന് ഇടയാക്കി. കാർബൺ നിയന്ത്രണത്തിന് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയം ചൈനയ്ക്ക് തുണയാവുകയും മാലിന്യനിയന്ത്രണത്തിന് മാർക്സിയൻ തത്വങ്ങൾ ഉപയോഗിക്കുകയും ചെയ്തു. സാധാരണക്കാരനെയും മലിനകാരകനെയും ചേർത്തുപിടിച്ച് ആത്മവിശ്വാസം നൽകുകയും മാലിന്യനിയന്ത്രണ ദൗത്യം നിറവേറ്റാൻ ട്രേഡ് യൂണിയനെ ഏല്പിക്കുകയും ചെയ്തു.
ചൈന ചിന്തിക്കാത്ത കാര്യമല്ല വായുമലിനീകരണത്തിന്റെ ഭവിഷ്യത്ത്. 1987ൽ 13-ാം ദേശീയ കോൺഫറൻസിൽ സമർപ്പിച്ച റിപ്പോർട്ടിൽ അന്നത്തെ ദേശീയ സെക്രട്ടറി ഷാവോ സിയാങ് പരിസ്ഥിതി സംരക്ഷണം, അവയുടെ സന്തുലിതാവസ്ഥ എന്നിവയെപ്പറ്റി കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് വിശദീകരിച്ചു. പക്ഷേ, ആഗോള കാർബൺ ബഹിർഗമനം ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റിയോ ആഗോള താപനത്തെപ്പറ്റിയോ അക്കാലത്ത് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.
ചൈനയിലെ ഏക ട്രേഡ് യൂണിയനായ ചൈന കോൺഫഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് ജീവനക്കാരുടെ താല്പര്യങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് കാർബൺ ബഹിർഗമന നിയന്ത്രണം എന്ന് പ്രഖ്യാപിച്ചു. 1989–2002 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ജിയാങ് സെമിന്‍, എംഗൽസിന്റെ പരിസ്ഥിതി സംരക്ഷണ ആശയം പഠിക്കുകയും കാർബൺ ബഹിർഗമനത്തിന്റെ പ്രശ്നങ്ങൾ അടിയന്തരമായി ചർച്ച ചെയ്യാതെ പോയാൽ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ ഭാവി അപകടപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
2015ലെ പാരിസ് കരാറിനു ശേഷം ട്രേഡ് യൂണിയൻ മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായി ഇടപെടുകയും വലിയ മാറ്റം കൊണ്ടുവരികയും ചെയ്തു. മലിനകാരകരെ ഉപദ്രവിക്കാതെ അവർക്ക് ആവശ്യമായ പ്രോത്സാഹനവും നൽകുന്ന ബഹിർഗമന നിയന്ത്രണത്തിന് ഊന്നൽ നൽകുന്ന വാർ ഓൺ പൊല്യൂഷൻ നയം പ്രഖ്യാപിച്ചു. പാരിസ് കരാര്‍ ഓരോ രാജ്യത്തിനും പരമാവധി നിയന്ത്രിക്കാൻ പറ്റാവുന്ന ബഹിർഗമനത്തിന്റെ രൂപരേഖ നൽകണമെന്ന് നിഷ്കർഷിച്ച സന്ദർഭത്തിലാണ് ചൈന അവരുടെ തൊഴിലാളി സംഘടനകൾക്ക് പ്രാദേശികമായി ഓരോ പ്രദേശത്തും നടപ്പാക്കേണ്ടുന്ന ടാർഗറ്റ് നൽകിയത്. നടപ്പാക്കുന്നതിന് തൊഴിലാളി സംഘടനകളിൽ നിന്ന് ഉറപ്പ് നേടുകയും ചെയ്തു.
പാരിസ് കരാറിലെ രാഷ്ട്രങ്ങൾ കാർബൺ ബഹിർഗമനം നിയന്ത്രിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്ത്, എങ്ങനെ ചെയ്യണമെന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ഈ സന്ദർഭത്തിലാണ് ചൈന തൊഴിലാളി സംഘടനകളെ ഉപയോഗിച്ച് വ്യത്യസ്ത സമീപനം കാഴ്ചവയ്ക്കുകയും വിജയിക്കുകയും ചെയ്തത്. പല രാഷ്ട്രങ്ങളും മുകളിൽ നിന്ന് താഴോട്ട് മലിനീകരണ നിയന്ത്രണ നിയമം നടപ്പാക്കിയപ്പോൾ ചൈന താഴെനിന്ന് മുകളിലേക്കുള്ള സമീപനമാണ് സ്വീകരിച്ചത്. ഇതിനെ മാർക്സിയൻ മലിനീകരണ നിയന്ത്രണത്തിന്റെ മറ്റൊരു പരിവേഷമായിട്ടാണ് ചിന്തകർ വിശേഷിപ്പിച്ചത്.
