മുണ്ടക്കൈ — ചൂരല്‍മല ദുരന്തബാധിത മേഖലയിലെ അതിജീവിതര്‍ക്കായി കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പ് ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൗണ്‍പ്പില്‍ നിര്‍മിക്കുന്ന മാതൃകാ വീട്, പൊതു റോഡ്, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, മാതൃകാ ആശുപത്രി എന്നിവയുടെ പ്രവൃത്തി ഇന്ന് ആരംഭിക്കും.
ടൗണ്‍ഷിപ്പിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയാകുന്നതോടെ നാല് ക്ലസ്റ്ററുകളില്‍ നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണവും ആരംഭിക്കും. ജില്ലയില്‍ മെയ് — ജൂണ്‍ മാസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പ്രാഥമിക പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതിനകം അടിക്കാട് വെട്ടിമാറ്റുന്ന പ്രവൃത്തികള്‍ ഏകദേശം പൂര്‍ത്തിയായി. സ്ഥലം സര്‍വ്വേയും പൂര്‍ത്തീകരിച്ചു. ടൗണ്‍ഷിപ്പിലേക്ക് നിര്‍മാണ സാമഗ്രികളുമായി വാഹനങ്ങള്‍ എത്തിക്കുന്നതിന് റോഡ് ഒരുക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. റോഡിനായുള്ള പ്രവൃത്തികള്‍ തുടങ്ങിക്കഴിഞ്ഞു.
നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ഉദ്യോഗസ്ഥരും തൊഴിലാളികളും സ്ഥലത്തെത്തി. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായാല്‍ ടൗണ്‍ഷിപ്പ് ഒരുക്കുന്നതിനുള്ള കൂടുതല്‍ തൊഴിലാളികള്‍ വരും ദിവസത്തില്‍ എത്തിയേക്കും. അതേ സമയം നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ പ്രതിഷേധം തുടരുകയാണ്. തൊഴിലാളികളുടെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം ഇനിയും ആയിട്ടല്ല. ശമ്പള കുടിശ്ശികയും മറ്റ് ആന്കൂല്ല്യങ്ങളും ലഭിക്കാനുണ്ട്. സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് വിഷു ദിനത്തില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ എസ്റ്റേറ്റില്‍ പട്ടിണി സമരം നടത്തിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം ആകുന്നതുവരെ സമര രംഗത്ത് തുടരാനാണ് എല്‍സ്റ്റണ്‍ തൊഴിലാളികളുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.