
കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കസ്റ്റഡിയിൽ ഉള്ള അമ്മയുടെ സുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാറാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് മുന്നി ബീഗത്തേയും സുഹൃത്ത് തൻബീർ ആലത്തിനേയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നലെ വൈകീട്ട് ആറുമണിയോടെ കുഞ്ഞിനെ മുന്നി ബീഗം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടന്നെന്ന് പറഞ്ഞാണ് മുന്നി ബീഗം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു. കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് മുന്നി ബീഗത്തെയും സുഹൃത്തിനെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.