18 February 2026, Wednesday

മൊഹല്ല ക്ലിനിക്കുകളുടെ സ്ഥിതി അതീവ ദയനീയം

എഎപിക്കെതിരെ സിഎജി റിപ്പോര്‍ട്ട്
Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2025 11:32 pm

മുന്‍ എഎപി സര്‍ക്കാര്‍ സ്ഥാപിച്ച മൊഹല്ല ക്ലിനിക്കുകളുടെ സ്ഥിതി അതീവ ദയനീയമെന്ന് ചൂണ്ടിക്കാട്ടി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. വെള്ളിയാഴ്ച കൂടുന്ന നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമർപ്പിക്കും. മതിയായ ഉപകരണങ്ങളോ ആരോഗ്യ പ്രവര്‍ത്തകരോ മൊഹല്ല ക്ലിനിക്കുകളില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 27 ആശുപത്രികളില്‍ 14 എണ്ണത്തിലും ഐസിയു സേവനമില്ല, ഇതില്‍ 16 എണ്ണത്തിലും രക്ത ബാങ്കുകളില്ല. ഇതുകൂടാതെ എട്ട് ആശുപത്രികളില്‍ ഓക്സിജന്‍ വിതരണം നിലച്ചു. 15 ആശുപത്രികളില്‍ മോര്‍ച്ചറി സംവിധാനവുമില്ല. ആംബുലന്‍സ് സേവനമില്ലാതെയാണ് 12 ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് കാലത്ത് അടിയന്തര ഫണ്ടായി അനുവദിച്ച 787.91 കോടിയില്‍ 582.84 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുവദിച്ച 30.52 കോടി വിനിയോഗിച്ചിട്ടില്ല. 32,000 പുതിയ ആശുപത്രി കിടക്കകള്‍ക്ക് അനുമതി നല്‍കിയെങ്കിലും 1,357 കിടക്കകള്‍ മാത്രമാണ് നല്‍കിയത്. പല ആശുപത്രികളിലും ശസ്ത്രക്രിയയ്ക്കായി രോഗികൾ 2–3 മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. പ്ലാസ്റ്റിക് സര്‍ജറികള്‍ക്കായി 6–8 മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.