ഇടിച്ചിട്ട കാർ ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ച കുഞ്ഞുമോളുടെ വിയോഗം നാടിന് നൊമ്പരായി. തിരുവോണ ദിവസം വൈകിട്ട് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി തിരികെ ഇറങ്ങുമ്പോഴാണ് വടക്കൻ മൈനാഗപ്പള്ളി പഞ്ഞിപുല്ലം വിളവീട്ടിൽ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോൾ (47) അപകടത്തില്‍പ്പെടുന്നത്. വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ സഹോദരി ഫൗസിയായോടൊപ്പം സാധനം വാങ്ങി റോഡ് മുറിച്ചു കടക്കവെ അമിത വേഗതയിൽ എത്തിയ കാർ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയും സ്കൂട്ടർ ഓടിച്ച ഫൗസിയ റോഡരികിലേക്കും പിന്നിൽ ഇരുന്ന കുഞ്ഞുമോൾ കാറിന്റെ തൊട്ടു മുമ്പിൽ റോഡിലേക്കും വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ 30 മീറ്ററോളം ദൂരേക്കും തെറിച്ചു പോയി. സമീപത്തെ കടകളിൽ ഉണ്ടായിരുന്നവർ ഓടി എത്തി കാർ മുന്നോട്ട് എടുക്കരുതെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞങ്കിലും കാറിലുള്ളവർ ഇത് ചെവി കൊള്ളാതെ കാർ ആദ്യം പിറകോട്ട് എടുത്തശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റി ഇറക്കി അമിത വേഗതയിൽ മുന്നോട്ട് ഓടിച്ചു പോവുകയായിരുന്നു.
അമിത വേഗതയിൽ മുന്നോട്ട് പാഞ്ഞ കാർ 300 മീറ്റർ അകലെ മറ്റൊരു ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ചപ്പോൾ മതിലിൽ ഇടിച്ചങ്കിലും പിന്നെയും മുന്നോട്ട് പോയി മറ്റൊരു സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ടു. തുടർന്ന് കരുനാഗപ്പള്ളി ഭാഗത്ത് കാർ നിറുത്തിയിട്ട ശേഷം കാറിൽ ഉണ്ടായിരുന്ന യുവതിയും പുരുഷനും സമീപത്തെ വീട്ടിലേക്ക് ഓടി കയറി. പുരുഷൻ മതിൽ ചാടി രക്ഷപെട്ടു. യുവതിയെ പിന്നീട് നാട്ടുകാർ പൊലീസിന് കൈമാറുകയായിരുന്നു. കാർ ഓടിച്ചത് കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് അജ്മലും (29) ഒപ്പം ഉണ്ടായിരുന്നത് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ ശ്രീക്കുട്ടി (26)യാണന്നും തിരിച്ചറിഞ്ഞു. സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിന് പോയ ഇരുവരും അമിത മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ കുഞ്ഞുമോളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ഫൗസിയായെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞു മോളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചങ്കിലും ഞായറാഴ്ച രാത്രിയിൽ മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ച മൃതദേഹം കാണുന്നതിന് നിരവധി ആളുകൾ ഒഴുകിയെത്തി വൈകിട്ട് ആറോടെ വടക്കൻ മൈനാഗപ്പള്ളി മുസ്ലീം ജമാഅത്ത് പള്ളിയിൽ ഖബറടക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.