ട്രേഡ് യൂണിയനുകൾ ഓരോ മലിനീകരണ യൂണിറ്റുമായും അടുത്തിടപഴകി അവർക്കാവശ്യമായ ഇൻസെന്റീവ് എന്തായിരിക്കണമെന്ന് അവരുടെ ഭൗതിക സാഹചര്യമനുസരിച്ച് തീരുമാനിച്ച് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇവ മുൻകൂട്ടി തീരുമാനിച്ച് സർക്കാരിന് നൽകുകയും മാലിന്യനിയന്ത്രണത്തിന്റെ തീവ്രതയനുസരിച്ച് — സിഎംസി മൂല്യമനുസരിച്ച് തൊഴിലാളികൾക്കും മലിനകാരകർക്കും ആശ്വാസ സഹായങ്ങൾ നൽകുകയും ചെയ്തു. ഗ്രാമങ്ങളിൽ പാചകത്തിന് കൽക്കരിയും ജൈവവസ്തുക്കളും ഉപയോഗിക്കുന്നതിന് പകരം അവർക്ക് സോളാർ ഹീറ്റർ നൽകി. കാർഷിക മേഖലകളിൽ ഹരിതവാതകം ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഉല്പന്നവില നിർണയിക്കുകയും അതിനുള്ള വിപണി സർക്കാർ തന്നെ കണ്ടെത്തുകയും ചെയ്തു.
100 കൊല്ലങ്ങൾ കൊണ്ട് മുതലാളിത്ത രാഷ്ട്രങ്ങൾക്ക് നേടാൻ കഴിയാത്ത വലിയ മാറ്റമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ചൈന നേടിയത്. 2030ൽ നേടേണ്ട പാരിസ് കരാറിന്റെ ലക്ഷ്യം 2020ൽ നേടാൻ കഴിഞ്ഞത് ട്രേഡ് യൂണിയന്റെയും സർക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതിഫലനമായി. പാരിസ് കരാർ കാലഘട്ടത്തെ അപേക്ഷിച്ച് 2020ൽ 30% വരെ ബഹിർഗമനം കുറച്ചു. 2025 മാർച്ചിൽ വീണ്ടും 2015നെ അപേക്ഷിച്ച് 55 ശതമാനത്തോളം കുറച്ചു. 2060ന് മുമ്പ് കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ട്രേഡ് യൂണിയനും സർക്കാരും അവിടെ ഇടപെട്ടുകൊണ്ടിരിക്കുന്നത്. 2005ൽ ഒരു യൂണിറ്റ് ജിഡിപിയിൽ 65 ശതമാനത്തോളം കാർബൺ ഡയോക്സൈഡ് ഉണ്ടായിരുന്നത് 2020 ആവുമ്പോഴേക്കും 35% ആക്കി കുറയ്ക്കാൻ കഴിഞ്ഞു. 2024ന് ശേഷം ലോകരാഷ്ട്രങ്ങളെ മൊത്തം അത്ഭുതപ്പെടുത്തിക്കൊണ്ട് കാർബൺ ഡയോക്സൈഡിന്റെയും ഹരിത വാതകങ്ങളുടെയും ബഹിർഗമനം 30 മുതൽ 40% വരെ കുറച്ചു.
2013ലെ “എയർപോക്കാലിപ്സ്’ അമിതമായ പുകമഞ്ഞ് ശ്വസിച്ച് 2.3 ദശലക്ഷം മരണമുണ്ടായി. ഈ ദുരന്തത്തിന് ശേഷം പുനരുപയോഗ ഊർജം വ്യാപകമായി ഉപയോഗിക്കാൻ ചൈന തൊഴിൽ സംഘടനകളോടാവശ്യപ്പെട്ടു. പുതിയ സാങ്കേതികവിദ്യയുമായി പരിചയമില്ലാത്ത തൊഴിലാളികൾ അവർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ടപ്പോൾ അവർക്ക് പുനരധിവാസം ഉറപ്പുനൽകി. പ്രാദേശിക ട്രേഡ് യൂണിയനുകൾ പ്രാദേശിക സർക്കാരുകളുമായി ഒത്തുചേർന്ന് പുനരധിവസിപ്പിച്ചപ്പോൾ മലിനീകരണ നിയന്ത്രണ ചരിത്രത്തിലെ ആദ്യ ചേർത്തുപിടിക്കൽ നയത്തിന് തുടക്കമായി. നിയമങ്ങൾ നടപ്പാക്കുമ്പോൾ വൻതോതിലുള്ള തൊഴിലില്ലായ്മയും അസ്വാസ്ഥ്യവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ട്രേഡ് യൂണിയന് നിർദേശം നൽകി.
യൂണിയനുകൾ തൊഴിലാളികൾക്കും സംരംഭകർക്കും സർക്കാരിനുമിടയിലുള്ള മൂന്നാം കക്ഷിയായി ബഹിർഗമന നിയന്ത്രണ നിയമത്തിന് നേതൃത്വം നൽകി. മലിനകാരകരെ ചൈനയുടെ കൂടപ്പിറപ്പായി കണ്ടു. അവർക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും അംഗീകാരവും നൽകി.
