
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് ആറ് വന്‍ വ്യാവസായിക ദുരന്തങ്ങള്‍. തൊഴിലിടങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കുകയെന്നത് രാജ്യത്തെ കേന്ദ്ര തൊഴിലാളി യൂണിയനുകള്‍ ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്കില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ്. ഏറ്റവുമൊടുവിലെ ദുരന്തം ജൂണ്‍ 30ന് തെലങ്കാനയിലെ സിഗാച്ചി രാസ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 44 തൊഴിലാളികള്‍ വെന്തുമരിച്ചതായിരുന്നു. തൊഴില്‍ ശാലകളിലെ സുരക്ഷിതത്വം, കമ്പനി ഉടമയുടെ ഉത്തരവാദിത്തമില്ലായ്മ, പ്രതിസന്ധി ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച എന്നിവയുടെ ദയനീയ ചിത്രമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. വിവാദ ലേബര്‍ കോഡിലെ ഉടമ അനുകൂല വ്യവസ്ഥകളുടെ ഫലം ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയാക്കുമെന്ന് കേന്ദ്ര തൊഴിലാളി യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. സിഗാച്ചി ഫാക്ടറി സ്ഫോടനം 1984 ഭോപ്പാല്‍ വാതക ദുരന്തത്തിന് സമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2020 മുതല്‍ 25 വരെയുള്ള ആറ് വ്യാവസായിക ദുരന്തങ്ങളില്‍ ആദ്യത്തേത് ആന്ധ്രാപ്രദേശില്‍ 2020 മേയില്‍ സംഭവിച്ച വിശാഖപട്ടണം വാതകച്ചോര്‍ച്ചയാണ്. മേയ് 27ന് എല്‍ജി പോളിമേഴ്സ് പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 12 തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 1,000ത്തോളം പേരെ ഗുരുതര രോഗത്തിന് അടിമകളായി. 2021 ജനുവരി 21 ന് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് തൊഴിലാളികളാണ് ഇരകളായത്. കോവിഡ് വാക്സിന്‍ നിര്‍മ്മാണ സമയത്ത് വെല്‍ഡിങ്ങിനിടെ തീപ്പൊരി പടര്‍ന്നാണ് തീപിടിത്തമുണ്ടായത്. സ്ഫോടനം വാക്സിന്‍ നിര്‍മ്മാണത്തിന് തടസം സൃഷ്ടിച്ചില്ലെങ്കിലും ഫയര്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിലെ വീഴ്ച മറനീക്കി പുറത്തുവന്നു.
2022ല്‍ വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക വ്യാപാര സമുച്ചയ തീപിടിത്തമാണ് മറ്റൊരു ഭീകരമായ ദുരന്തം. ഇവിടെ 27 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇടുങ്ങിയ വഴിയും തൊഴിലിടങ്ങളിലെ അഗ്നിശമന ഉപകരണങ്ങളുടെ അഭാവവുമാണ് മരണസംഖ്യ ഉയരാന്‍ ഇടവരുത്തിയത്. 2023ല്‍ ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയിലെ സുഗന്ധ നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗ്യാസ് ചോര്‍ച്ചയാണ് ദുരന്തത്തിന് കാരണമായത്. 2024ല്‍ മഹാരാഷ്ട്രയിലെ ഡോംബില്ലിയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് തൊഴിലാളികള്‍ വെന്തുമരിക്കുകയും 60 പേര്‍ക്ക് മാരകമായി പൊള്ളലേല്‍ക്കുകയും ചെയ്തു. കാലാവധി കഴിഞ്ഞ ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ബോയിലറിന്റെ ശോച്യാവസ്ഥ കമ്പനി അധികൃതര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. സിഗാച്ചി കെമിക്കല്‍ ഫാക്ടറി സ്ഫോടനത്തില്‍ വില്ലനായത് പഴഞ്ചന്‍ ഉപകരണങ്ങളും കാലാവധി കഴിഞ്ഞ യന്ത്രങ്ങളുമാണ്. തൊഴിലാളി സുരക്ഷ പാടെ വിസ്മരിച്ച് കുത്തക മുതലാളിമാര്‍ക്ക് ലാഭം കൊയ്യാന്‍ മാത്രം അവസരം നല്‍കുന്ന മോഡി ഭരണത്തിന്റെ ദുഷിച്ച മുഖമാണ് ആവര്‍ത്തിക്കുന്ന വ്യാവസായിക ദുരന്തങ്ങള്‍ക്ക് പ്രധാന ഹേതുവെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.