
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശക്തമായ പ്രതിഷേധം കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനെ അറിയിച്ചു. 3300 കോടി രൂപയുടെ വായ്പാ പരിധി കുറയ്ക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ സമീപകാല തീരുമാനം വയനാട് പ്രകൃതി ദുരന്തങ്ങൾക്കടക്കം പണം കണ്ടെത്തേണ്ട പ്രത്യേക സാഹചര്യത്തിൽ ഒട്ടും നീതികരിക്കാനാകുന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം മാതൃകാപരമായ സാമ്പത്തിക അച്ചടക്കം പ്രകടമാക്കുകയും സ്വന്തം വരുമാനത്തിന്റെ അറുപത്തിമൂന്ന് ശതമാനത്തിലധികം സൃഷ്ടിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
മാനുഷിക വികസന സൂചികയിൽ സംസ്ഥാനം ഏറെ മുന്നിലാണ്. എന്നിട്ടും കേന്ദ്ര നികുതികളുടെ വിഭജിക്കാവുന്ന നികുതി വിഹിതം 3.875 ശതമാനത്തിൽ നിന്നും 1.925 ശതമാനമായി കുറച്ചു. സംസ്ഥാനത്തിനുള്ള ജിഎസ്‍ടി നഷ്ടപരിഹാരവും നിർത്തിവച്ചു. കിഫ്ബി, കെഎസ്എസ്‍പിഎൽ പോലുള്ള ഏജൻസികളുടെ നിയമാനുസൃതമായ ക്ഷേമ വായ്പകൾ സംസ്ഥാന കടമായി കണക്കാക്കുന്ന നടപടിയും ശരിയല്ല എന്നും ഇത് സംസ്ഥാനത്തിന്റെ വികസന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന ഒന്നാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയപ്രേരിതമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നിട്ടും ഫെഡറലിസത്തിന്റെ അടിസ്ഥാന ശിലയായ സഹകരണ മനോഭാവം ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളം വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, ദാരിദ്ര്യ നിർമാർജനം എന്നിവയിൽ അസാധാരണമായ മുന്നേറ്റങ്ങൾ നടത്തി. ഈ സാഹചര്യത്തിൽ രാഷ്ട്രീയമായി പക്ഷപാതപരവും ശിക്ഷാർഹവുമായ ഈ സമീപനം ഉപേക്ഷിക്കണമെന്നും ബിനോയ് വിശ്വം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്നത് ദാനധർമമല്ല എന്നും ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ചു. വിവേചനപരമായ ഇത്തരം നടപടികൾ ഉടൻ പിൻവലിച്ച് സംസ്ഥാനവുമായുള്ള സാമ്പത്തിക ഇടപെടലിൽ നീതിപൂർവമായതും തെളിമയാർന്നതുമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ ശക്തിയായി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.