19 January 2026, Monday

Related news

January 1, 2026
December 7, 2025
December 7, 2025
November 29, 2025
November 21, 2025
November 21, 2025
November 19, 2025
November 14, 2025
November 5, 2025
November 5, 2025

കഫ് സിറപ്പ് ദുരന്തം; 24 കുട്ടികളുടെ മരണം സുരക്ഷാ വീഴ്ചമൂലം

Janayugom Webdesk
ന്യൂഡൽഹി
November 21, 2025 8:45 pm

മധ്യപ്രദേശിലും രാജസ്ഥാനിലുമായി കഫ് സിറപ്പ് കഴിച്ച് 24 കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് പിന്നിൽ മരുന്ന് നിർമ്മാണത്തിലെയും മേൽനോട്ടത്തിലെയും ഗുരുതര വീഴ്ചകളെന്ന് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ ‘ശ്രീശൻ ഫാർമ’ നിർമ്മിച്ച ‘കോൾഡ്രിഫ്’ എന്ന കഫ് സിറപ്പിൽ മാരകമായ അളവിൽ വിഷാംശം അടങ്ങിയിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെയും തമിഴ്‌നാട്ടിലെ ആരോഗ്യ‑സുരക്ഷാ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ‘ഡൈഎത്തിലിൻ ഗ്ലൈക്കോൾ’ (ഡിഇജി) എന്ന വിഷവസ്തുവാണ് കഫ് സിറപ്പിൽ കലർന്നത്. കഫ് സിറപ്പ് നിർമ്മിക്കുന്നതിനായി ഉപയോഗിച്ച ലായകത്തിൽ ഡിഇജി കലർന്നതാണ് മരുന്ന് വിഷമയമാകാൻ കാരണം.
കഫ് സിറപ്പ് നിർമ്മിക്കുന്നതിനായി മാർച്ച് 25‑ന് പ്രാദേശിക കെമിക്കൽ വിതരണക്കാരായ ‘സൺറൈസ് ബയോടെക്കിൽ’ നിന്ന് 50 കിലോഗ്രാം പ്രൊപ്പിലിൻ ഗ്ലൈക്കോൾ ശ്രീശൻ ഫാർമ വാങ്ങിയിരുന്നു. ലിക്വിഡ് ഡിറ്റ‌ർജന്റുകളും സുഗന്ധദ്രവ്യങ്ങളും നിർമ്മിക്കുന്ന ‘ജിങ്കഷൽ അരോമ’ എന്ന ചെറിയ സ്ഥാപനത്തിൽ നിന്നാണ് സൺറൈസ് ഈ ലായകം ശേഖരിച്ചതെന്ന് തമിഴ്‌നാട് ഡ്രഗ്സ് കൺട്രോൾ വിഭാഗം ഒക്ടോബർ മൂന്നിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദക്ഷിണ കൊറിയൻ നിർമ്മാതാക്കളായ എസ്‌കെ പിക് ഗ്ലോബൽ കെമിക്കൽസിൽ നിന്നാണ് തങ്ങൾ പ്രൊപ്പിലിൻ ഗ്ലൈക്കോൾ വാങ്ങിയതെന്നാണ് ജിങ്കഷലും സൺറൈസ് അധികൃതരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. എന്നാൽ ഈ ശൃംഖലയിൽ എവിടെയോ വെച്ച് മാരകമായ ഡൈഎത്തിലിൻ ഗ്ലൈക്കോൾ ഇതിൽ കലരുകയായിരുന്നു.
ഈ മരുന്ന് കഴിച്ച 24 കുട്ടികളാണ് വൃക്കകളുടെ പ്രവർത്തനം നിലച്ച് മരണത്തിന് കീഴടങ്ങിയത്. ഇന്ത്യൻ ഔഷധ നിർമ്മാണ മേഖലയുടെ വിശ്വാസ്യതയ്ക്ക് ആഗോളതലത്തിൽ മങ്ങലേല്പിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. 2022‑ലും 2023‑ലും ആഫ്രിക്കയിലും മധ്യേഷ്യയിലുമായി 140-ലധികം കുട്ടികൾ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾ കഴിച്ച് മരിച്ചിരുന്നു. തുടർന്ന് പല രാജ്യങ്ങളും ഇന്ത്യൻ മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഔഷധ മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും പരിശോധനാ സംവിധാനങ്ങളിലെയും മേൽനോട്ടത്തിലെയും വലിയ പാളിച്ചകള്‍ തുടരുന്നുവെന്നാണ് കോൾഡ്രിഫ് ദുരന്തം വിരൽ ചൂണ്ടുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.