സംസ്ഥാനത്തിന്റെ റോഡ് വികസനത്തില്‍ പുതിയ ദിശയേകാനൊരുങ്ങി തീരദേശ ഹൈവേ, മലയോര ഹൈവേ പദ്ധതികള്‍ മുന്നോട്ട്. 623 കിലോമീറ്റർ ദൂരത്തിൽ, 14 മീറ്റർ വീതിയോടെയാണ് തീരദേശ ഹൈവേ തയ്യാറാകുന്നത്. 6500 കോടി രൂപ കിഫ്ബി വഴി ചെലവഴിച്ച് അന്തർദേശീയ നിലവാരത്തിൽ സൈക്കിൾ പാതയോടു കൂടി തീരദേശ ഹൈവേ നിർമ്മിക്കുന്നത്. നിലവിലുളള ദേശീയപാതകളും സംസ്ഥാനപാതകളും തീരദേശ ഹൈവേയുടെ ഭാഗമാക്കിയും പുതിയ നിർമ്മാണങ്ങൾ നടത്തിയും മൂന്ന് ഘട്ടങ്ങളിലായാണ് തീരദേശ ഹൈവേ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലൂടെയാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്. തീരദേശ ഹൈവേ പദ്ധതിയുടെ ഡിപിആർ അവസാന ഘട്ടത്തിലാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ തീരദേശ ഹൈവേ നിർമ്മാണത്തിന് സാമ്പത്തികാനുമതി ലഭിച്ചുകഴിഞ്ഞു. മലപ്പുറം പടിഞ്ഞാറേക്കര പാലം മുതൽ ഉണ്യാൽ ജങ്ഷൻ വരെയുള്ള 15 കിലോമീറ്റർ ഹൈവേ നിർമ്മാണം പുരോഗമിക്കുകയാണ്. കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം എന്നീ പ്രധാന തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളെയും ബന്ധപ്പെടുത്തിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. പൊതുഗതാഗതത്തിനൊപ്പം തീരദേശ വികസനം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നീ കാര്യങ്ങൾ കൂടി ഉൾപ്പെടുന്നതാണ് പദ്ധതി.
സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു റോഡ് വികസന പദ്ധതിയായ മലയോര ഹൈവേയില്‍ 94 കിലോമീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1215 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന മലയോര ഹൈവേ പദ്ധതിക്ക് 3500 കോടി രൂപയാണ് ചെലവ് . നന്ദാരപ്പടവ്-ചേവാർ, ചെറുപുഴ‑വള്ളിത്തോട്, പുനലൂർ കെഎസ്ആർടിസി-ചല്ലി മുക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിൽ 93.69 കിലോമീറ്റർ മലയോര ഹൈവേ ഇതിനോടകം യാഥാർഥ്യമായിക്കഴിഞ്ഞു. പാതയുടെ വിശദ പദ്ധതിരേഖ തയാറായി. അതിൽ 652.64 കിലോമീറ്റർ പ്രവർത്തിക്ക് 2175.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സംരക്ഷണഭിത്തികൾ, കാൽനടയാത്രക്ക് ഇന്റർലോക്ക് ടൈൽ പാതകൾ, കോൺക്രീറ്റ് ഓടകൾ, കലുങ്കുകൾ, യൂട്ടിലിറ്റി ക്രോസ് ഡെക്ടറുകൾ എന്നിവ ഉൾപ്പെടുന്നതാണ് മലയോര ഹൈവേ പദ്ധതി. തിരക്കുകളിൽനിന്നും മാറി പച്ചപ്പാർന്ന വഴികളിലൂടെയുള്ള സുഗമയാത്രയാണ് മലയോര ഹൈവേ പദ്ധതിയിലൂടെ സാധ്യമാകുന്നത്. മലയോര നിവാസികളുടെ ഗതാഗത സൗകര്യം വർധിക്കുന്നതിനൊപ്പം മലയോരത്തിന്റെ സമ്പദ്ഘടനയിലും വിനോദസഞ്ചാരത്തിലും ഹൈവേ വികസനം ഗുണപരമായ വലിയ മാറ്റങ്ങളുണ്ടാക്കും.
English Summary: The coastal highway is being prepared to international standards
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.