23 December 2024, Monday
KSFE Galaxy Chits Banner 2

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള നിര്‍ണായക പോരാട്ടം

Janayugom Webdesk
March 27, 2024 5:00 am

കേരള നിയമസഭ പാസാക്കിയ നാല് ബില്ലുകൾക്ക് അനുമതിനൽകാതെ വച്ചുതാമസിപ്പിക്കുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽചെയ്ത നടപടി ഭരണഘടന വിഭാവനംചെയ്യുന്ന സഹകരണാത്മക ഫെഡറലിസം അതിന്റെ എല്ലാ അർത്ഥവ്യാപ്തിയോടും സ്വായത്തമാക്കാനുള്ള കേരളത്തിന്റെ പരിശ്രമത്തിന്റെ ഭാഗമാണ്. ഇന്ത്യൻ ഭരണഘടന യൂണിയന്റെയും സംസ്ഥാനങ്ങളുടെയും അവകാശാധികാരങ്ങൾ വ്യക്തമായി വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ യൂണിയൻ ഗവണ്മെന്റ് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്ന പ്രവണത കാലാകാലങ്ങളായി തുടർന്നുപോന്നിട്ടുണ്ട്. നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന ബിജെപിയുടെ സ്വേച്ഛാധിപത്യ ഭരണകൂടം സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിൽ സർവകാല റെക്കോഡ് ഭേദിച്ചാണ് മുന്നേറുന്നത്. അതിനെതിരായ ചെറുത്തുനില്പിന്റെയും പോരാട്ടത്തിന്റെയും ഭാഗമാണ് ഭരണഘടനാപരമായ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി പരമോന്നത കോടതിയെ സമീപിക്കാനുള്ള കേരളത്തിന്റെ തീരുമാനം. യൂണിയൻ ഗവണ്മെന്റിന്റെ ഭരണഘടനാവിരുദ്ധവും ഫെഡറൽ ജനാധിപത്യത്തിന് നിരക്കാത്തതുമായ സമീപനങ്ങൾക്ക് ഫലപ്രദമായ മറുപടി. ഭരണഘടന സംസ്ഥാനങ്ങൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങൾ നിലവിലുള്ള നീതിന്യായവ്യവസ്ഥയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തി കണക്കുപറഞ്ഞു നേടിയെടുക്കുകയാണ് കരണീയമാർഗമെന്ന് കേരളം അനുഭവംകൊണ്ട് തെളിയിക്കുകയുണ്ടായി. സംസ്ഥാനത്തിന് അർഹമായ വായ്പാസൗകര്യം നിഷേധിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞു. കേസ് പിൻവലിച്ച് കോടതിക്കുപുറത്ത് പരിഹാരം കാണാമെന്ന യൂണിയൻ ഗവണ്മെന്റിന്റെ നിർദേശം നിരാകരിച്ചത് അവരുടെയും കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫിന്റെയും വാദഗതികൾ തെറ്റാണെന്ന് അവരെയും ജനങ്ങളെയും ബോധ്യപ്പെടുത്താനുമുള്ള അവസരമാണ് ഒരുക്കിനല്‍കിയത്.

 


