19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 8, 2023
June 26, 2023
June 13, 2023
April 20, 2023
October 26, 2022
September 1, 2022
June 25, 2022
May 21, 2022
March 8, 2022

സാമൂഹിക അടുക്കളയെന്ന ലക്ഷ്യത്തിനായി സമൂഹത്തെ പ്രാപ്തമാക്കണം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Janayugom Webdesk
കോഴിക്കോട്
March 8, 2022 5:23 pm

സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുന്ന സാമൂഹിക അടുക്കള യാഥാർത്ഥ്യമാകാൻ പാകത്തിൽ സമൂഹത്തെ സ്ത്രീപക്ഷമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീസമൂഹം നേതൃത്വം നൽകണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സാമൂഹിക അടുക്കളകള്‍ നടപ്പിലാക്കിയാല്‍ സ്ത്രീകളെ വീടുകളില്‍ തളച്ചിടുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനം സംസ്ഥാനതല  ഉദ്ഘാടനം ടാഗോര്‍ സെന്റിനറി ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടിത വനിത പ്രസ്ഥാനമാണ് കുടുംബശ്രീ. 45.44 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായുള്ള കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിനായി മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ്. ദാരിദ്ര്യലഘൂകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറാനും കുടുംബശ്രീക്ക് സാധിച്ചു.

സ്ത്രീധനമുള്‍പ്പടെ നിരവധി കാര്യങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതിനെല്ലാമെതിരെ അതിശക്തമായി പ്രതികരിക്കാന്‍ കഴിയുന്ന പ്രസ്ഥാനം കുടുംബശ്രീ തന്നെയാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗത്തില്‍പെട്ട സ്ത്രീകളെയും ഉള്‍ക്കൊള്ളിച്ച് കരുത്തോടെ മുന്നോട്ട് പോവുന്ന പ്രസ്ഥാനം വേറെയില്ല. കുടുംബശ്രീ ഒരു ജനക്കൂട്ടമല്ല, മറിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള ഒരോ കടന്നാക്രമണത്തെയും പ്രതിരോധിക്കുന്നതിനുള്ള കൂട്ടായ്മയിലെ മുന്‍പന്തിയില്‍ നിന്ന് പൊരുതുന്നവരാണെന്ന് തെളിയിച്ചിട്ടുണ്ട്.
18 മുതല്‍ 40 വരെ പ്രായമുള്ള വനിതകളെ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പിന്റെ ഭാഗമാക്കി 20000ത്തോളം യൂണിറ്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷം സംരഭകരെ ഒരുവര്‍ഷം കൊണ്ട് കണ്ടെത്താന്‍ തൊഴില്‍ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പൊതുഭരണവകുപ്പും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 20000ത്തോളം വരുന്ന യൂണിറ്റുകളില്‍ നിന്ന് വനിതസംരഭകരെ കണ്ടെത്താന്‍ സാധിക്കും. ലക്ഷക്കണക്കിന് വനിതകള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനും സാധിക്കും. സ്വയംതൊഴില്‍ കണ്ടെത്താനും മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനും കുടുംബശ്രീ അംഗങ്ങള്‍ക്ക് സാധിക്കണം. കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ പ്രധാനപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കുടുംബശ്രീ വഹിക്കുന്ന പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.
സ്ത്രീപക്ഷ നവകേരളത്തിൻ്റെ ഭാഗമായുള്ള സ്ത്രീശക്തി സംസ്ഥാന കലാജാഥ ഉദ്ഘാടനവും ലഹരിവിരുദ്ധ പ്രചാരണപരിപാടിയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തീം സോങ് പ്രകാശനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന് വേണ്ടി കുടുംബശ്രീ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയും കോഴിക്കോട് കോര്‍പ്പറേഷനും എക്‌സൈസ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ‘വിവേചനങ്ങളെ തകര്‍ത്തു കൊണ്ട് സുസ്ഥിരമായ നാളേയ്ക്കായി ഇന്ന് ലിംഗപദവി തുല്യത കൈവരിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിന സന്ദേശം. ലഹരിവിരുദ്ധ ബോധവത്കരണ പ്രചാരണ വീഡിയോ പ്രകാശനം ജില്ലാകലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡിക്ക് നല്‍കി മന്ത്രി നിര്‍വ്വഹിച്ചു. ഓക്‌സിലറി ഗ്രൂപ്പ് ചര്‍ച്ചാ റിപ്പോര്‍ട്ട്, സര്‍വ്വേ റിപ്പോര്‍ട്ട് എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
പി.ടി.എ റഹീം എം.എല്‍.എ, കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ, ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ജി.പ്രദീപ്, കുടുംബശ്രീ  ഗവേണിംഗ് ബോഡി മെമ്പര്‍ കെ.കെ ലതിക, മലയാള നാടകകൃത്ത് കരിവള്ളൂര്‍ മുരളി, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Eng­lish Sum­ma­ry: The com­mu­ni­ty must be empow­ered for the goal of a com­mu­ni­ty kitchen: Min­is­ter MV Govin­dan Master

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.