ഗുരുതരമല്ലാത്ത കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടും വിചാരണ കോടതികൾ ജാമ്യാപേക്ഷ നിഷേധിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു ജനാധിപത്യ രാജ്യം ‘പൊലീസ് രാഷ്‌ട്രം’ പോലെ പ്രവർത്തിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. നിയമ നിർവഹണ ഏജൻസികൾ ആവശ്യമില്ലാതെ വ്യക്തികളെ തടങ്കലിൽ വയ്ക്കാൻ ഏകപക്ഷീയമായ അധികാരങ്ങൾ ഉപയോഗിക്കുന്നുവെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, ചെറിയ കേസുകളിലെ ജാമ്യാപേക്ഷകൾ ഹൈക്കോടതികളിൽ വളരെ അപൂർവമായി മാത്രമേ എത്തിയിരുന്നുള്ളൂ. ഇന്ന് വിചാരണ കോടതിയില്‍ തീർപ്പാക്കേണ്ട കേസുകളില്‍പ്പോലും സുപ്രീം കോടതി ജാമ്യാപേക്ഷകൾ തീർപ്പാക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് അഭയ് എസ് ഓക നിരീക്ഷിച്ചു.
ചെറിയ നിയമലംഘനങ്ങളുടെ കേസുകളിൽ ജാമ്യം അനുവദിക്കുന്നതിൽ വിചാരണ കോടതികളും ഹൈക്കോടതികളും കൂടുതൽ ഉദാരമായ നിലപാട് സ്വീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. രണ്ട് വർഷത്തിലേറെയായി വഞ്ചനാ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടും, വിചാരണ കോടതിയും ഗുജറാത്ത് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതാദ്യമായല്ല സുപ്രീം കോടതി ഈ വിഷയം ചൂണ്ടിക്കാണിക്കുന്നത്. ചെറിയ നിയമലംഘനങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ ജാമ്യം അനുവദിക്കുന്നതിൽ കൂടുതൽ സുതാര്യമായ സമീപനം സ്വീകരിക്കാൻ വിചാരണ കോടതികളോടും ഹൈക്കോടതികളോടും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി തടങ്കൽ ആവശ്യമില്ലാത്ത കേസുകളില്‍പ്പോലും കീഴ്‌ക്കോടതികൾ ജാമ്യം നിഷേധിക്കുന്നതിലും സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.