
പഴകിപ്പുളിച്ച വ്യാജ വാര്‍ത്താ ഭോജ്യങ്ങള്‍ വിളമ്പി എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന വലതുമാധ്യമങ്ങളെ നിരാശരാക്കി, ഒറ്റക്കെട്ടുതന്നെയെന്ന് വീണ്ടും വിളിച്ചോതി സിപിഐ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ഇനി ആലപ്പുഴയിലെ വിപ്ലവ മണ്ണില്‍ സെപ്റ്റംബർ എട്ട് മുതല്‍ 12 വരെ സംസ്ഥാന സമ്മേളനവും ചണ്ഡിഗഢില്‍ 21 മുതല്‍ 25 വരെ പാര്‍ട്ടി കോണ്‍ഗ്രസും. ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചതു മുതല്‍ നേരിയ തോതില്‍ ആരംഭിച്ച വ്യാജവാര്‍ത്താ പ്രവാഹം മണ്ഡലം സമ്മേളനങ്ങളോടെ കൂടുതല്‍ ശക്തിയാര്‍ജിക്കുകയും ജില്ലാ സമ്മേളനങ്ങളോടെ പ്രളയമാകുകയും ചെയ്തു. പക്ഷേ എല്ലാ വ്യാജവാര്‍ത്തകള്‍ക്കും ഒരേ വികാരമായിരുന്നു. വലതുപക്ഷ മാധ്യമങ്ങളുടെ ഇടതുവിരുദ്ധ വികാരം മാത്രം. അവിടെയവര്‍ക്ക് ബോധ്യങ്ങള്‍ വേണ്ടായിരുന്നു. വ്യാജങ്ങള്‍ മതിയായിരുന്നു. എന്നാല്‍ എല്ലാംതന്നെ പഴകിപ്പുളിച്ചവയും.
ഒമ്പത്വർഷമായി കേരളം ഭരിക്കുന്ന എൽഡിഎഫ് 2016ലാണ് അധികാരത്തിലെത്തിയത്. അതിനുശേഷം 2018, 2022 വര്‍ഷങ്ങളില്‍ സിപിഐ സമ്മേളനങ്ങള്‍ ചേരുകയുണ്ടായി. ഇത്തവണത്തേത് മൂന്നാം സംസ്ഥാന സമ്മേളനം. കഴിഞ്ഞ രണ്ട് സമ്മേളനവേളയിൽ നൽകിയ അതേ കാര്യങ്ങൾ വീണ്ടും വായിക്കേണ്ടിവരികയെന്നത് പഴകിപ്പുളിച്ച ഭക്ഷണം കഴിക്കുന്നതിന് തുല്യമാണ്. 2018ലെ മലപ്പുറം, 2022ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളനങ്ങൾ, അതിനു മുന്നോടിയായി നടന്ന ബ്രാഞ്ച് മുതൽ ജില്ലകൾ വരെയുള്ള ഘടക സമ്മേളനങ്ങൾ എന്നിവ സംബന്ധിച്ച വാർത്തകളുടെ പകർപ്പുകൾ എവിടെയെങ്കിലും സൂക്ഷിച്ചിട്ടിച്ചുള്ളവർ അതെടുത്ത് വായിച്ചാൽ ഇത്തവണത്തെ വാര്‍ത്തകളുടെ പഴകി നാറ്റം ബോധ്യപ്പെടും. കള്ളങ്ങള്‍ക്ക് അവയിൽ നിന്ന് ഏറെ വ്യാത്യാസമില്ലെന്ന് കണ്ടെത്താനുമാകും. രണ്ട് സമ്മേളന വാർത്തകളിൽ നിന്നുള്ള എടുത്തുപറയാവുന്ന ഇത്തവണത്തെ ഏക വ്യത്യാസം ചില പേരുകളില്‍ മാറ്റംവന്നിരിക്കുന്നു എന്നതുമാത്രമാണ്. ഒരു മാധ്യമത്തിന്റെ വിശ്വവിഖ്യാത ലേഖകനെഴുതിയത് അംഗസംഖ്യയോ സംഘടനാ സംവിധാനത്തിന്റെ കരുത്തോ അല്ല സിപിഐ മുഖമുദ്രയായി കരുതുന്നത് എന്നാണ്. ബ്രാഞ്ച് മുതൽ ദേശീയ ഘടകം വരെയുളള സമ്മേളനങ്ങൾ മൂന്നുവർഷത്തിലൊരിക്കൽ (കോവിഡ് കാരണം 2021ലേത് 2022ലേക്ക് മാറ്റിവയ്ക്കണ്ടിവന്നതൊഴിച്ചാൽ) ചിട്ടയായി നടത്തുകയും നേതൃത്വത്തെ വിമർശിക്കുകയും സ്വയം വിമർശനം നടത്തുകയും എല്ലാം കഴിഞ്ഞ് ഒരു മേയ്യായി പ്രവര്‍ത്തനം മുന്നോട്ടുപോകുകയും ചെയ്യുന്ന പ്രക്രിയ തന്നെ സംഘടനാ സംവിധാനത്തിന്റെ കരുത്താണ്. ഇത് കേരളത്തിൽ മാത്രമുള്ളതുമല്ല. എല്ലാ സംസ്ഥാനങ്ങളിലും ഈ സംഘടനാ സംവിധാനത്തിന്റെ കരുത്തിൽ ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി മറ്റ് ഘടക സമ്മേളനങ്ങൾ നടന്നുവരികയാണ്.
