2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024

നാണംകെട്ട ഫ്യുഡൽ വിഴുപ്പു ഭാണ്ഡങ്ങളെ ചുമക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരം;രഞ്ജിത്തിനെതിരെ സംവിധായകന്‍ ഡോ. ബിജു

Janayugom Webdesk
തിരുവനന്തപുരം
August 24, 2024 2:42 pm

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ അടിയന്തരമായി പുറത്താക്കണമെന്ന് സംവിധായകന്‍ ഡോ. ബിജു. ഈ നാണംകെട്ട ഫ്യുഡൽ വിഴുപ്പു ഭാണ്ഡങ്ങളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ചുമക്കേണ്ടി വരുന്ന കേരളത്തിന്റെ ഒരവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
“ചലച്ചിത്ര അക്കാദമി ചെയർമാന് എതിരെ നിരവധി ആരോപണങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി നിലവിലുണ്ട്.
ചലച്ചിത്ര അവാർഡിൽ ചിലർക്ക് അവാർഡ് കൊടുക്കാനും ചില സിനിമകൾക്ക് അവാർഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയർമാൻ നേരിട്ട് ജൂറിഅംഗങ്ങളെ സ്വാധീനിച്ചു എന്ന ഒരു പരാതി ഉണ്ടായിരുന്നല്ലോ. സംവിധായകൻ വിനയനും രണ്ടു ജൂറി അംഗങ്ങളും ഇത് തുറന്നു പറഞ്ഞിരുന്നു.
അതേപോലെ ഐഎഫ്എഫ്കെയിലെ സിനിമാ സെലക്ഷനുമായി ബന്ധപ്പെട്ടും സിനിമ കാണാതെ ആണ് സെലക്ഷൻ നടത്തുന്നത് എന്ന് ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി ഒട്ടേറെ സംവിധായകർ പരാതികൾ നൽകിയിരുന്നു.
ചലചിത്ര മേളയുടെ സമാപന ചടങ്ങിൽ പ്രേക്ഷകരെ നായകളോട് ഉപമിച്ചതും ഏറെ വിവാദം ആയിരുന്നു.
കഴിഞ്ഞ ഫിലിം ഫെസ്റ്റിവൽ വേളയിൽ ഞാൻ ഉൾപ്പെടെ ഉള്ള ചില സിനിമാ പ്രവർത്തകരെ പൊതു മാധ്യമത്തിൽ അധിക്ഷേപകരമായ പരാമർശം നടത്തിയതും ഇതേ ചെയർമാൻ ആണ്.
ചലചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ തന്നെ ചെയർമാനെ പുറത്താക്കണം എന്ന് പരസ്യമായി പ്രസ്താവന ഇറക്കിയതാണ്.
ഈ വിഷയങ്ങളിൽ ഒക്കെ അന്വേഷിക്കും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നൊക്കെ സാംസ്കാരിക മന്ത്രി പ്രസ്താവന ഇറക്കിയതല്ലാതെ ഒരു നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ല.
ഇപ്പോൾ ഇതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഒരു നടിയുടെ വെളിപ്പെടുത്തലും അക്കാദമി ചെയർമാന് എതിരെ ഉണ്ടായിരിക്കുന്നു. അല്പമെങ്കിലും ധാർമികത ബാക്കി ഉണ്ടെങ്കിൽ അക്കാദമി ചെയർമാനെ ഉടൻ പുറത്താക്കേണ്ടതാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ പറ്റി പരസ്യമായ ഒരു ലൈംഗിക ആരോപണം ഉയർന്നു വന്നത് നിസാരമായി കണക്കാക്കാൻ സാധിക്കില്ല. സാംസ്കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തിൽ ഒരു നിമിഷം പോലും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ ശ്രീ രഞ്ജിത്ത് അർഹനല്ല.
ഇനി ഇത് പറയാനുള്ള എന്റെ റെലവൻസ് എന്താണ് എന്ന് രഞ്ജിത്തിന് സംശയമുണ്ടെങ്കിൽ ആ സംശയം ദൂരീകരിക്കാൻ ഞാൻ ഒരു നീണ്ട കുറിപ്പ് മുൻപ് എഴുതിയിരുന്നു. അതൊന്നും ഞാൻ ആവർത്തിക്കുന്നില്ല. ഇപ്പോൾ ഒരു റെലവൻസ് മാത്രം പറയാം. എന്റെ കൂടി നികുതി പണം ഉപയോഗിച്ചുള്ള തുക ആണ് നിങ്ങൾ ശമ്പളം ആയി വാങ്ങുന്നത്, നിങ്ങളുടെ കാറിനു നൽകുന്നത്, നിങ്ങളുടെ വീട്ടു വാടക നൽകുന്നത്. സ്റ്റേറ്റിലെ നികുതി കൊടുക്കുന്ന ഒരു പൗരൻ എന്ന റെലവൻസ് ഉപയോഗിച്ച് പറയുകയാണ്. ഈ ആരോപണത്തിന്റെ വെളിച്ചത്തിൽ അല്പമെങ്കിലും ധാർമികത ഉണ്ടെങ്കിൽ സർക്കാർ അക്കാദമി ചെയർമാനെ അടിയന്തിരമായി പുറത്താക്കണം. ചെയർമാന് എതിരായ വിവിധ ആരോപണങ്ങളിൽ സർക്കാർ ഇതുവരെ പുലർത്തിയ നിശബ്ദത, ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ഒളിച്ചുകളി എന്നിവ പരിഗണിക്കുമ്പോൾ. അക്കാദമി ചെയർമാൻ സ്വയം രാജി വയ്ക്കാനോ പുറത്താക്കാനോ ഉള്ള സാധ്യത ഉണ്ടാകില്ല എന്നും അറിയാം. എങ്കിലും ഈ നാണംകെട്ട ഫ്യുഡൽ വിഴുപ്പു ഭാണ്ഡങ്ങളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ചുമക്കേണ്ടി വരുന്ന കേരളത്തിന്റെ ഒരവസ്ഥ പരിതാപകരം എന്ന് പറയാതെ വയ്യ.”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.