തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണം ഉരുക്കി ആർബിഐയിൽ നിക്ഷേപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. അഞ്ചുവർഷമാണ് നിക്ഷേപ കാലാവധിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വർണത്തിന്റെ വിലക്ക് ആനുപാതികമായി രണ്ടേകാൽ ശതമാനം പലിശ നിരക്കിൽ ഒരു വർഷം ആറുകോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. എസ്ബിഐയുടെ മുംബൈ ശാഖയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ദേവസ്വം ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന കാണിക്കയിൽ ഉൾപ്പെടുന്ന സ്വർണമാണ് ഇതിനായി ഉപയോഗിക്കുന്നത്. പൗരാണിക ആഭരണങ്ങൾ, ആട്ടവിശേഷത്തിന് ഉപയോഗിക്കുന്നവ, ദൈനംദിന ഉപയോഗത്തിനുള്ളവ എന്നിങ്ങനെ ആഭരണങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഇവ ഒഴികെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങളാണ് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുക. ഉരുക്കി കട്ടികളാക്കിയാണ് ബാങ്ക് സ്വീകരിക്കുന്നത്. നിക്ഷേപം എപ്പോൾ പിൻവലിച്ചാലും സ്വർണമായോ പണമായോ തിരികെ ലഭിക്കും. സ്വർണം കട്ടികളാക്കുന്നതിന് മുന്നോടിയായുള്ള ശുദ്ധീകരണം റിസർവ് ബാങ്കിന്റെ ഹരിയാനയിലെ മൈനിങ് കേന്ദ്രത്തില്‍ നടക്കും. വിവിധ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ തൂക്കം ഉറപ്പുവരുത്തുന്നതിന് ഹൈക്കോടതി നിർദേശപ്രകാരം ദേവസ്വം കമ്മിഷണർ, തിരുവാഭരണം കമ്മിഷണർ, വിജിലൻസ് എസ് പി, സ്റ്റേറ്റ് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്‌ടർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അനന്തഗോപന്‍ അറിയിച്ചു.
അംഗങ്ങളായ അഡ്വ. എസ് എസ് സജീവൻ, ജി സുന്ദരേശൻ, ദേവസ്വം കമ്മിഷണർ ബി എസ് പ്രകാശ്, സെക്രട്ടറി ജി ബൈജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
English Summary: The Devaswom Board will deposit 500 kg of gold in the temples in the Reserve Bank
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.