സംസ്ഥാന സമ്മേളനങ്ങളില്‍ നിന്ന് അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് സെപ്റ്റംബർ 21 ന് ചണ്ഡിഗഢിൽ ആരംഭിക്കുന്ന 25ാം പാർട്ടി കോൺഗ്രസിനെത്തുക. അങ്ങിനെ വ്യക്തമായ സംഘടനാ സംവിധാനമുള്ളതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനങ്ങൾക്ക് കൃത്യമായ എണ്ണം കണക്കാക്കാനാകുന്നത്. പിന്നെയുണ്ടായത് ജില്ലാ സമ്മേളനങ്ങളിലുയര്‍ന്നുവെന്ന് അവര്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ച വിമർശനങ്ങളാണ്. മുൻ സമ്മേളനകാലയളവിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ തലക്കെട്ടുകൾ ഓർത്തുനോക്കൂ. സംസ്ഥാന സർക്കാരിനും നേതൃത്വത്തിനുമെതിരെ സിപിഐ സമ്മേളനങ്ങളിൽ രൂക്ഷ വിമർശനം എന്ന തലക്കെട്ടില്ലാതെ ഒരു വാർത്തയും വന്നിട്ടില്ല. സിപിഐ കൂടി പങ്കാളികളായ ഒരു ഭരണത്തെ സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്ക് അഭിപ്രായം പറയാനുള്ള വേദിയാണ് സമ്മേളനങ്ങള്‍. മാധ്യമങ്ങളുടെ ഏതോ ഒരു ബ്യൂറോയിൽ നിന്ന് തയാറാക്കി നൽകുന്ന ഒരേ രീതിയിലുള്ളതിന് അപ്പുറമുള്ള വാർത്തകൾ എവിടെയും വന്നിട്ടില്ല. ജില്ലകളുടെയും അതിനുകീഴിലുള്ള മണ്ഡലങ്ങളുടെയും പേരുകൾ മാറ്റുകയെന്ന മാറ്റിയെഴുത്ത് മാത്രമേ അതാതിടങ്ങളിലെ ലേഖകർക്ക് നിർവഹിക്കാനുണ്ടായിരുന്നുള്ളൂ. ഓരോ ലേഖകന്റെയും ഭാവന കൂടി ചേരുന്നതനുസരിച്ച് ഭാഷയിലും പ്രയോഗങ്ങളിലും വ്യത്യാസമുണ്ടാകുമെന്നല്ലാതെ പുതിയതൊന്നും ഇത്തവണയും അവതരിപ്പിച്ചില്ല. പാർട്ടിയിൽ എന്തൊക്കെയോ സംഭവിക്കുമെന്നും പലരും എഴുതിപ്പിടിപ്പിക്കുവാന്‍ ശ്രമിച്ചു. കഴിഞ്ഞ കുറേ സമ്മേളന കാലയളവുകളിലും ഇതേരീതിയിലുള്ള കഥകളും കണക്കുകളും നല്‍കിയിരുന്നതാണ്. പൊട്ടിത്തെറിക്കും, ചിതറിപ്പോകുമെന്നൊക്കെ തലക്കെട്ടുകളിൽ വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയ മുൻ സമ്മേളനങ്ങളെല്ലാം വളരെ സുഗമമായി നടന്നതും സിപിഐ ഒറ്റക്കെട്ടാണെന്ന് തെളിയിച്ചതുമാണ്. അവിടെ മാറ്റിയാല്‍ ഇവിടെ തെറിക്കും, അയാളെ മാറ്റിയാല്‍ വോട്ടെടുപ്പുണ്ടാകും, സംസ്ഥാന നേതൃത്വത്തെ ഈ ജില്ലാ കൗൺസിൽ അംഗീകരിക്കുന്നില്ല, എന്തൊക്കെ വാര്‍ത്തകളായിരുന്നു. ഒന്നുമുണ്ടായില്ല. പാര്‍ട്ടി സംഘടനാ രീതിയനുസരിച്ച് നിശ്ചയിച്ച അജണ്ടകളെല്ലാം പൂര്‍ത്തിയാക്കി, കമ്മിറ്റികളെയും സെക്രട്ടറിമാരെയും തെരഞ്ഞെടുത്ത് സഖാക്കള്‍ പിരിഞ്ഞുപോയി. എങ്കിലും സംസ്ഥാനസമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും കഴിയുന്നതുവരെ ഈ വ്യാജ നിര്‍മ്മിതികള്‍ തുടരും. ഒന്നേ പറയാനുള്ളൂ, മാധ്യമ പ്രവർത്തകര്‍ തയാറാക്കുന്ന അജണ്ടയ്ക്കനുസരിച്ചല്ല സിപിഐ സമ്മേളനമെന്നും ഇത് മറ്റൊരു ജനുസിലുള്ള പാര്‍ട്ടിയാണെന്നും മനസിലാക്കാത്തതാണ് വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നതിന് പിന്നിലെ യഥാര്‍ത്ഥ പ്രശ്നം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.