
കാലം ആവശ്യപ്പെടുന്ന ചില മാറ്റങ്ങളുണ്ടെന്നും അത്തരത്തില്‍ കേരളത്തിന്റെ വികസനത്തിലുണ്ടായ മാറ്റങ്ങളെല്ലാം സാധ്യമായത് ബജറ്റിന് പുറത്തുനിന്നുള്ള ധനസമാഹരണ ഏജൻസിയായ കിഫ്ബി വഴിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയുടെ രജതജൂബിലിയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലായ്പ്പോഴും കാലം ആവശ്യപ്പെടുന്ന ചില മാറ്റങ്ങളുണ്ട്. അതിനനുസരിച്ച് നമ്മൾ മാറിയില്ലെങ്കിൽ കാലം നമ്മളെ കാത്തുനിൽക്കില്ല. മാത്രമല്ല, ഭാവിതലമുറ നമ്മളെ കുറ്റപ്പെടുത്തും. ഭാവി തലമുറയ്ക്ക് കുറ്റപ്പെടുത്താനാവാത്ത വിധത്തിലുള്ള പുരോഗതിയും വികസനവുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതിനെല്ലാം പണം കണ്ടെത്തിയത് കിഫ്ബിയിലൂടെയാണ്. സർക്കാരുകള്‍ നാടിന്റെ വികസനത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. തടസങ്ങളുണ്ടായാല്‍ എല്ലാം നിർത്തിവയ്ക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള മോഡൽ എന്ന് പരക്കെ വിശേഷിപ്പിച്ച നേട്ടങ്ങളിൽ ഒരു ഘട്ടത്തില്‍ സ്തംഭനാവസ്ഥയുണ്ടായിരുന്നു. ഈ പോരായ്മ കിഫ്ബിയിലൂടെയാണ് മറികടന്നത്. പരിമിതമായ സാമ്പത്തിക ശേഷിയായിരുന്നു കേരള മോഡലിലെ സ്തംഭനാവസ്ഥയ്ക്ക് കാരണം. ഏതൊരു സർക്കാരിനും പദ്ധതി ഏറ്റെടുക്കാനും നടപ്പാക്കാനും കഴിയുന്നത് ബജറ്റ് മുഖേനയാണ്. ഇതിന് ആവശ്യമായ വിഭവങ്ങള്‍ വേണം. ആവശ്യങ്ങൾ വലുതായിരുന്നുവെങ്കിലും ഇവയുടെ വക്കിൽ തൊടാൻ പോലും പറ്റാത്ത പദ്ധതികളാണ് സർക്കാരുകൾ അവതരിപ്പിച്ച് പോന്നിരുന്നത്. കാലാനുസൃതമായ പദ്ധതികളില്ലെങ്കിൽ പിന്തള്ളപ്പെടും. പിന്നെ ഉയർന്നുവരാൻ വലിയ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് വേർതിരിവുകളില്ലാതെ എല്ലാ മേഖലയിലും വികസനം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. ഇന്ന് നവകേരള നിർമ്മിതിയിലെ ഏറ്റവും വലിയ പങ്കാളിയാണ് കിഫ്ബി. ഒരു കാലത്തും സംഭവിക്കില്ലെന്ന് കരുതിയ കാര്യങ്ങളാണ് കിഫ്ബിയിലൂടെ യാഥാർത്ഥ്യമായതെന്നും ജനങ്ങളുടെ മനസ് കുളിരും വിധമുള്ള വികസനമാണ് ഇക്കാലയളവിൽ നടന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അറിയാനാകണമെന്നതും എല്ലാ പ്രദേശങ്ങൾക്കും വികസനത്തിന്റെ സ്പർശം അനുഭവിക്കാനാകണമെന്നതുമാണ് സര്‍ക്കാരിന്റെ നിലപാട്. വികസനകാര്യങ്ങളിൽ പിന്നോട്ട് പോകാനാകില്ലെന്നും എല്ലാവരെയും ചേർത്ത് പിടിച്ച് ഇനിയും മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ്ബിയെ ആക്രമിക്കാനും തകർക്കാനും ശ്രമങ്ങളുണ്ടായെന്നും അതെല്ലാം അതിജീവിച്ചാണ് വികസന കാര്യങ്ങളിൽ കേരളത്തിന്റെ നട്ടെല്ലായി കിഫ്ബി മാറിയതെന്നും ചടങ്ങില്‍ അധ്യക്ഷനായ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നതടക്കമുള്ള ആക്ഷേപങ്ങളാണ് ചിലർ ഉന്നയിച്ചത്. കിഫ്ബിയുടെ ആശയം വളരെ വലുതൊന്നുമല്ല. സാധാരണ വീടുകളിൽ ചെയ്യുന്നതാണ്. കിട്ടുന്ന വരുമാനം ദീർഘകാലം കൊണ്ട് തിരിച്ചടയ്ക്കാം എന്ന വിശ്വാസത്തിൽ ബാങ്കിൽ നിന്ന് ദീർഘകാല വായ്പയെടുത്ത് വീട് വയ്ക്കുന്നത് പോലെയോ വാഹനം വാങ്ങുന്നത് പോലെയോ ആണിത്. എന്നാൽ ഇക്കാര്യം ഒരു സർക്കാർ ചെയ്യുമ്പോൾ മാത്രമാണ് പ്രശ്നമാകുന്നത്. ആകെ ചെലവഴിച്ചതിന്റെ നാലിൽ ഒന്ന് 2016ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. നാലിൽ മൂന്നും ഈ സര്‍ക്കാരിന്റെ കാലത്തും. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇനിയും കൂടുതൽ ചെലവഴിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, ചീഫ് വിപ്പ് എൻ ജയരാജ്, വി കെ പ്രശാന്ത് എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, കിഫ്ബി സിഇഒ കെ എം എബ്രഹാം, അഡീഷണൽ സിഇഒ മിനി ആന്റണി, എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ പി പുരുഷോത്തമൻ എന്നിവർ സംബന്ധിച്ചു. രജത ജൂബിലി വീഡിയോ, രജത ജൂബിലി സ്മരണിക, കിഫ്ബി മലയാളം മാസിക, കിഫ്ബിയെ കുറിച്ചുള്ള പൂര്‍ണവിവരങ്ങളടങ്ങിയ ബോട്ട് സോഫ്റ്റ്‌വേർ ലോഞ്ചിങ്, ‘കിഫ്ബിവേഴ്സ്’ എന്നിവയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.