ഇതുകൂടി വായിക്കൂ: ജെഎൻയുവിലെ ചുവപ്പ്


കേന്ദ്ര‑സംസ്ഥാന ബന്ധങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ വിഭാവനം ചെയ്തിട്ടുള്ള ഗവർണർപദവി സംസ്ഥാനങ്ങൾക്ക് കൂച്ചുവിലങ്ങിടാനും ദ്രോഹിക്കാനുമുള്ള ഉപകരണമായി ബിജെപി ഭരണത്തിൽ മാറിയിരിക്കുന്നു എന്നത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ നേരിടുന്ന യാഥാർത്ഥ്യമാണ്. അതിന്റെ രൂക്ഷമായ പതിപ്പാണ് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന സംസ്ഥാന വിഷയമായി വ്യവസ്ഥ ചെയ്തിട്ടുള്ള കാര്യങ്ങളിൽ നടത്തിയ നിയമനിർമ്മാണങ്ങൾ അന്യായമായി തടഞ്ഞുവച്ചതിനെതിരെ കേരളം പരമോന്നത കോടതിയെ സമീപിച്ചപ്പോൾ ഏഴ് ബില്ലുകൾ മതിയായ കാരണം കൂടാതെ രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്ക്കുകയാണ് ഗവർണർ ഖാൻ ചെയ്തത്. അവയിൽ കേരളാ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബിൽ 2022ഉം മൂന്ന് യൂണിവേഴ്സിറ്റി (ഭേദഗതി) ബില്ലുകളുമാണ് രാഷ്ട്രപതി അനുമതി നൽകാതെ തടഞ്ഞുവച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണസ്തംഭനം സൃഷ്ടിക്കുകയെന്ന ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണ് രാഷ്ട്രപതിഭവന്റെ നടപടി. അതിനെതിരെയാണ് എൽഡിഎഫ് സർക്കാരിന്റെ അസാധാരണ നീക്കം. തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകൾ ഒരുതരത്തിലും ഭരണഘടനാവിരുദ്ധമോ കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയോ അല്ലെന്നിരിക്കെ അനുമതി നൽകാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനയ്ക്കും ഫെഡറൽ തത്വങ്ങൾക്കും നിരക്കാത്ത നടപടിയാണ്. യൂണിയൻ ഗവണ്മെന്റിന്റെ രാഷ്ട്രീയപ്രേരിതമായ ഈ നടപടിയെയാണ് കേരളം പരമോന്നത നീതിപീഠത്തിൽ ചേദ്യംചെയ്തിരിക്കുന്നത്. ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടെങ്കിലും അതിനുള്ള കാരണങ്ങൾ എന്തെന്ന് പറഞ്ഞിട്ടില്ല. അതും ഭരണഘടനാവിരുദ്ധമായ സമീപനമാണ്. ഈ ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധി കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളിലെ നിർണായക വഴിത്തിരിവായി മാറുമെന്നാണ് നിയമവൃത്തങ്ങൾ വിലയിരുത്തുന്നത്.
കേരളത്തിന്റെ മാത്രമല്ല, കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളിൽപോലും സംസ്ഥാനത്തെ പ്രതിപക്ഷമായ യുഡിഎഫും കോൺഗ്രസും തികച്ചും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചുപോരുന്നത്. അത് ഫലത്തിൽ ബിജെപിയുടെ ഫെഡറൽ ജനാധിപത്യവിരുദ്ധ നിലപാടുകൾക്ക് കേരളത്തിലെ കോൺഗ്രസ് നൽകുന്ന പിന്തുണയായി ജനങ്ങൾ വിലയിരുത്തിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. കേരളത്തിലെ ജനങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായ പ്രതിലോമ നിലപാടുകൾ സ്വീകരിക്കുന്ന കോൺഗ്രസിന്റെ സമീപനങ്ങൾ തികച്ചും തെറ്റാണെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിന് അർഹമായ വായ്പ നിഷേധിച്ച യൂണിയൻ ഗവണ്മെന്റിന്റെ നടപടി തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്ന സുപ്രീം കോടതിയുടെ വിലയിരുത്തൽ ബിജെപിക്ക് മാത്രമല്ല കേരളത്തിലെ കോൺഗ്രസിന്റെയും മുഖത്തേറ്റ പ്രഹരമാണ്. നെല്ല് സംഭരിച്ച ഇനത്തിൽ കേരളത്തിന് കിട്ടാനുള്ള കുടിശികയുടെ കാര്യത്തിലും സമാന തിരിച്ചടിയാണ് ബിജെപിക്കും കേരളത്തിലെ കോൺഗ്രസിനും ലഭിച്ചത്. ‘മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കണ്ടാൽ മതി‘യെന്ന അമ്മായിയമ്മയുടെ മനോഭാവമാണ് കോൺഗ്രസിന്റേത്. കേരളത്തിന്റെയും കേരളീയരുടെയും ഉത്തമതാല്പര്യങ്ങളെക്കാൾ എൽഡിഎഫിനോടുള്ള രാഷ്ട്രീയ വൈരമായിരിക്കുന്നു കേരളത്തിലെ കോൺഗ്രസിന്റെ മുഖമുദ്രയും അവർ നേരിടുന്ന രാഷ്ട്രീയ തിരസ്കാരത്തിന്റെ മുഖ്യകാരണവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.