ഇംഗ്ലണ്ടിലെ ട്രേഡ് യൂണിയൻ നേതാവായ ടോണി മസോചി വിപ്ലവകരവും തൊഴിൽരംഗത്ത് നവോത്ഥാനമൂല്യം പ്രദാനം ചെയ്യുന്നതുമായ ഒരു തത്വം ആവിഷ്കരിച്ചിരുന്നു. പക്ഷേ, ഇംഗ്ലണ്ടിലെ കൽക്കരി — എണ്ണ മാഫിയ ഈ നിയമത്തെ പ്രവർത്തനരഹിതമാക്കി. എന്നാൽ ചൈനയിലെ ട്രേഡ് യൂണിയൻ ഇതിന് പുതിയ ജീവവായു നൽകി സ്വന്തമാക്കി. ഈ മഹത്തായ ആശയത്തിന് മനുഷ്യന്റെ നിലനില്പിന് ഭീഷണിയായ കാലാവസ്ഥാ വ്യതിയാനത്തെ എത്രമാത്രം തടയാനാകും എന്ന് ലോകരാഷ്ടങ്ങൾക്ക് കാണിച്ചുകൊടുത്തു. ലോകത്തിൽ കൽക്കരി കൂടുതൽ ഉല്പാദിപ്പിക്കുന്ന ചൈന ദശലക്ഷക്കണക്കിന് മേഖലകളിൽ പുനരുപയോഗ ഊർജം ഉപയോഗത്തിന് പ്രേരണ നൽകി. പുനരുല്പാദന ഊർജം കൊണ്ടുവരുമ്പോള്‍ അവർക്ക് തൊഴിൽ നൽകാൻ വർക്കേഴ്സ് റീ സെറ്റിൽമെന്റ് ഫണ്ടുണ്ടാക്കി.
ക്ലീൻ എയർ പ്രോഗ്രാമിലൂടെ കൽക്കരി ഉപയോഗിച്ചുള്ള ധാരാളം ബോയിലറുകൾ അടച്ചുപൂട്ടി. ചൈനയുടെ പ്രധാന ബിസിനസ് രംഗമായിരുന്നു കൽക്കരി. എന്നിട്ടുപോലും അവർ അത് ഉപയോഗിക്കാൻ തയ്യാറായില്ല. മേഖലയിലെ തൊഴിലാളികളെ പൂർണമായി പിരിച്ചുവിടുന്നതിന് പകരം കുടുംബങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുകയോ പുതിയ മേഖലയില്‍ പരിശീലനം നൽകി തൊഴിൽ ഉറപ്പിക്കുകയോ ചെയ്തു.
കാർബൺ ബഹിർഗമനവുമായി ബന്ധപ്പെട്ട പ്രാദേശിക ഉദ്യോഗസ്ഥർക്ക് ആ മേഖലയിലെ അവരുടെ സംഭാവനയനുസരിച്ച് പ്രൊമോഷൻ ഗ്രേഡ് ഫിക്സ് ചെയ്തു. യൂണിയന്റെ നിർദേശമനുസരിച്ച് കാർബൺ ബഹിർഗമനം കുറച്ച സ്ഥാപനങ്ങള്‍ക്ക് 15% വരെ നികുതി ഇളവുകൾ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥർക്കും പരിശീലന മന്ത്രാലയത്തിനും ആവശ്യമായ നിർദേശം നൽകുന്നതിന് പരിസ്ഥിതി സംരക്ഷണ ബ്യൂറോകൾ സ്ഥാപിച്ചു. മേയർമാർ, ഗവർണർമാർ, പരിസ്ഥിതി സംരക്ഷണ ബോർഡിലെ ഡയറക്ടർമാർ എന്നിവരുടെ പ്രൊമോഷൻ മാനദണ്ഡം സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, വായുമലിനീകരണ നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിലും തീരുമാനിക്കണം എന്ന ചട്ടം വന്നു.
വായുമലിനീകരണ നിയന്ത്രണത്തിൽ നൂതന ആശയങ്ങൾ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉയർന്ന തസ്തികയിൽ വേഗത്തിൽ പ്രൊമോഷൻ നൽകുന്നു. ബീജിങ്, ടിയാൻജിൻ, ഹെബെയ് എന്നിവിടങ്ങളിലെ പുകമഞ്ഞിന്റെ അളവ് വിലയിരുത്തി ആ പ്രദേശത്തെ ജീവനക്കാർക്ക് പ്രൊമോഷനോ ശിക്ഷയോ നൽകുന്ന സമ്പ്രദായവും നിലവിൽ വന്നു. തരംതാഴ്ത്തൽ അല്ലെങ്കിൽ സ്ഥലംമാറ്റം തുടങ്ങിയവ അവരുടെ സിഎംസി മൂല്യത്തിനനുസരിച്ചാണ് തീരുമാനിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.