21 January 2026, Wednesday

രാജ്യം അപ്രഖ്യാപിത അപ്പാർത്തയ്ഡിന്റെ കരിനിഴലിൽ

Janayugom Webdesk
January 14, 2026 5:00 am

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തെയും മെഡിക്കൽ പ്രാക്ടീസിനെയും നിയന്ത്രിക്കുന്ന റെഗുലേറ്ററി സംവിധാനമായ നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ജമ്മു-കശ്മീരിലെ ശ്രീ മാതാ വൈഷ്ണോദേവി (എസ്എംവിഡി) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സെലൻസിന് നൽകിയിരുന്ന എംബിബിഎസ് പഠനാനുമതി പിൻവലിച്ചു. കോഴ്സ് നടത്താൻ ആവശ്യമായ നിയമാനുസൃത പരിശോധനകൾക്കുശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എൻഎംസി നൽകിയ അനുമതിയാണ് മൂന്നുമാസം പിന്നിടുമ്പോഴേക്കും പിൻവലിച്ചത്. മെഡിക്കൽ കോളജിൽ നീറ്റ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവേശനത്തിനെതിരെ ബിജെപി, സംഘ്പരിവാർ പിന്തുണയുള്ള എസ്എംവിഡി സംഘർഷ് സമിതി നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് എൻഎംസി യുടെ തിടുക്കപ്പെട്ടുള്ള നടപടി. നീറ്റ് റാങ്ക്പട്ടികയിലെ മുൻഗണനാക്രമം അനുസരിച്ച് പ്രവേശനം ലഭിച്ച 50 വിദ്യാർത്ഥികളിൽ 47 പേർ മുസ്ലിങ്ങളും രണ്ടുപേർ സിഖ്മതസ്ഥരും ആയിരുന്നു. ഹിന്ദു മതസ്ഥനായ ഒരു വിദ്യാർത്ഥിക്ക് മാത്രമാണ് പ്രവേശനം ലഭിച്ചിരുന്നത്. തികച്ചും സുതാര്യവും നിയമാനുസൃതവുമായി നടന്ന പ്രവേശനമാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. എസ്എംവിഡി സർവകലാശാലയിൽ അഫിലിയേറ്റ്ചെയ്യപ്പെട്ടതാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സെലൻസ്. 1999ൽ ജമ്മു-കശ്മീർ നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലയും അഫിലിയേറ്റഡ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. എസ്എംവിഡി സർവകലാശാല പൂർണമായും ഒരു സാങ്കേതിക, റസിഡൻഷ്യൽ സർവകലാശാലയാണ്. അത് പ്രവർത്തിക്കുന്നത് ജമ്മു-കശ്മീർ സർക്കാരിന്റെ സഹായധനത്താലാണ്. എസ്എംവിഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സെലൻസിന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുവരുന്ന തീർത്ഥാടകരിൽനിന്നും ലഭിക്കുന്ന കാണിക്കയിൽനിന്നും സംഭാവന ലഭിക്കുന്നുണ്ടെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചതിനെതിരെ ബജരംഗ്‌ദൾ ഉൾപ്പെടെ ഹിന്ദുത്വ സംഘടനകൾ പ്രക്ഷോഭ, പ്രചാരണ പരിപാടികൾ ആരംഭിച്ചത്. രാജ്യത്തെ മെഡിക്കൽ കോളജ് പ്രവേശനത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി ഹിന്ദു വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകണമെന്നും അല്ലാത്തപക്ഷം സ്ഥാപനംതന്നെ അടച്ചുപൂട്ടണമെന്നുമുള്ള ആവശ്യമാണ് ഹിന്ദുത്വവാദികൾ ഉന്നയിച്ചുപോന്നിരുന്നത്. അതിന്റെ അനന്തരഫലമാണ് പ്രവർത്തനാനുമതി നിഷേധിച്ചുകൊണ്ടുള്ള എൻഎംസിയുടെ തീരുമാനം. 

ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ ബിജെപിയുടെ നേതൃത്വത്തിൽ തീവ്ര ഹിന്ദുത്വവാദികൾ അധികാരം കയ്യാളിയതോടെ ശക്തിയാർജ്ജിച്ച മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമായി മാത്ര മേ എസ്എംവിഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സെലൻസിന്റെ അംഗീകാരം പിൻവലിച്ച നടപടിയെ കാണാനാവൂ. രാജ്യത്തിന്റെ ഭരണഘടനയെയും നിയമവ്യവസ്ഥകളെയും മറികടന്ന് ആൾക്കൂട്ടനീതി നടപ്പാക്കുന്ന ഒരു സമൂഹമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. മാംസാഹാരരീതി പിന്തുടരുന്ന മതന്യുനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ എന്നിവർക്കുനേരെ ആൾക്കൂട്ട അതിക്രമങ്ങൾ രാജ്യത്ത് നിത്യസംഭവമായിരിക്കുന്നു. വികസനത്തിന്റെ പേരിലും കുറ്റകൃത്യങ്ങൾ ആരോപിച്ചും മത ന്യുനപക്ഷങ്ങളുടെയും ദുർബല ജനവിഭാഗങ്ങളുടെയും ചെറ്റക്കുടിലുകളടക്കം വസതികളും വസ്തുവകകളും ‘ബുൾഡോസർ രാജിന്’ ഇരയാക്കുന്നത് സുപ്രീം കോടതി ഉത്തരവുകൾക്കുപോലും പുല്ലുവില കല്പിക്കാതെയാണ്. പതിനാറ് ലക്ഷത്തോളം ജനങ്ങൾ ഇത്തരത്തിൽ ബുൾഡോസർ രാജിന്റെ ഇരകളായി മാറിയിട്ടുണ്ടെന്ന് സ്വതന്ത്ര പഠനങ്ങൾ വിലയിരുത്തുന്നു. തന്റെ മതപരമായ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായി ഹിജാബ് ധരിച്ച് നിയമന ഉത്തരവ് സ്വീകരിക്കാനെത്തിയ ഒരു യുവ ഡോക്ടറോട് ബിഹാർ മുഖ്യമന്ത്രി കാട്ടിയ അതിക്രമം ഏതൊരു പരിഷ്കൃത സമൂഹത്തെയും അമ്പരപ്പിക്കുന്നതായിരുന്നു. മതനിരപേക്ഷമെന്ന് ഭരണഘടന നിഷ്കർഷിക്കുന്ന രാജ്യത്ത് മതത്തേക്കാളുപരി മതവിദ്വേഷം അധികാരം കയ്യാളാനും അത് നിലനിർത്താനുമുള്ള മാർഗവും ആയുധവുമായി മാറിയിരിക്കുന്നു. ഭരണഘടനയുടെയും ഭരണഘടനാശില്പികളുടെയും പേരിൽ നാഴികക്ക് നാല്പതുവട്ടം ആണയിടുന്നവർ ഭരണഘടനാസ്ഥാപനങ്ങളെയും രാഷ്ട്രീയ അധികാരവും ഉപയോഗിച്ച് ഭരണഘടനാ തത്വങ്ങളെയും മൂല്യങ്ങളെയും അട്ടിമറിക്കുകയാണ് ചെയ്യുന്നത്. 

അപ്പാർത്തയ്ഡ് അഥവാ വർണവിവേചനമെന്നത്, ചരിത്രപരമായി, ദക്ഷിണാഫ്രിക്കയിൽ കറുത്തവർക്കെതിരെ വെള്ളക്കാരുടെ ന്യൂനപക്ഷ ഭരണകൂടം നടപ്പാക്കിയ നിയമനിർമ്മാണത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെയും അടിച്ചമർത്തലിനെയുമാണ് നിർവചിക്കുന്നത്. ഇന്ന് ലോകമെങ്ങും വർണത്തിന്റെയോ വംശത്തിന്റെയോ ഭാഷയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ മറ്റുംപേരിൽ നിലനിൽക്കുന്ന എല്ലാത്തരം വിവേചനകളെയും അടിച്ചമർത്താലുകളെയും നിർവചിക്കാൻ സാർവത്രികമായും രാഷ്ട്രീയമായും ആ പദം ഉപയോഗിച്ചുവരുന്നു. ഇന്ത്യൻ ഭരണഘടന മേല്പറഞ്ഞ എല്ലാത്തരത്തിലുമുള്ള വിവേചനത്തെയും അടിച്ചമർത്തലുകളെയും നിരകകരിക്കുന്നു. പക്ഷെ തീവ്രഹിന്ദുത്വ ആശയങ്ങളാൽ നയിക്കപ്പെടുന്ന ബിജെപി ഭരണത്തിൽ രാജ്യത്ത് നിലനില്‍ക്കുന്നതും നിയമവാഴ്ചക്കുമേൽ അഴിഞ്ഞാടുന്നതും അപ്രഖ്യാപിത അപ്പാർത്തയ്ഡാണ്. ആ വിവേചന നയം ഭരണകൂട ഒത്താശയോടെ രൂപീകരിക്കുന്നതും നടപ്പാക്കുന്നതും മതവിദ്വേഷം ആവേശിച്ച ആൾക്കൂട്ടങ്ങളാണ്. ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത നിയമവിധേയ സമൂഹത്തിൽനിന്നും ആൾക്കൂട്ടനീതിയുടെ പ്രാകൃതത്വത്തിലേക്ക് കൂപ്പുകുത്തുന്ന ദുരവസ്ഥയാണ് ജമ്മു-കശ്മീരിൽനിന്നുമുള്ള വാർത്ത നൽകുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.