ഗാന്ധിനഗറിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിൽ യുവതിക്കും ഭർത്താവിനും എതിരെ കേസ്.
ആലപ്പുഴ സ്വദേശിയും എൻജിനീയറുമായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവൻ സ്വർണവും തട്ടിയെടുത്തു എന്ന പരാതിയിൽ അതിരമ്പുഴ സ്വദേശിനിയായ യുവതിക്കും ഭർത്താവിനും യുവതിയുടെ സുഹൃത്തായ തിരുവഞ്ചൂർ സ്വദേശിയായ യുവാവിനും എതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭർത്താവ് അർജുൻ, സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നിവരാണ് കേസിലെ പ്രതികൾ. പരാതിക്കാരൻ അമേരിക്ക ആസ്ഥാനമായ കമ്പനിയിൽ സോഫ്റ്റ്‌വേർ എൻജിനീയറാണ്. ഭാര്യ എം ജി യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന 2021 കാലത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
ഈ സമയത്ത് അയൽവാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയും അടുത്തിടപഴകിയ ശേഷം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് 2022 മുതൽ ഈ ചിത്രങ്ങൾ പരാതിക്കാരന്റെ ബന്ധുക്കൾക്കും മറ്റും അയച്ചുകൊടുക്കും എന്നു ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപ ധന്യയും ഭർത്താവ് അർജുനും ചേർന്ന് വാങ്ങിയെടുത്തു. ഇതിനിടെ പ്രതികളുടെ സുഹൃത്തായ മണർകാട് സ്വദേശി അലൻ തോമസ് പരാതിക്കാരനെ ഭീഷണിപ്പെടുത്തി തന്റെ അക്കൗണ്ടിലേക്കും പണം അയച്ചുവാങ്ങി. പരാതിക്കാരന്റെ കൈവശമുള്ള പണം മുഴുവൻ തട്ടിയെടുത്തശേഷം പ്രതികൾ ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ ബാങ്ക് ലോക്കർ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവൻ സ്വർണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. ഭീഷണി തുടർന്നപ്പോൾ പരാതിക്കാരൻ ഉന്നത പൊലീസ് അധികൃതരെ സമീപിക്കുകയായിരുന്നു. പ്രതികൾ മൂന്നുപേരും ഒളിവിലാണ്. ഇതേ പ്രതികൾ സമാനമായ തട്ടിപ്പു നടത്തി നിരവധി ആളുകളിൽനിന്നും പണം തട്ടിയതായി വിവരമുണ്ട്. കഴിഞ്ഞമാസം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പിആർഒയ്ക്കെതിരെ ഇതേ യുവതിയുടെ പരാതിയിൽ വിജിലൻസ് സംഘം കേസെടുത്തിരുന്നു. കൈക്കൂലിയായി ലൈംഗികബന്ധവും മദ്യവും ആവശ്യപ്പെട്ടതായി ആരോപിച്ചാണ് യുവതി പിആർഒക്കെതിരെ വിജിലൻസിനെ സമീപിച്ചത്. ഇതേ തുടർന്ന് വിജിലൻസ് സംഘം യുവതിയെ കാണാനെത്തിയ പിആർഒയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യുവതിക്കെതിരെ ഹണി ട്രാപ്പ് കേസ് പുറത്തുവന്നിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.