20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

പൗരത്വ ഭേ​ദ​ഗതി നിയമം ജനവിരുദ്ധ വർ​ഗീയ അജണ്ടയുടെ ഭാഗം; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
March 14, 2024 7:03 pm

രാജ്യത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും താല്പര്യങ്ങൾ ഹനിക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിലേക്കെത്തുന്ന 2025ലേക്ക് കടുത്ത വർഗീയ ലക്ഷ്യങ്ങളാണ് സംഘ്പരിവാറിനുള്ളത്. അതിലേക്കുള്ള പാലമാണ് പൗരത്വ ഭേദഗതി നിയമം. ആ വർഗീയ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്ന രാഷ്ട്രീയം ഇടതുപക്ഷത്തിന്റേതാണ്. കോൺഗ്രസ് ഈ വർഗീയ നിയമത്തിനെതിരെ നിലപാടെടുക്കുന്നില്ല. കാപട്യപൂർണമായ ഒളിച്ചുകളിയാണ് നടത്തുന്നത്. വിശ്വസിക്കാൻ കൊള്ളാത്ത ഒന്നാണ് തങ്ങളെന്ന് ആ പാർട്ടി ആവർത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 

കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ഇതുവരെ ആ പാർട്ടിയോ ദേശീയ അധ്യക്ഷനോ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയോ ഇതുവരെ വിഷയം അറിഞ്ഞതായേ ഭാവിച്ചിട്ടില്ല. ജനങ്ങളെ മതപരമായി വിഭജിക്കുന്ന തെറ്റായ നിയമത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്നതും പ്രക്ഷോഭം നടത്തുന്നതും ഇടതുപക്ഷവും കേരളത്തിലെ എൽഡിഎഫ് സർക്കാരുമാണ്. അതിൽ നിന്നും ഒരിഞ്ച് പിന്നോട്ടുപോകില്ല. എൽഡിഎഫ് നേതൃത്വം നൽകുന്ന കേരള സർക്കാർ ഈ പോരാട്ടത്തിന്റെ മുൻനിരയിൽ തന്നെ ഉണ്ടാകും. എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരും എന്നുള്ള ഉറപ്പ് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. മുട്ട് മടക്കുകയില്ല, നിശബ്ദരാകുകയുമില്ല- മുഖ്യമന്ത്രി വ്യക്തമാക്കി. 

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയാണ് രാജ്യത്ത് ആദ്യം പ്രമേയം പാസാക്കിയത്. 2019 ഡിസംബറിലായിരുന്നു ഇത്. അതോടൊപ്പം തന്നെ പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകുന്ന ആദ്യ സംസ്ഥാനവും നമ്മുടെതാെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:The Cit­i­zen­ship Amend­ment Act is part of an anti-peo­ple com­mu­nal agen­da; CM will not imple­ment in Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.